മസ്‌കത്ത്: സുല്‍ത്താനേറ്റിന്റെ തനതു കാലാവസ്ഥയില്‍ പഴങ്ങള്‍ക്കും കാര്‍ഷിക ഉത്പന്നങ്ങള്‍ക്കും വിളവെടുപ്പ് കാലം. വിവിധ ഇനം സസ്യ ഇനങ്ങളാല്‍ സമ്പുഷ്ടമാണ് ഒമാന്‍. അനവധി ജാതികളില്‍ പെട്ട ചെടികളും പഴങ്ങളും വിവിധയിനം വിളകളും വേനല്‍, തണുപ്പ് കാലങ്ങളിലായി രാജ്യത്ത് ഉത്പാദിപ്പിക്കുന്നുണ്ട്. വേനല്‍ കാലത്ത് സുല്‍ത്താനേറ്റിലെ പഴം ഉത്പാദനത്തിന് ഏറെ ഖ്യാതിയുണ്ട്. അതിനാല്‍ തന്നെ അവയുടെ മൂല്യവും രുചിയുമറിയുന്നവര്‍ ഒമാനി വിപണിയിലേക്ക് ഒഴുകിയെത്തും. മറ്റു പഴങ്ങള്‍ക്ക് ഇത്ര നിലവാരം കാണാറില്ലെന്നാണ് പൊതുവെ അഭിപ്രായം.
ജബല്‍ അല്‍ അഖ്ദറാണ് പഴം ഉത്പാദനത്തിന് പേരു കേട്ട സ്ഥലം. സമുദ്ര നിരപ്പില്‍ നിന്ന് 3000 മീറ്റര്‍ ഉയത്തിലുള്ള പ്രദേശം തനതു കാലവസ്ഥ കൊണ്ട് അനുഗ്രഹിക്കപ്പെട്ട മേഖലയാണ്. അറേബ്യന്‍ ഗള്‍ഫ് മേഖലയില്‍ ഇത്തരമൊരു പ്രദേശം വേറെയില്ല. ചൂടുകാലത്തും തണുപ്പ് കാലത്തും വസന്തകാലത്തുമെല്ലാം ഒരുപോലെ അനുഭവപ്പെടുന്ന ഇടത്തരം താപനിലയാണ് ഇവിടത്തെ പ്രത്യേകത.സ്വീറ്റ് ട്രീസ് എന്നറിയപ്പെടുന്ന ഇളപൊഴിയും മരങ്ങള്‍ക്ക് പ്രസിദ്ധമാണ് ജബല്‍ അല്‍ അഖ്ദര്‍. പഴ വര്‍ഗങ്ങളുടെ വൈവിധ്യവും ജബല്‍ അഖ്ദറിനെ വ്യത്യസ്തമാക്കുന്നു.
മാതളപ്പഴം, ആപ്പിള്‍, പീച്ച്, പ്ലംസ്, ആപ്രിക്കോട്ട്, ബദാം, വാള്‍നട്ട്, മുന്തിരി, പിയര്‍സ്, ചെറി, അത്തിപ്പഴം, ഒലീവ് തുടങ്ങയവയുടെ വളര്‍ച്ചക്ക് മേഖലയിലെ കാലാവസ്ഥ അനുഗ്രഹമാകുന്നുണ്ട്. റാസ്റ്റോണിയ മസ്‌കറ്റന്‍സേയിയ എന്നറിയപ്പെടുന്ന ബൂട്ട് മരങ്ങളുടെ പഴങ്ങളും ജബല്‍ അഖ്ദര്‍ പ്രദലത്തില്‍ വളരുന്നു.
തെക്കന്‍ അല്‍ ബത്തീന പ്രവിശ്യയിലെ ചില പര്‍വത ഗ്രാമങ്ങള്‍, പ്രത്യേകിച്ചും നഖല്‍ വിലായത്തിലെ വാദി മിസ്തലില്‍ പെടുന്ന വകന്‍ ബൂട്ട്, ആപ്രികോട്ട് ഉത്പാദനത്തിന് പേരു കേട്ടവയാണ്. അല്‍ അവബി വിലായത്തിലെ വാദി ബാനി ഖാറൂസ് ബൂട്ട് പഴങ്ങളുടെ ഉത്പാദനത്തിന് പ്രസിദ്ധമാണ്. പര്‍വത ശൃംഖങ്ങളില്‍ വേനല്‍ കാലത്താണ് ധാരാളമായി പഴം വിളവെടുക്കുന്നത്.
കൂടാതെ കസ്റ്റാര്‍ഡ് ആപ്പിള്‍ സുല്‍ത്താനേറ്റിലെ തെക്കും വടക്കുമുള്ള നിരവധി വിലായത്തുകളില്‍ വളരുന്നുണ്ട്. നിവധി ആരോഗ്യ ഗുണങ്ങളുള്ള പഴം വളരെയധികം രുചികരവുമാണ്.സുല്‍ത്താനേറ്റിലെ നിവധി ഗവര്‍ണറേറ്റുകളില്‍ വത്തക്ക, ശമാം, മുന്തിരി, അത്തി തുടങ്ങിയവ വളരുന്നുണ്ട്. നോര്‍ത്ത് ബത്തീന തീരങ്ങളില്‍ പേരക്കയും ധാരാളം കാണപ്പെടുന്നു. ബുറൈമി, അല്‍ ദാഖിറ, നോര്‍ത്ത് അല്‍ ശര്‍ഖിയ്യ, അല്‍ മുദൈബി അടക്കമുള്ള പ്രവിശ്യകള്‍ മുന്തിരി, വത്തക്ക എന്നിവക്ക് പേരുകേട്ട സ്ഥലങ്ങളാണ്. വടക്കും തെക്കും അല്‍ ബതീന പ്രവിശ്യകളുടെ തീരവും ഉള്‍പ്പദേശവും വിവിധ താപനിലകളിലുള്ള ഫലങ്ങള്‍ കാണപ്പെടുന്നു.
ഈത്തപ്പന, മാങ്ങ, വാഴപ്പഴം, പപ്പായ തുടങ്ങിയവ ഇവിടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്. ദോഫാര്‍ പ്രവിശ്യ തേങ്ങ, വാഴപ്പഴം, പപ്പായ, മാതളം എന്നിവക്ക് പ്രസിദ്ധമാണ്. സുല്‍ത്താനേറ്റില്‍ എല്ലാ ഭാഗങ്ങളിലും വിവിധ ഇനം ഈത്തപ്പഴങ്ങള്‍ കൃഷി ചെയ്യുന്നുണ്ട്. ഒമാനി ഈത്തപ്പഴങ്ങള്‍ ലോക വിപണിയിലും ഏറെ ആവശ്യക്കാരുള്ളതാണ്. നേരത്തെ വിളവെടുപ്പ് തുടങ്ങുമെന്നതും ചില ഒമാനി ഈത്തപ്പനകളുടെ പ്രത്യേകതയാണ്.