സിപിഎമ്മില്‍ ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറിമറിയുന്നു
സംസ്ഥാനത്ത് സി.പി.എമ്മിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ക്ക് മാറ്റം വരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സി.പി.എമ്മിലെ ഒരു വിഭാഗത്തിനെതിരെ വി.എസ് പക്ഷമാണ് ശക്തമായി നിലകൊണ്ടിരുന്നതെങ്കില്‍ ഇന്നത് പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയുടെ നേതൃത്വത്തിലാണ് മുന്നോട്ടു പോകുന്നത്. എം.എ ബേബിയുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പിണറായി വിഭാഗവും ഒരുങ്ങിത്തന്നെയാണ് രംഗത്തിറങ്ങിയിരിക്കുന്നത്.
സംസ്ഥാനമൊന്നടങ്കം പ്രത്യേകിച്ച് തൃശൂര്‍ മുതല്‍ തെക്കോട്ട് ഗ്രൂപ്പ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കത്തില്‍ എറണാകുളം കൈപ്പിടിയിലൊതുക്കുക എന്ന ലക്ഷ്യവുമായി എം.എ ബേബിയും കൂട്ടരും നടത്തിയ കരുനീക്കങ്ങള്‍ ഏറെക്കുറെ വിജയത്തിലേക്ക് നീങ്ങുമ്പോഴാണ് കളമശ്ശേരി മുന്‍ ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ കേസുകള്‍ കുത്തിപൊക്കി അതിശക്തമായ തിരിച്ചടി നല്‍കാന്‍ പിണറായി വിഭാഗം തയ്യാറായത്.
ഗുണ്ടാ-ഭൂമാഫിയ സംഘങ്ങളുമായി എറണാകുളം ജില്ലയിലെ സി.പി.എം നേതാക്കള്‍ക്കുള്ള നിഗൂഡ കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണെങ്കിലും സക്കീര്‍ ഹുസൈനെതിരായ നീക്കം വഴി ജില്ലയില്‍ അവശേഷിക്കുന്ന സ്വാധീനമെങ്കിലും നിലനിര്‍ത്താന്‍ പിണറായി വിഭാഗം കളിച്ച കളിയാണ് മുന്‍ ഏരിയാ സെക്രട്ടറിയുടെ ജയില്‍ വാസത്തില്‍ കലാശിച്ചതെന്ന് പാര്‍ട്ടിയിലെ കൊച്ചു കുട്ടിക്ക് പോലും അറിയാവുന്നതാണ്.
15 ക്രിമിനല്‍ കേസുകളില്‍ പ്രത്യേകിച്ച് വ്യവസായിയെ ഗുണ്ടാ സ്‌റ്റൈലില്‍ ഭീഷണിപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയാകുകയും ചെയ്ത ജില്ലാ കമ്മിറ്റി അംഗം കൂടിയായ സക്കീര്‍ ഹുസൈനെക്കുറിച്ച് പാര്‍ട്ടിയില്‍ വലിയ മതിപ്പൊന്നുമില്ലെങ്കിലും സി.പി.എമ്മില്‍ എം.എ ബേബി വിഭാഗം ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലമായാണ് 22 ദിവസം പൊലീസിന്റെ മൂക്കിനു താഴെ ഒളിച്ചു താമസിക്കാന്‍ സക്കീര്‍ ഹുസൈനെ സഹായിച്ചത്.
ജില്ലയിലെ അറിയപ്പെടുന്ന ബേബി ഭക്തരാണ് സക്കീര്‍ ഹുസൈനും ജില്ലാ സെക്രട്ടറി പി. രാജീവും. എറണാകുളം ജില്ലയില്‍ വി.എസ് പക്ഷം നാമമാത്രമോ അതില്‍ താഴെയോ ആയി ചുരുങ്ങുകയും എവിടെയും സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിയാതാകുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ഗ്രൂപ്പ് സമവാക്യങ്ങള്‍ ഉരുത്തിരിഞ്ഞതെന്നാണ് കരുതുന്നത്. എന്നാല്‍ ഇതിനകം പിണറായി വിഭാഗത്തിനു ജില്ലയില്‍ കാര്യമായ ഇടിവു തന്നെയാണ് തട്ടിയിരിക്കുന്നത്.
20 ഏരിയാ കമ്മിറ്റികളില്‍ മൂന്നെണ്ണം മാത്രമാണ് പിണറായിക്കൊപ്പമുള്ളത്. മുളന്തുരുത്തി, നെടുമ്പാശേരി, ആലങ്ങാട് എന്നിവയൊഴിച്ച് എല്ലാ ഏരിയാ കമ്മിറ്റികളും ബേബി വിഭാഗക്കാരനായ മുന്‍ എം.പി പി. രാജീവിന്റെ സ്വാധീനത്തിലാണ് ഇപ്പോഴുള്ളത്. 12 അംഗ ജില്ലാ സെക്രട്ടിറയേറ്റില്‍ രണ്ട് പേര്‍ മാത്രമാണ് പിണറായി ഗ്രൂപ്പുകാരന്‍. ജില്ലാ കമ്മിറ്റിയില്‍ പിണറായി വിഭാഗത്തിന്റെ നില ഇത്രമേല്‍ പരുങ്ങലിലല്ലെങ്കിലും അവിടെയും കാലിനടിയിലെ മണ്ണ് ചോര്‍ന്നു പോകുന്നത് അവര്‍ തിരിച്ചറിയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് എതിരാളികള്‍ക്ക് കനത്ത തിരിച്ചടി നല്‍കാന്‍ സക്കീര്‍ ഹുസൈന്റെ ഗുണ്ടാബന്ധം എത്തിച്ചത്. സംസ്ഥാന സി.പി.എമ്മിന് മൊത്തത്തില്‍ സക്കീര്‍ ഹുസൈന്‍ സംഭവം കനത്ത തിരിച്ചടി നല്‍കുമെന്നുറപ്പുണ്ടായിരുന്നിട്ടും കൂടി പിണറായി ഗ്രൂപ്പിന് അത് ചെയ്യേണ്ടി വന്നത്. ഗ്രൂപ്പിന്റെ പിടിച്ചു നില്‍പ്പിനു വേണ്ടിയാണെന്ന് ഈ വിഭാഗക്കാര്‍ തന്നെ സമ്മതിക്കുന്നുണ്ട്.
പിണറായി വിരുദ്ധ ഗ്രൂപ്പിനു ജില്ലയില്‍ ഇനിയും തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന സൂചനയും ഇരു വിഭാഗങ്ങളും നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായി ഇപ്പോഴത്തെ ജില്ലാ സെക്രട്ടറിക്ക് തന്നെ സ്ഥാനം നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥയും നിലവിലുണ്ട്. പി. രാജീവിന് പകരം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഇ.പി ജയരാജനെയോ, സി.എം മോഹനനെയോ കൊണ്ടു വന്നതിന് ശേഷം ആറു മാസത്തിനപ്പുറം നടക്കുന്ന ബ്രാഞ്ച്, ലോക്കല്‍, ഏരിയാ, ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കാനാണ് പിണറായി കരുക്കള്‍ നീക്കുന്നത്.
പി. രാജീവിന്റെ പാര്‍ട്ടി സ്വാധീനം വര്‍ധിക്കുന്നതിനെതിരെ കണ്ണൂര്‍ ലോബി ശക്തമായി കളിച്ചിട്ടുണ്ടെന്ന അഭ്യൂഹം സ്ഥിരീകരിക്കുന്നതിലേക്കാണ് മുന്‍ മന്ത്രി ഇ.പി ജയരാജനെ ജില്ലാ നേതൃത്വസ്ഥാനത്ത് കൊണ്ടു വരാനുള്ള നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. പാലക്കാട്ടും തമിഴ്‌നാട്ടിലടക്കം അന്യസംസ്ഥാനങ്ങളിലും ഏക്കര്‍ കണക്കിന് ഭൂമി വാങ്ങി കൂട്ടിയ ജില്ലയിലെ ഏതാനും സി.പി.എം നേതാക്കള്‍ക്കെതിരെ കൂടി സമീപ ഭാവിയില്‍ കേസ് ഉയരാന്‍ സാധ്യതയുണ്ട്. ജില്ലയിലെ ചിലവന്നൂരിലെ ഫഌറ്റുകള്‍ക്ക് അനുമതി നല്‍കിയത് കുത്തിപ്പൊക്കി മറ്റൊരു എതിരാളിയെ കൂടി തളക്കാനും പിണറായിയും കൂട്ടരും പദ്ധതിയിടുന്നുണ്ടെന്നാണറിയുന്നത്.
എറണാകുളത്ത് ഗ്രൂപ്പ് ശോഷിച്ചാല്‍ മധ്യ-തെക്കന്‍ കേരളത്തില്‍ അത് ബാധിക്കുമെന്ന് പിണറായി വിഭാഗത്തിനും ഉത്തമ ബോധ്യമുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. രാജീവിന് തൃപ്പൂണിത്തുറ മണ്ഡലം നിഷേധിച്ചതിനു പിന്നില്‍ മുതല്‍ പുതിയ ഗ്രൂപ്പ് മാറ്റമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ആതുരരംഗത്തു ജൈവ കൃഷി രംഗത്തും ആളുകളെ സംഘടിപ്പിക്കുന്നതിന്റെ മറവില്‍ ഗ്രൂപ്പ് വളര്‍ത്തുകയാണ് ബേബി ചെയ്യുന്നതെന്ന് ഇതിനകം വ്യക്തമായി കഴിഞ്ഞു. ഈ നീക്കങ്ങള്‍ക്കാണ് കേസുകളുടേയും ആരോപണങ്ങളുടേയും രൂപത്തില്‍ തടയിടാന്‍ പിണറായി വിഭാഗം ശ്രമിക്കുന്നത്.
ഏതായാലും എറണാകുത്ത് ഗ്രൂപ്പ് ശക്തമാക്കാന്‍ തന്നെയാണ് പിണറായിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി വി.എസ് പക്ഷത്തിന്റെ ശക്തനായ വക്താവായ ചന്ദ്രന്‍പിള്ളയടക്കമുള്ള നേതാക്കള്‍ ഒപ്പം നില്‍ക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും ചില കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.
അതേസമയം എറണാകുളത്ത് കാലുറപ്പിച്ച് നിര്‍ത്തി തെക്കു നിന്ന് തൃശൂര്‍ വരെയുള്ള ജില്ലകള്‍ പിടിച്ചെടുക്കാനാണ് എം.എ ബേബി കരുക്കള്‍ നീക്കുന്നത്. തൃശൂരിന് വടക്കോട്ട് തല്‍ക്കാലം ശ്രമിക്കേണ്ടെന്നാണ് ഇവരുടെ തീരുമാനം. വരും നാളുകള്‍ തൊഴുത്തില്‍കുത്തും ഗ്രൂപ്പ് പോരും സി.പി.എമ്മില്‍ അതീവ രൂക്ഷമാകുമെന്നതിലേക്കാണ് സംഭവങ്ങള്‍ നീങ്ങുന്നത്.