X

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പ്രവേശനം: ചുരിദാര്‍ അനുമതി കോടതി മരവിപ്പിച്ചു

  • ക്ഷേത്രകാര്യങ്ങളില്‍ പരമാധികാരി തന്ത്രി

കൊച്ചി: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് ചുരിദാര്‍ ധരിച്ച് പ്രവേശിക്കാന്‍ അനുമതി നല്‍കിയ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് ഹൈക്കോടതി ദേവസ്വം ബെഞ്ച് മരവിപ്പിച്ചു. ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാനാവില്ലെന്ന തന്ത്രിയുടെ നിലപാട് കണക്കിലെടുത്താണ് ജസ്റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍, ദേവന്‍ രാമചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് മരവിപ്പിച്ചത്.

തന്റെ ഉത്തരവ് സംരക്ഷിക്കാന്‍ കോടതിയില്‍ അഭിഭാഷകനെ നിയോഗിച്ച എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടിയെ കോടതി നിശിതമായി വിമര്‍ശിച്ചു. കീഴ്‌വഴക്കങ്ങള്‍ ലംഘിക്കരുതെന്ന് തന്ത്രി വ്യക്തമാക്കിയതായി ഡിവിഷന്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞു.

സുപ്രീം കോടതി നിയോഗിച്ച ദേവസ്വം കമ്മീഷണര്‍ എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവ് സ്‌റ്റേ ചെയ്തിട്ടും ചുരിദാര്‍ ധരിച്ച് സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയതായി പരാതിപ്പെട്ട് തിരുവനന്തപുരം സ്വദേശി റാണി വിനയന്‍, ആലപ്പുഴ സ്വദേശി വെങ്കിട്ടരാമയ്യര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. വിവിധ കേന്ദ്രങ്ങളില്‍ ഇത്തരം കീഴ്‌വഴക്കങ്ങളും സമ്പ്രദായങ്ങളും നിലനില്‍ക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. എക്‌സിക്യൂട്ടീവ് ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ നിയമസാധുത പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ക്ഷേത്രാചാരങ്ങളും പാരമ്പര്യവും നൂറ്റാണ്ടുകളായി തുടരുന്നതാണെന്നും അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ക്ഷേത്രം തന്ത്രിക്കാണ് അധികാരമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

തന്ത്രിയുടെ നിലപാട് മറികടന്ന് ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉത്തരവ് പുറപ്പെടുവിച്ചത് നിയമപരമല്ലെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. നവംബര്‍ 30 ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പുറപ്പെടുവിച്ച ഉത്തരവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്‌റ്റേ ചെയ്‌തെങ്കിലും ക്ഷേത്ര കാര്യങ്ങളില്‍ പരമാധികാരി താനാണെന്നും തന്റെ കീഴിലാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയര്‍മാന്‍ പ്രവര്‍ത്തിക്കേണ്ടതെന്നും ഹര്‍ജിക്കാര്‍ ബോധിപ്പിച്ചു. സ്ത്രീകള്‍ക്ക് ചുരിദാറും പാന്റ്‌സും ധരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ നടപടി തടയണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

chandrika: