പാലക്കാട്ട് വന്‍ ലഹരിവേട്ട; 24 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി. അന്താരാഷ്ട്ര വിപണിയില്‍ 24 കോടി രൂപ വിലമതിക്കുന്ന 23 കിലോ ഹാഷിഷ് ഓയിലാണ് പിടികൂടിയത്്.
സ്‌റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ രണ്ടുമണിക്ക് പാലക്കാട് പൊള്ളാച്ചി റോഡില്‍ നോമ്പിക്കോട് നടത്തിയ വാഹനപരിശോധനയിലാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്. തമിഴ്‌നാട്ടില്‍ നിന്ന് വരുകയായിരുന്ന ആള്‍ട്ടോ കാറിന്റെ ഡോ ര്‍ പാനലുകളും, രഹസ്യ അറകളിലും സൂക്ഷിച്ച നിലയിലായിരുന്നു. ജില്ലയില്‍ പിടികൂടുന്ന രണ്ടാമത്തെ വലിയ ഹാഷിഷ് കടത്താണിത്.
കാറിലുണ്ടായിരുന്ന ഇടുക്കി പാറത്തോട് സ്വദേശി അനൂപ് ജോര്‍ജ്(35) എന്നയാളെ അറസ്റ്റുചെയ്തു. ഇടുക്കി രാജാക്കാട്, ഇരുമ്പകന്‍ചോല നിവാസികളായ മറ്റ് മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവര്‍ക്കായുള്ള അന്വേഷണം ശക്തമാക്കി. വിശാഖപട്ടണത്തില്‍ നിന്നും കിലോയ്ക്ക് ഒരുലക്ഷം രൂപ നിരക്കില്‍ വാങ്ങിയ കഞ്ചാവ് വിവിധ പ്രകിയകളിലൂടെ ഹാഷിഷ് ഓയിലാക്കി മാറ്റുകയായിരുന്നു.
ഇതിനു പിന്നില്‍ മറ്റുചിലരുണ്ടെന്നും ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സ്‌റ്റേറ്റ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ ചുമതലയുള്ള സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.അനികുമാര്‍, സ്‌ക്വാഡ് അംഗങ്ങളായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ സതീഷ്, ഇന്‍സ്‌പെക്ടര്‍മാരായ കെ.വി വിനോദ്, എം.സജീവ് കുമാര്‍, അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ ടി.ആര്‍.മുകേഷ് കുമാര്‍, ഷൗക്കത്തലി, പ്രവന്റീവ് ഓഫീസര്‍മാരായ സി. സെന്തില്‍കുമാര്‍,സിഇഒമാരായ എ.ജസീം, പി.സുബിന്‍, ടി.എസ്.അനില്‍കുമാര്‍, എസ്.രാജേഷ് എന്നിവരടങ്ങുന്ന സംഘമാണ് ഹാഷിഷ് ഓയില്‍ പിടികൂടിയത്.
പാലക്കാട്ട് വന്‍ ലഹരിവേട്ട 24 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി
Tags: Hashish