X
    Categories: Sports

പാരീസില്‍ യുദ്ധം, പി.എസ്.ജിക്ക് ദുഷ്‌ക്കരം

 

പാരീസ്: ഇന്ന് പുലര്‍ച്ചെ പാരീസ് യുദ്ധം. സ്വന്തം മൈതാനത്ത് പാരീസ് സെന്റ് ജര്‍മ്മന്‍ ശക്തരായ റയല്‍ മാഡ്രിഡുമായി കളിക്കുന്നു. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1-15ന് ടെന്‍ സ്‌പോര്‍ട്‌സ് രണ്ടില്‍ തല്‍സമയം. ആദ്യപാദം മാഡ്രിഡിലെ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടന്നപ്പോള്‍ 3-1 ന്റെ വ്യക്തമായ ലീഡ് നേടിയ റയല്‍ മാഡ്രിഡിനാണ് മല്‍സരത്തില്‍ മുന്‍ത്തൂക്കം. ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനത്ത് തുടരുന്ന പി.എസ്.ജിയുടെ ഇന്നത്തെ അണിയില്‍ അവരുടെ ഗോള്‍വേട്ടക്കാരന്‍ നെയ്്മര്‍ ഉണ്ടാവില്ല. കഴിഞ്ഞാഴ്ച്ച ഫ്രഞ്ച് കപ്പ് പോരാട്ടത്തില്‍ പരമ്പരാഗത പ്രതിയോഗികളായ മാര്‍സലിക്കെതിരെ കളിക്കവെ വലത് കാല്‍പാദത്തില്‍ പരുക്കേറ്റ നെയ്മര്‍ ഇപ്പോല്‍ സര്‍ജറി നടത്തി ബ്രസീലിലെ ബെലോ ഹോറിസോണ്ടയില്‍ വിശ്രമത്തിലാണ്. അദ്ദേഹത്തിന് പകരക്കാരനെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ എഡ്ഗാര്‍ കവാനി, കൈലിയന്‍ മാപ്പെ തുടങ്ങിയ കരുത്തര്‍ ടീമിലുണ്ട്.ഇന്നത്തെ മല്‍സരത്തില്‍ മൂന്ന് ഗോളെങ്കിലും സ്‌ക്കോര്‍ ചെയ്താല്‍ മാത്രമാണ് പി.എസ്.ജിക്ക് സാധ്യത. ഒരു ഗോളും വഴങ്ങുകയുമരുത്.സമ്മര്‍ദ്ദത്തിലാണ് റയല്‍ മാഡ്രിഡും. സ്പാനിഷ് ലീഗിലെ തകര്‍ച്ച അവരെ കാര്യമായി ബാധിക്കുന്നുണ്ട്. ലാലീഗയിലെ അവസാന മല്‍സരത്തില്‍ ഗറ്റാഫെക്കെതിരെ 3-1 ന്റെ വിജയം നേടിയെങ്കിലും അതിന് തൊട്ട് മുമ്പ് നടന്ന പോരാട്ടത്തില്‍ എസ്പാനിയോളിനോട് തോറ്റിരുന്നു. സൂപ്പര്‍ താരം കൃസ്റ്റിയാനോ റൊണാള്‍ഡോയിലാണ് ടീമിന്റെ പ്രതീക്ഷകളത്രയും. ഗറ്റാഫെക്കെതിരെ ഉഗ്ര ഫോമിലായിരുന്നു പോര്‍ച്ചുഗീസുകാരന്‍. അവസരവാദിയായ മുന്‍നിരക്കാരന്‍ സ്‌ക്കോര്‍ ചെയ്താല്‍ ടീമിന് രക്ഷപ്പെടാം. ലാലീഗയില്‍ കിരീട സാധ്യതയില്ലെന്നിരിക്കെ ചാമ്പ്യന്‍സ് ലീഗ് കിരീടം മാത്രമാണ് ഇനി സൈനുദ്ദീന്‍ സിദാന്‍ സംഘത്തിന്റെ കാര്യമായ പ്രതീക്ഷ. ആദ്യ പാദ മല്‍സരത്തില്‍ വ്യക്തമായ വിജയം നേടിയെങ്കിലും രണ്ടാം പാദത്തില്‍ കാര്യങ്ങള്‍ എളുപ്പമല്ലെന്ന് ഫ്രഞ്ചുകാരനായ റയല്‍ കോച്ച് സിദാന്‍ പറഞ്ഞു. നെയ്മര്‍ ഇല്ലെങ്കില്‍ അതിലേക്കാളും കരുത്തരുണ്ട്-സിസു പറഞ്ഞു. പരുക്ക് കാരണം കഴിഞ്ഞ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്ന മധ്യനിരക്കാരന്‍ ലുക്കാ മോദ്രിച്ചും പിന്‍നിരക്കാരന്‍ ടോണി ക്രൂസും ഇന്ന് കളിക്കുമെന്നും സിസു പറഞ്ഞു.
ഇന്ന് നടക്കുന്ന മറ്റൊരു പോരാട്ടത്തില്‍ എഫ്.സി പോര്‍ട്ടോ ലിവര്‍പൂളുമായി കളിക്കും. ടെന്‍ ഒന്നില്‍ ഈ മല്‍സരമുണ്ട്.

chandrika: