ടൂവീലര്‍ രംഗത്ത് ബജാജിന്റെ അഭിമാന ചിഹ്നമാണ് പള്‍സര്‍. ഹീറോ മോട്ടോകോര്‍പ് എതിരില്ലാതെ വാഴുന്ന ഇന്ത്യന്‍ ഇരുചക്ര വിപണിയില്‍ പള്‍സര്‍ കരുത്തുറ്റ ഒറ്റയാനായി വിലസുന്നു. 2001-ല്‍ ആദ്യമായി നിരത്തിലിറങ്ങിയതിനു ശേഷം പള്‍സറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. വിവിധ എഞ്ചിന്‍ കപാസിറ്റികളിലായി 135, 150, 180, 200, 220 എന്നിങ്ങനെ അഞ്ച് സിലിണ്ടര്‍ കപാസിറ്റി(സി.സി)കളിലാണ് പള്‍സര്‍ ഇന്ത്യന്‍ റോഡുകൡ വിലസുന്നത്. പുതിയ കാലത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് ബജാജ് പള്‍സറിന്റെ 400 സി.സി വകഭേദം പുറത്തിറക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നതു മുതല്‍ ബൈക്ക് പ്രേമികള്‍ കാത്തിരിപ്പിലായിരുന്നു. 2014-ലെ ഒരു ഓട്ടോ എക്‌സ്‌പോയില്‍ പള്‍സര്‍ സി.എസ്400 എന്ന പേരില്‍ ഇത് പ്രദര്‍ശിപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, തങ്ങളുടെ മാസ്റ്റര്‍ പീസ് ബൈക്ക് എന്ന് വിശേഷിപ്പിക്കാവുന്ന 400 സി.സി മോഡലില്‍ നിന്ന് പള്‍സര്‍ എന്ന പേര് എടുത്തുകളഞ്ഞിരിക്കുകയാണ് ബജാജ്. ഗ്രീക്ക് സങ്കല്‍പത്തിലെ യുദ്ധദേവനായ ക്രാത്തോസിന്റെ പേരാണ് പുതിയ ബൈക്കിന് നല്‍കിയിരിക്കുന്നത്. ക്രാത്തോസ് വിന്റേജ് സ്‌പോര്‍ട്ട് 400 (വി.എസ് 400) എന്ന പേരിലുള്ള കരുത്തന്‍ ബൈക്ക് ഒക്ടോബര്‍ അവസാന വാരം പുറത്തിറങ്ങും. 150 സി.സി റോയല്‍ എന്‍ഫീല്‍ഡിനോട് കിടിപിടിക്കുന്നതായിരിക്കും ക്രാത്തോസ് എന്ന് ബജാജ് ഓട്ടോ ഡയറക്ടര്‍ രാജീവ് ബജാജ് അവകാശപ്പെടുന്നു.
സ്‌പോര്‍ട്ടിങ് ബൈക്ക് രംഗത്തെ അതികായനായ കെ.ടി.എം ഡ്യൂക്കില്‍ നിന്ന് സാങ്കേതിക വിദ്യ കടംകൊണ്ടാണ് ബജാജ് ക്രാത്തോസിനെ ഒരുക്കുന്നത്. 34 ബി.എച്ച്.പി, 43 ബി.എച്ച്.പി എന്നിങ്ങനെ രണ്ട് ഇനങ്ങളിലാവും ബൈക്ക് എത്തുക. ഇരട്ട ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സിസ്റ്റം, ആറ് ഗിയറുകള്‍, ഫ്രണ്ട്-ബാക്ക് ഡിസ്‌ക് ബ്രേക്കുകള്‍, ഹെഡ്‌ലൈറ്റ് ക്ലസ്റ്ററില്‍ എല്‍.ഇ.ഡി ഘടകങ്ങള്‍ എന്നിവ ക്രാത്തോസിന്റെ സവിശേഷതകളാണ്.
ബജാജ് പുറത്തിറക്കിയതില്‍ വെച്ച് ഏറ്റവും കരുത്തുറ്റ ബൈക്കിന് വിലയും ഏറ്റവും കൂടുതല്‍ തന്നെ. എക്‌സ് ഷോറൂം വില 1.6 ലക്ഷം മുതല്‍ 1.8 വരെയാണ്.