ഹിരോഷിമയില്‍ 1945 ആഗസ്ത് 6ന് അമേരിക്ക അണുബോംബിട്ടപ്പോള്‍ കൊല്ലപ്പെട്ടത് 1,40,000 പേരാണ്. മൂന്നു ദിവസം കഴിഞ്ഞ് ആഗസ്ത് 9ന് നാഗസാക്കിയില്‍ അണുബോംബ് വര്‍ഷിച്ചു 74,000 പേരുടെ ജീവനും അമേരിക്ക അപഹരിച്ചു. രണ്ടു സംഭവങ്ങളിലുമായി ആയിരക്കണക്കിനാളുകള്‍ നിത്യ രോഗികളും അംഗപരിമിതരുമായി. നാഗസാക്കിയിലെ അണുബോംബ് വര്‍ഷത്തിന്റെ പിറ്റേദിവസം അമേരിക്കന്‍ പ്രസിഡണ്ട് ഹാരിസ് എസ്. ട്രൂമാനോട് അദ്ദേഹത്തിന്റെ വിശ്വസ്തനായ സെക്രട്ടറി ഉദ്വേഗപൂര്‍വം ചോദിച്ചൊരു സംഗതിയുണ്ട്. ‘അങ്ങേക്ക് ഇന്നലെ രാത്രി സ്വസ്ഥമായി ഉറങ്ങാന്‍ കഴിഞ്ഞോ’?
അമ്പരപ്പിക്കുന്നതായിരുന്നു അമേരിക്കയുടെ മുപ്പത്തിമൂന്നാമത് പ്രസിഡണ്ട് ട്രൂമാന്റെ മറുപടി: ‘ഇന്നലെ രാത്രിയാണ് ഞാന്‍ ഏറ്റവും സ്വസ്ഥമായി ഉറങ്ങിയത്. ഹിരോഷിമയിലും നാഗസാക്കിയിലും നാം നടത്തിയ അണുബോംബു പരീക്ഷണം വിജയിച്ചിരിക്കുന്നു’.
‘യഥാര്‍ത്ഥ മനുഷ്യന്‍’ എന്ന അര്‍ത്ഥമാണ് ട്രൂമാന്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതൊരു കൊച്ചുകുട്ടിക്കും മനസില്‍ തോന്നുക. ഹിരോഷിമയും നാഗസാക്കിയും കത്തിയമരുമ്പോള്‍ ഹാരിസ് എസ്. ട്രൂമാന്‍ എന്ന അമേരിക്കന്‍ പ്രസിഡണ്ടിലെ ‘യഥാര്‍ത്ഥ മനുഷ്യന്‍’ എവിടെയായിരുന്നു എന്നു ചോദിച്ചാല്‍ ആര്‍ക്കെങ്കിലും ഉത്തരം പറയാനാവുമെന്നു തോന്നുന്നില്ല.
ദേശീയത ഹിംസാത്മകമാകുമ്പോള്‍ എത്രത്തോളം അത് മനുഷ്യവിരുദ്ധവും ബീഭത്സവുമാകും എന്നു ബോധ്യപ്പെടാന്‍ ഒരുപാട് ഉദാഹരണങ്ങള്‍ ആവശ്യമില്ല. ഇന്ത്യയുടെ തെരുവുകള്‍ മുതല്‍ സര്‍വകലാശാലകള്‍ വരെ ദേശീയതയുടെ പേരില്‍ ന്യൂനപക്ഷ സമുദായങ്ങളില്‍പെട്ടവരും ദലിതുകളും ആദിവാസികളും ഇടതുപക്ഷ സഹയാത്രികരും ക്രൂരമായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ സ്വയം ബോധ്യത്തോടെ പ്രതികരിക്കുന്നവരെ സാംസ്‌കാരികമായി വിധേയപ്പെടുത്താന്‍ നടത്തുന്ന പരീക്ഷണങ്ങള്‍ വിജയിച്ചുകാണുന്നതില്‍ അത്യധികമായി സന്തോഷിക്കുകയാണ് ഇന്ത്യയുടെ പ്രധാനമന്ത്രിയും സംഘ്പരിവാര്‍ നേതൃത്വവും. ഇന്ത്യയുടെ ഭരണഘടനയെയും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളെയും അപ്രസക്തമാക്കിതീര്‍ക്കുന്ന ഭരണ നിര്‍വഹണമാണ് രാജ്യത്തിപ്പോള്‍ നടന്നുവരുന്നത് എന്ന് വര്‍ത്തമാനകാല സംഭവങ്ങള്‍ വിശകലനം ചെയ്യുന്നവര്‍ക്കു ബോധ്യമാകും. ജവഹര്‍ലാല്‍ നെഹ്‌റു, ലാല്‍ബഹദൂര്‍ ശാസ്ത്രി, മൊറാര്‍ജി ദേശായി, വി.പി സിങ് എന്നീ മുന്‍ പ്രധാനമന്ത്രിമാര്‍ ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയോടു താല്‍പര്യപ്പെട്ടുകൊണ്ട് ഭരണനിര്‍വഹണം നടത്താനുള്ള രാഷ്ട്രീയമായ ധാര്‍മികത ഉയര്‍ത്തിപ്പിടിച്ചിരുന്നു. ഇന്ദിരാഗാന്ധി തന്റെ ആദ്യവര്‍ഷങ്ങളിലും ഇക്കാര്യത്തില്‍ മാതൃക കാട്ടിയിരുന്നു. നരേന്ദ്രമോദി പക്ഷെ ഇന്ത്യന്‍ ഭരണഘടനയോടല്ല, സ്വന്തം പാര്‍ട്ടിയുടെ അജണ്ടയോടാണ് പ്രതിബദ്ധത പുലര്‍ത്തുന്നത്. ഒരു രാജ്യത്തിന്റെ ഭരണ നിര്‍വഹണത്തില്‍ അതിന്റെ ഭരണഘടന ഒഴിച്ചുനിര്‍ത്തപ്പെടുമ്പോള്‍ അനിവാര്യമായും സംഭവിച്ചേക്കാവുന്ന രാഷ്ട്രീയ ദുരന്തങ്ങളാണ് ഇപ്പോള്‍ ഇന്ത്യയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
1948 നവംബര്‍ 4ന് ഡോ. അംബേദ്കര്‍ കോണ്‍സ്റ്റിറ്റിയുവെന്റ് അസംബ്ലിയെ അഭിസംബോധന ചെയ്തുകൊണ്ട് ഇപ്രകാരം പറഞ്ഞു. ‘ജനാധിപത്യോന്മുഖമായൊരു ഭരണഘടന സമാധാനപൂര്‍വം രാജ്യത്ത് നടപ്പില്‍ വരുത്തേണ്ടതിന്റെ അനിവാര്യത നമുക്കു ബോധ്യപ്പെടേണ്ടതുണ്ട്. ഭരണഘടനയോടു പുലര്‍ത്തുന്ന ധാര്‍മികതയുടെ ഭാഗമാണിത്. ഭരണനിര്‍വഹണം എപ്പോഴും ഭരണഘടനയുടെ അന്തസ്സത്തയോടു പൊരുത്തപ്പെട്ടു നില്‍ക്കണം. ഭരണഘടനയെ അതിന്റെ യഥാര്‍ത്ഥ രൂപത്തില്‍ ഒരിടത്ത് അവശേഷിപ്പിച്ചു നിര്‍ത്തി ഭരണ നിര്‍വഹണം മറ്റൊരു ദിശയിലേക്ക് വഴി മാറിപോകാനുള്ള പൂര്‍ണ സാധ്യതയും ഇതോടൊപ്പം നാം തിരിച്ചറിയണം. ഇവിടെയൊരു ചോദ്യമുയരുന്നുണ്ട്. ഭരണഘടനാപരമായ ധാര്‍മികത എന്നത് ഒരു സ്വാഭാവിക വികാരമല്ല. വളര്‍ത്തിയെടുക്കപ്പെടേണ്ട ഒരു സംസ്‌കാരമാണ്. ജനങ്ങള്‍ ഇക്കാര്യം പഠിച്ചു മനസ്സിലാക്കേണ്ടതുണ്ട’്. (കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലി ഡിബേറ്റ്‌സ്, വാള്യം 7, പേജ് 38).
എഴുപത് കൊല്ലം മുമ്പ് ഡോ. അംബേദ്കര്‍ ഉയര്‍ത്തിയ ആശങ്ക അനേകമടങ്ങ് ഭയപ്പാടുകളായി നമുക്കു മുന്നിലിപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുകയാണ്. കാര്യമായ ചില സൈദ്ധാന്തിക അടിത്തറകളുടെമേല്‍ ഉരുത്തിരിഞ്ഞുവരുന്ന സമവായത്തിലാണ് ജനാധിപത്യത്തിന്റെ നിലനില്‍പ് എന്ന് അംബേദ്കര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഭരണീയരുടെ അതല്ലെങ്കില്‍ ബഹുഭൂരിപക്ഷം വരുന്ന പൗരന്മാരുടെ ആവശ്യങ്ങളെയും അവകാശങ്ങളെയും സഹിഷ്ണുതയോടെ ഉള്‍ക്കൊണ്ടുകൊണ്ടും പ്രതിഫലിപ്പിച്ചുകൊണ്ടും യാഥാര്‍ത്ഥ്യമാവുന്ന പൊതുനയ രൂപീകരണമാണ് സമവായം എന്നതുകൊണ്ട് അംബേദ്കര്‍ ഉദ്ദേശിച്ചത്. അത്തരമൊരു സമവായത്തിന്റെ അഭാവത്തില്‍ ജനാധിപത്യം നിലനില്‍ക്കുകയില്ല. അംബേദ്കറും സമാനമായി ചിന്തിച്ച രാഷ്ട്ര ശില്‍പികളും വിഭാവന ചെയ്ത സമവായവും ജനാധിപത്യവും ഇന്ന് കശാപ്പുചെയ്യപ്പെടുകയാണ്.
ഇന്ത്യ ഇന്ത്യക്കാരുടേത് എന്നതില്‍ നിന്ന് ഇന്ത്യ ഹിന്ദുക്കളുടേത് എന്നു പറയുന്നിടത്തും ഇന്ത്യന്‍ ദേശീയത എന്നാല്‍ ഹിന്ദുത്വ ദേശീയതയാണ് എന്നു വാദിക്കുന്നിടത്തും പ്രകടമാവുന്നത് ജനാധിപത്യ വിരുദ്ധതയാണ്. നാനാത്വത്തിന്റെ നിഷേധവും ബഹുസ്വരതയുടെ തിരസ്‌ക്കാരവുമാണ്. ഇന്ത്യയെ ദേശീയതയോടും ദേശീയതയെ ഇന്ത്യയോടും ചേര്‍ത്തു പറയുന്നത് സംഘ്പരിവാര്‍ വക്താക്കള്‍ക്ക് തീരെ ഇഷ്ടമല്ല. ‘ഈ രാജ്യത്ത് ഇന്നുയര്‍ന്നു കേള്‍ക്കുന്ന ഏറ്റവും വൃത്തികെട്ട വാക്ക് ദേശീയതയാണെന്നു അരുണ്‍ ജയ്റ്റ്‌ലി പ്രതികരിച്ചത് ഈയര്‍ത്ഥത്തിലാണ്. ‘ഭാരത് മാതാ കീ ജയ് എന്നു വിളിക്കാന്‍ മടിക്കുന്നവര്‍ രാജ്യദ്രോഹികളാണ്. അവര്‍ ഇന്ത്യ വിട്ടുപോകണം’ എന്ന് ദത്രാത്രേയ ഹോസബെലയെപ്പോലുള്ളവര്‍ ആക്രോശിക്കുമ്പോഴും ലക്ഷ്യമിടുന്നത് ഹിന്ദുത്വ ദേശീയതക്ക് വഴങ്ങാത്തവരെ നാട്ടില്‍ പൊറുപ്പിച്ചുകൂടാ എന്ന അജണ്ടയാണ്. സങ്കുചിതവും ജനാധിപത്യവിരുദ്ധവുമായ ഇത്തരം സമീപനത്തെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പോലും തള്ളിപ്പറഞ്ഞിട്ടുണ്ട് എന്നോര്‍ക്കണം. ഇന്ത്യാ വിഭജനം ഹിന്ദുക്കള്‍ക്ക് ഗുണകരമായിരിക്കുമെന്നും വിഭജിക്കപ്പെട്ടുകിട്ടുന്ന ഇന്ത്യയെ പില്‍ക്കാലത്ത് ഹിന്ദുരാഷ്ട്രമാക്കാന്‍ കഴിയുമെന്നു അറിയിച്ചുകൊണ്ട് തനിക്കു കത്തെഴുതിയ പ്രമുഖ വ്യവസായി ബി.എം ബിര്‍ലക്ക് സര്‍ദാര്‍ പട്ടേല്‍ തീക്ഷ്ണമായ ഭാഷയിലാണ് മറുപടി കൊടുത്തത്: ‘ഹിന്ദുത്വം ദേശീയ മതമാക്കികൊണ്ടുള്ള ഒരു രാജ്യമാക്കി ഇന്ത്യയെ പരുവപ്പെടുത്താന്‍ കഴിയും എന്ന ചിന്ത എനിക്കില്ല. ഇതര ന്യൂനപക്ഷ സമുദായങ്ങള്‍ കൂടി ഇവിടെയുണ്ട് എന്ന സത്യം നാം വിസ്മരിക്കരുത്. അവരുടെ സംരക്ഷണം നമ്മുടെ പ്രാഥമിക ബാധ്യതയാണ്. ജാതിക്കും വംശത്തിനുമതീതമായി ഈ രാജ്യം നിലനില്‍ക്കേണ്ടതുണ്ട്’. (സര്‍ദാര്‍ പട്ടേലിന്റെ എഴുത്തുകുത്തുകള്‍- ദുര്‍ഗാദാസ്)
ഇന്ന് സംഘ്പരിവാര്‍ നേതൃത്വം മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവത്കരണത്തെ സര്‍ദാര്‍ പട്ടേലിന് പോലും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല എന്നു ചുരുക്കം. മത നിരപേക്ഷത, അഭിപ്രായ സ്വാതന്ത്ര്യം, പൗരാവകാശങ്ങള്‍ എന്നീ ആശയങ്ങള്‍ പങ്കുവെക്കുന്നതുപോലും ഏറ്റവും വലിയ അപരാധവും ദേശദ്രോഹവുമൊക്കെയായിട്ടാണ് ഇന്ത്യയിലിപ്പോള്‍ ചിത്രീകരിക്കപ്പെടുന്നത്. ഭരണകൂട നെറികേടുകളെ തുറന്നെതിര്‍ക്കുന്നവര്‍ക്ക് കോളജ് കവാടങ്ങളിലും സര്‍വകലാശാലാ കാമ്പസുകളിലും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ‘ഞങ്ങള്‍ക്കെതിരെ വിരലനക്കിയാല്‍ ആ വിരലുകള്‍ ഞങ്ങള്‍ വെട്ടിമാറ്റും’ എന്നാണ് അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ ദേശീയ നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭാവി സാരഥികള്‍ പിറവികൊള്ളേണ്ട കാമ്പസുകളെ ജനാധിപത്യത്തിന്റെ സര്‍ഗാത്മക കളരികളാക്കി മാറ്റുന്നതിന് പകരം ഭീകരതയുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പുകളാക്കി മാറ്റിയാല്‍ എന്താവും അവസ്ഥ?
വെറുപ്പിന്റേയും അസഹിഷ്ണുതയുടേയും ഭരണ നിര്‍വഹണ രീതികൊണ്ടാണോ ഇന്ത്യ ലോക രാജ്യങ്ങള്‍ക്കിടയില്‍ വന്‍ ശക്തിയാകാന്‍ പോകുന്നത്? പശുവിറച്ചി തിന്നുന്നവരും പശുവിനെ ആരാധിക്കുന്നവരും ഒരുമിച്ചു നിന്നു പൊരുതിയതുകൊണ്ടായിരുന്നു ബ്രിട്ടീഷ് സാമ്രാജ്യത്തത്തില്‍ നിന്ന് ഇന്ത്യ മോചിതമായത്. പന്നിയെ വെറുക്കുന്നവരും പന്നിയെ വളര്‍ത്തുന്നവരും തോളോടുതോള്‍ ചേര്‍ന്നു പോരടിച്ചു ജീവത്യാഗം നടത്തിയതുകൊണ്ടാണ് വൈദേശിക ശക്തിയില്‍ നിന്ന് ഇന്ത്യ സ്വതന്ത്രമായത്. എങ്കില്‍ പശുവിന്റെ പേരിലായാലും പന്നിയുടെ പേരിലായാലും നിരപരാധികളുടെ ചോര ചിന്തുന്നത് ഇന്ത്യയെ കൂടുതല്‍ അസ്ഥിരപ്പെടുത്താനും ദുര്‍ബലപ്പെടുത്താനുമേ സാധിക്കൂ. അംബേദ്ക്കറിലേക്ക് പോയില്ലെങ്കിലും സര്‍ദാര്‍ പട്ടേലിലേക്കെങ്കിലും നാം തിരിച്ചുപോകണം.
- 8 years ago
chandrika
Categories:
Video Stories