ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റായി ചുമതയേറ്റ ഉടന്‍ വിവാദമായ ട്രാന്‍സ് പസഫിക്ക് പാര്‍ട്ണര്‍ഷിപ്പ്(ടിപിപി) വ്യാപാര കരാര്‍ റദ്ദാക്കുമെന്ന് നിയുക്ത യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ്ഹൗസില്‍ എത്തിയ ശേഷമുള്ള ആദ്യ കര്‍മപരിപാടികള്‍ എന്തെല്ലാമായിരിക്കുമെന്ന് വിശദീകരിക്കുന്ന വീഡിയോ സന്ദേശത്തിലാണ് ട്രംപ് നിലപാട് അറിയിച്ചു. തീരുവകള്‍ കുറക്കുന്നത് അടക്കമുള്ള നടപടികളിലൂടെ സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയും വളര്‍ച്ച ത്വരിതപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ഒപ്പുവെച്ച കരാര്‍ റദ്ദാക്കുമെന്ന് തെരഞ്ഞെടുപ്പ് കാലത്ത് തന്നെ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.
അമേരിക്കക്കു പുറമെ, ജപ്പാന്‍, മലേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, കാനഡ, മെക്‌സിക്കോ തുടങ്ങി 12 രാജ്യങ്ങള്‍ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ടിപിപിക്കു പകരം അമേരിക്കയിലേക്ക് തൊഴിലവസരങ്ങളും വ്യവസായവും കൊണ്ടുവരുന്ന സുതാര്യമായ ഉഭയകക്ഷി കരാറുകളെക്കുറിച്ച് ആലോചിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. പ്രസിഡന്റ് പദത്തില്‍ എത്തിയ ആദ്യ ദിവസം ചെയ്യാനിരിക്കുന്ന വേറെയും പദ്ധതികള്‍ അദ്ദേഹം പ്രഖ്യാപിച്ചു. തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ മുഴുവന്‍ എടുത്തുകളയാനും അദ്ദേഹം ഉദ്ദേശിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് ബറാക് ഒബാമ കൊണ്ടുവന്ന ആരോഗ്യ പരിരക്ഷാ പദ്ധതിയെക്കുറിച്ച് പ്രഖ്യാപനത്തില്‍ ഒന്നും പറയുന്നില്ല. ഒബാമകെയര്‍ റദ്ദാക്കില്ലെന്നും അതിലെ നല്ല വശങ്ങള്‍ ഉള്‍ക്കൊള്ളുമെന്നും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ അദ്ദേഹം പറഞ്ഞിരുന്നു. സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്ന ബിസിനസ് നിയന്ത്രണങ്ങള്‍ മുഴുവന്‍ എടുത്തുകളയുമെന്ന് ട്രംപ് നേരത്തെ അറിയിച്ചിട്ടുണ്ട്. 70 ശതമാനം നിയന്ത്രണങ്ങളും എടുത്തുകളയുമെന്നും പരിസ്ഥിതിക്ക് ഇണങ്ങുന്നതും സുരക്ഷിതവുമായ നിയമങ്ങള്‍ നിലനിര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.