ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പ്രതിപക്ഷം അനുവദിക്കാത്തതു കൊണ്ടാണ് താന്‍ ജനങ്ങളുടെ സഭകളില്‍ സംസാരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി സഭയിലെത്താത്തത് ചൂണ്ടിക്കാട്ടി ശീതകാല സമ്മേളനത്തില്‍ പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോഴാണ് വിചിത്ര വാദവുമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
സംവാദത്തിന് തയ്യാറാണെന്ന് സര്‍ക്കാര്‍ നിരന്തരം പറയുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിക്കുന്നില്ല. അതുകൊണ്ടാണ് താന്‍ ജനസഭകളില്‍ സംസാരിക്കുന്നത് – ഗുജറാത്തിലെ ബാണസ്‌കന്ദ ജില്ലയിലുള്ള ദേശയില്‍ നടന്ന കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെ മോദി പറഞ്ഞു. പാര്‍ലമെന്റിലെ പ്രതിപക്ഷ നടപടികള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെപ്പോലും ചൊടിപ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.
സഭാ സ്തംഭനത്തിനെതിരെ രാഷ്ട്രപതി കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശം ചൂണ്ടിക്കാട്ടിയായിരുന്നു മോദിയുടെ വാക്കുകള്‍.നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ പ്രധാനമന്ത്രി ഇന്നലെയും ന്യായീകരിച്ചു. നോട്ട് വിഷയത്തിലെ ചുടവുവെപ്പിലൂടെ വ്യാജ കറന്‍സി റാക്കറ്റിന്റെ തണലില്‍ വളര്‍ന്ന തീവ്രവാദ ശക്തികളെ ദുര്‍ബലപ്പെടുത്താന്‍ കഴിഞ്ഞു.
50 ദിവസത്തെ സമയമാണ് താന്‍ ചോദിച്ചത്. എന്ത് മാറ്റങ്ങളാണ് വരുന്നതെന്ന് നിങ്ങള്‍ക്ക് കാണാം. രാജ്യത്തെ അഴിമതി മുക്തമാക്കുന്നതിനുള്ള നിര്‍ണായക ചുവടുവെപ്പാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു.നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ പാര്‍ലമെന്റ് സ്തംഭനം തുടരുന്നതിനിടെയാണ് പ്രധാനമന്ത്രി പുതിയ വിശദീകരണങ്ങളുമായി രംഗത്തെത്തിയത്. നോട്ട് വിഷയത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷ ആവശ്യം.
ചര്‍ച്ചയാവാമെങ്കിലും വോട്ടെടുപ്പ് അനുവദിക്കാനാവില്ലെന്ന നിലപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുന്നതാണ് തുടര്‍ച്ചയായ സഭാ സ്തംഭനത്തിന് ഇടയാക്കുന്നത്.
പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ, സഭക്ക് പുറത്ത് നയപരമായ കാര്യങ്ങളില്‍ പ്രതികരിക്കുന്ന പ്രധാനമന്ത്രിയുടെ നടപടിക്കെതിരെ നേരത്തെ പ്രതിപക്ഷം അവകാശലംഘന പ്രേമേയം കൊണ്ടുവന്നിരുന്നു.