X

പണം പിന്‍വലിക്കല്‍ നിയന്ത്രണം ഉടന്‍ നീക്കില്ലെന്ന സൂചനയുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ബാങ്കുകളില്‍നിന്ന് പണം പിന്‍വലിക്കുന്നതിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം ഉടന്‍ നീക്കില്ലെന്ന സൂചനുമായി കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍. പിന്‍വലിച്ച 1000, 500 രൂപ നോട്ടുകളുടെ മൂല്യത്തിന്റെ 80 ശതമാനമെങ്കിലും തുകക്കുള്ള പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിയാല്‍ മാത്രമേ നിയന്ത്രണം നീക്കാന്‍ കഴിയൂ എന്നാണ് ധനമന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

വരും ദിവസങ്ങളിലും രാജ്യത്ത് കറന്‍സി പ്രതിസന്ധി രൂക്ഷമായി തുടരുമെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വിശദീകരണം. പുതിയ നോട്ടുകള്‍ പുറത്തിറക്കുന്ന നടപടി 50 ശതമാനം പൂര്‍ത്തിയായെന്നും 7.5 ലക്ഷം കോടി രൂപയുടെ നോട്ടുകള്‍ വിപണിയില്‍ എത്തിയെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വാദം. എന്നാല്‍ 30- 35 ശതമാനം പുതിയ കറന്‍സികള്‍ മാത്രമേ വിപണിയില്‍ എത്തിയിട്ടുള്ളൂവെന്നാണ് അനൗദ്യോഗിക കണക്ക്. കോ-ഓപ്പറേറ്റീവ് ബാങ്കുള്‍ക്കായിരിക്കും ആദ്യം നിയന്ത്രണം നീക്കി നല്‍കുക. തുടര്‍ന്ന് മറ്റ് ബാങ്കുകള്‍ക്കും നിയന്ത്രണം നീക്കും.

പിന്‍വലിച്ച മുഴുവന്‍ തുകക്കും ആനുപാതികമായ പുതിയ നോട്ടുകള്‍ വിപണിയില്‍ ഇറക്കിയാല്‍ മാത്രമേ നിയന്ത്രണം പൂര്‍ണമായി എടുത്തുകളയൂവെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.ബാങ്കുകള്‍ക്കും എ.ടി.എമ്മുകള്‍ക്കും മുന്നിലെ വരികളുടെ നീളം കുറഞ്ഞിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വാദം. 2017 ജനുവരിയോടെ നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണം പൂര്‍ണമായി എടുത്തുകളയുമെന്നും ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

chandrika: