X

പിതാമഹന്‍ അമീറിന്റെ നിര്യാണത്തില്‍ മന്ത്രിസഭ അനുശോചിച്ചു

ദോഹ: പിതാമഹന്‍ അമീര്‍ ശൈഖ ഖലീഫ ബിന്‍ ഹമദ് അല്‍താനിയുടെ നിര്യാണത്തില്‍ മന്ത്രിസഭായോഗം അനുശോചിച്ചു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ അല്‍താനിയുടെ അധ്യക്ഷതയില്‍ അമീരിദിവാനിലാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി, പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി, ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനി എന്നിവര്‍ക്കും ഖത്തരി ജനതയ്ക്കും മന്ത്രിസഭ അനുശോചനം അറിയിച്ചു. പിതാമഹന്‍ അമീറിന്റെ ആത്മാവിന് അല്ലാഹുവിന്റെ കാരുണ്യവും ശാന്തിയും ഉണ്ടാകട്ടെയെന്നും അദ്ദേഹത്തിന് സ്വര്‍ഗത്തില്‍ ഇരിപ്പടം നല്‍കട്ടെയെന്നും മന്ത്രിസഭായോഗം പ്രാര്‍ഥിച്ചു.

 

അതേസമയം പിതാമഹന്‍ അമീറിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിക്കാന്‍ ഇന്നലെയും നിരവധിപ്രമുഖര്‍ അല്‍ വജ്ബ പാലസിലെത്തി. ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ്, ബഹ്‌റൈന്‍ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, സഉദി അറേബ്യ ഡെപ്യൂട്ടി കിരീടാവകാശിയും സെക്കന്‍ഡ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ സഉദ്, പ്രിന്‍സ് മുഹമ്മദ് ബിന്‍ ഫഹദ് ബിന്‍ അബ്ദുല്‍അസീസ് അല്‍ സഉദ്, സഉദി അറേബ്യ കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ പ്രിന്‍സ് സഉദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍അസീസ് അല്‍ സഉദ്, ടുണീഷ്യന്‍ മുന്‍ പ്രസിഡണ്ട് മുഹമ്മദ് മുന്‍സെഫ് മര്‍സൂഖി, ലബനാന്‍ മുന്‍ പ്രസിഡണ്ട് ജനറല്‍ മിഷേല്‍ സ്്‌ലീമന്‍, ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ചെയര്‍മാന്‍ ഖാലിദ് മിഷ്അല്‍, ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ ഡെപ്യൂട്ടി ചെയര്‍മാന്‍ ഇസ്മാഈല്‍ ഹനിയ്യ,

 

സിറിയന്‍പ്രതിപക്ഷപാര്‍ട്ടികളുടെ ഹൈ നെഗോഷ്യേഷന്‍സ് കമ്മിറ്റി ജനറല്‍ കോര്‍ഡിനേറ്റര്‍ ഡോ. റിയാദ് ഹിജാബ്, ഒമാന്‍ പ്രതിരോധമന്ത്രി സയ്യിദ് ബാദര്‍ ബിന്‍ സഉദ് ബിന്‍ ഹാരിബ് അല്‍ ബുസൈദി, ഖത്തറിലേക്ക് ചുമതലപ്പെടുത്തപ്പെട്ട നയതന്ത്ര ഉദ്യോഗസ്ഥര്‍, നിരവധി ശൈഖുമാര്‍, വിശിഷ്ട വ്യക്തിത്വങ്ങള്‍, സ്വദേശികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇന്നലെ രാവിലെ അല്‍ വജ്ബ പാലസിലെത്തി അമീറിനെയും പിതാവ് അമീറിനെയും ഡെപ്യൂട്ടി അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് അല്‍താനിയെയും അനുശോചനം അറിയിച്ചു. പിതാമഹന്‍ അമീര്‍ ശൈഖ് ഖലീഫ ബിന്‍ ഹമദ് അല്‍താനിയുടെ നിര്യാണത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ടെലിഫോണില്‍ വിളിച്ചാണ് മോദി അനുശോചനം അറിയിച്ചത്. പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും അമീറിനെ ഫോണില്‍ വിളിച്ച് അനുശോചനം അറിയിച്ചു.

chandrika: