നിര്‍ദിഷ്ട കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിനെ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് നഖശിഖാന്തം എതിര്‍ത്ത ഇടതുസര്‍വീസ് സംഘടനകള്‍ക്ക് മൗനം. സി.പി.എം സംഘടനയായ കേരള സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷനില്‍ മുറുമുറുപ്പുണ്ടെങ്കിലും പിണറായി സര്‍ക്കാറിനെ പേടിച്ച് പ്രതിഷേധനത്തിനെന്നല്ല പ്രസ്താവനക്ക് പോലും മുതിരുന്നില്ല. അതേസമയം, സെക്രട്ടറിയേറ്റിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളായ കേരള സെക്രട്ടറിയേറ്റ് അസോസിയേഷനും കേരള ഫിനാന്‍സ് സെക്രട്ടേറിയറ്റ് അസോസിയേഷനും ഈ തീരുമാനത്തില്‍ പ്രതിഷേധിച്ച് അഞ്ചാം തിയതി സൂചനാ പണിമുടക്ക് നടത്തും. സി.പി.ഐ അനുകൂല സംഘടനയായ കേരള സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷനും പ്രതിഷേധത്തിലാണെങ്കിലും പ്രത്യക്ഷനടപടികള്‍ക്ക് തയാറായിട്ടില്ല.
കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ഇതേക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ എതിര്‍പ്പുമായി രംഗത്തുവന്നത് ഇടതു സര്‍വീസ് സംഘടനകളായിരുന്നു. ഇവരുടെ ആവശ്യത്തിന് അന്നത്തെ പ്രതിപക്ഷവും പിന്തുണ നല്‍കി. അന്ന് പ്രതിപക്ഷത്തായിരുന്നവര്‍ ഭരണത്തില്‍ കയറിയപ്പോള്‍ കെ.എ.എസ് നടപ്പാക്കാന്‍ തീരുമാനിച്ചതോടെ ഇടതു സര്‍വീസ് സംഘടനകളാണ് വെട്ടിലായത്. തങ്ങളുടെ സ്ഥാനക്കയറ്റത്തെ ബാധിക്കുമെന്നതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഈ വിഷയത്തില്‍ കടുത്ത എതിര്‍പ്പാണുള്ളത്. സെക്രട്ടേറിയറ്റിലെ വകുപ്പുകളെ കെ.എ.എസില്‍ ഉള്‍പ്പെടുത്തുന്നതിനെ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ തുടക്കം മുതല്‍ എതിര്‍ക്കുന്നുണ്ട്. സ്ഥാനക്കയറ്റ സാധ്യത അടയുമെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. ആദ്യം സെക്രട്ടേറിയറ്റ് ജീവനക്കാരെ ഇതില്‍നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പിന്നീട് സെക്രട്ടേറിയറ്റ് വകുപ്പുകളെയും ഉള്‍പ്പെടുത്തി അന്നത്തെ ചീഫ് സെക്രട്ടറി ഇ.കെ. ഭരത് ഭൂഷണ്‍ ഇതുസംബന്ധിച്ച് ഉത്തരവിറക്കി.
എന്നാല്‍, മുഖ്യമന്ത്രിയെ സെക്രട്ടേറിയറ്റില്‍ തടഞ്ഞതടക്കമുള്ള പ്രതിഷേധങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാര്‍ ഈ ഉത്തരവ് മരവിപ്പിച്ചു. താന്‍ വിരമിക്കുന്ന മാര്‍ച്ച് 31നു മുമ്പ് ഇതു നടപ്പാക്കണം എന്ന ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദിന്റെ വാശിയാണ് സര്‍ക്കാരിന്റെ എടുത്തുപിടിച്ച തീരുമാനത്തിന് പിന്നിലെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. സ്റ്റേറ്റ് സിവില്‍ സര്‍വീസ് വരുമ്പോള്‍ ജീവനക്കാരുടെ പ്രൊമോഷന്‍ സാദ്ധ്യതകള്‍ ഇല്ലാതായി അണ്ടര്‍ സെക്രട്ടറി തസ്തിക മുതല്‍ നേരിട്ട് നിയമനം നടക്കുമെന്നതാണ് എതിര്‍പ്പിന് കാരണം. ഇപ്പോള്‍ സെക്രട്ടേറിയറ്റ് അസിസ്റ്റന്റിന് പ്രൊമോഷനിലൂടെ ജോയിന്റ് സെക്രട്ടറി വരെ ആകാന്‍ കഴിയും. സെക്രട്ടേറിയറ്റിലേതടക്കം പ്രധാനവകുപ്പുകളിലെ രണ്ടാമത്തെ ഗസറ്റഡ് തസ്തികമുതല്‍ നേരിട്ട് നിയമനം നടത്തുന്നതിന് പ്രത്യേക കേഡര്‍ കൊണ്ടുവരികയാണ് കെ.എ.എസ് കൊണ്ട് ഉദ്ദേശിക്കുന്നത്.
ഇങ്ങനെ നിയമനം നടത്തുന്ന തസ്തികകളില്‍ കുറഞ്ഞത് എട്ടുവര്‍ഷം സേവനമനുഷ്ഠിച്ചാല്‍ ഐ.എ.എസ്. കേഡറിന് യോഗ്യത നേടും. ഇതോടെ ഐ.എ.എസിലേക്കുള്ള കുറുക്കു വഴിയായി കെ.എ.എസ് മാറുമെന്നത് ഉറപ്പാണ്. സ്റ്റേറ്റ് സിവില്‍ സര്‍വീസ് വരുന്നതോടെ കഷ്ടിച്ച് സെക്ഷന്‍ ഓഫീസറായോ അസിസ്റ്റന്റ് പോസ്റ്റില്‍ തന്നെയോ വിരമിക്കേണ്ടിവരും. പുതിയ നിയമം വരുമ്പോള്‍ ബിരുദമുള്ളയാള്‍ക്ക് നേരിട്ട് ടെസ്റ്റെഴുതി അണ്ടര്‍ സെക്രട്ടറിയാകാം. അതേ ബിരുദവും വര്‍ഷങ്ങളുടെ പരിചയവും ഉള്ളവരുടെ ഭാവി വെള്ളത്തിലാക്കിയിട്ട് അണ്ടര്‍ സെക്രട്ടറിമാരെ നേരിട്ട് നിയമിക്കുന്നത് പ്രായോഗികമല്ലെന്നു കണ്ട് കെ.എ.എസ് കഴിഞ്ഞ സര്‍ക്കാര്‍ മാറ്റിവച്ചതാണെന്ന് ജീവനക്കാര്‍ പറയുന്നു.