X

പകപോക്കലിന്റെ ടു.ജി പാഠം

രണ്ടാം യു.പി.എ സര്‍ക്കാറിനുമേല്‍ കരിനിഴലായി പതിച്ച ടു.ജി സ്‌പെക്ട്രം അഴിമതി ആരോപണ കേസിലെ മുഴുവന്‍ പ്രതികളെയും കുറ്റവിമുക്തരാക്കിയ സി.ബി.ഐ പ്രത്യേക കോടതി വിധി നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യത വര്‍ധിപ്പിക്കുന്നതാണ്. ജനാധിപത്യ ഭരണ സംവിധാനത്തിനും ഉന്നത ഭരണാധികാരികള്‍ക്കുമെതിരെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തില്‍ ശിക്ഷ വിധിക്കുന്ന കാട്ടുനീതിയെ പൊളിച്ചടുക്കുന്നതാണ് പാട്യാല കോടതി വിധി. സാക്ഷി മൊഴികളുടെ മാത്രം അടിസ്ഥാനത്തില്‍ ഒരാളെയും കുറ്റക്കാരനായി കാണാനാവില്ലെന്നും മൊഴികളിലും രേഖകളിലും പൊരുത്തക്കേടുകള്‍ കണ്ടാല്‍ ആരെയും കുറ്റവിമുക്തരാക്കാന്‍ മടിയില്ലെന്നുമുള്ള കോടതി ജഡ്ജ് ഒ.പി സെയ്‌നിയുടെ വാക്കുകള്‍ നീതിനിര്‍വാഹകരിലെ അണയാത്ത സത്യസന്ധതയുടെ അടയാളമാണ്. മൂന്നു കുറ്റപത്രങ്ങളിലായി സി.ബി.ഐ പ്രതിചേര്‍ത്ത 14 പേരും കുറ്റക്കാരല്ലെന്നു കണ്ടെത്തിയ കോടതി വിധി പകപോക്കല്‍ രാഷ്ട്രീയ ഗൂഢാലോചനക്കേറ്റ കനത്ത തിരിച്ചടികൂടിയാണ്. ഉദ്യോഗസ്ഥര്‍ക്കുപോലും വ്യക്തമാവാത്ത നിയമ വ്യവസ്ഥകളിലെ പാളിച്ചകളില്‍ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാക്കപ്പെടുന്ന വിരോധാഭാസത്തെ പരിഹസിക്കുകയും കേസെടുത്ത ഉത്സാഹം തെളിവുകള്‍ സ്ഥാപിക്കുന്നതില്‍ ഇല്ലാതെപോയ സി.ബി.ഐയുടെ നിസഹായതയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്ത കോടതിയുടെ പരാമര്‍ശങ്ങള്‍ പാഠമായി പകര്‍ത്തേണ്ടതുണ്ട്.
കേട്ടപാതി, കേള്‍ക്കാത്തപാതി എന്ന നിലയില്‍ നഷ്ടക്കണക്കുകള്‍ പെരിപ്പിച്ച് റിപ്പോര്‍ട്ട് തയാറാക്കിയ മുന്‍ സി.എ.ജി വിനോദ് റായി ചെയ്ത പാപത്തിന്റെ കറ ആയിരം ഗംഗയില്‍ കഴുകിയാലും മാഞ്ഞുപോകില്ല. ശക്തമായ മതേതര – ജനാധിപത്യ ഭരണ സംവിധാനത്തെ അട്ടിമറിക്കപ്പെടുകയും ഫാസിസ്റ്റുകള്‍ക്ക് അധികാരാരോഹണത്തിന് അവസരമൊരുക്കുകയും ജനപ്രതിനിധികള്‍ക്ക് കാരാഗ്രഹങ്ങളുടെ കറുത്ത വാതിലുകള്‍ തുറന്നിട്ടു കൊടുക്കുകയും ചെയ്യുന്നതിന് നിമിത്തമായ മഹാപാതകത്തിന് കാലം മാപ്പുതരില്ല. 1.76 ലക്ഷം കോടിയുടെ അഴിമതി നടന്നു എന്നതായിരുന്ന സി.എ.ജിയുടെ കണ്ണും പൂട്ടിയുള്ള റിപ്പോര്‍ട്ട്. ജനഹിത ഭരണം തുടരുകയായിരുന്ന രണ്ടാം യു.പി.എ സര്‍ക്കാറിനെ താഴെയിറക്കിയതില്‍ പ്രധാന പങ്കുവഹിച്ചത് ഈ റിപ്പോര്‍ട്ടും അനുബന്ധ നടപടികളുമാണ്. എന്നാല്‍ ഇന്നലെ കോടതി വിധി പുറപ്പെടുവിച്ചപ്പോള്‍ ഇത് ഊതിവീര്‍പ്പിച്ച ബലൂണായിരുന്നുവെന്ന് ബോധ്യമായി. പ്രതികള്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പതിനെട്ടടവും പയറ്റിയതാണ്. പക്ഷെ, ഒരു ആരോപണത്തിലെങ്കിലും കഴമ്പുണ്ടെന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, കോടതിയുടെ പരിഹാസത്തിനും പഴികേള്‍ക്കലിനും പാത്രമായി എന്നത് വലിയ നാണക്കേടായി.സി.ബി.ഐ അന്വേഷിച്ച രണ്ടും എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിച്ച ഒരു കേസും ഉള്‍പ്പെടെ മൂന്നു വിധിന്യായങ്ങളിലും നൂലിഴ പരിശോധിച്ച് നെല്ലും പതിരും വേര്‍തിരിച്ചാണ് പ്രത്യേക കോടതി വിധി പറഞ്ഞത്. അതിനാല്‍ മേല്‍ക്കോടതികളില്‍ അപ്പീല്‍ പോകുന്നതിന്റെ സാംഗത്യം പ്രോസിക്യൂഷനു മുമ്പില്‍ ഭീഷണിയായി നില്‍ക്കുന്നുണ്ട്.
മാനദണ്ഡങ്ങള്‍ പാലിക്കാതെ 122 സ്വകാര്യ ടെലികോം കമ്പനികള്‍ക്ക് ടു.ജി ലൈസന്‍സ് സ്‌പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായി എന്നതാണ് സി.ബി.ഐ രജിസ്റ്റര്‍ ചെയ്ത ഒരു കേസ്. ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്റ്റാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളെ പ്രതിചേര്‍ത്തതാണ് മറ്റൊരു കേസ്. കള്ളപ്പണം വെളുപ്പിച്ചുവെന്ന പേരില്‍ 2014ല്‍ എന്‍ഫോസ്‌മെന്റ് ഡയരക്ടറേറ്റ് കുറ്റപത്രം നല്‍കിയത് മൂന്നാമത്തെ കേസ്. ഈ മൂന്നു കേസുകളും ഇഴകീറി പരിശോധിച്ച കോടതിക്ക് ആരോപണ വിധേയരെ പ്രതിയാക്കാന്‍ ഒരു കച്ചിത്തുമ്പു പോലും കിട്ടിയില്ല. ആരോപണങ്ങള്‍ തെളിയിക്കാനോ അവയെ നീതീകരിക്കാന്‍ ഉതകുന്ന തെളിവ് ഹാജരാക്കാനോ കഴിയാതിരുന്ന സി.ബി.ഐയെ വിചാരണ വേളയില്‍ ജഡ്ജി കണക്കിനു വിമര്‍ശിക്കാന്‍ കാരണം ഇതായിരുന്നു. വാക്കുകളില്‍ ഒരു തരത്തിലുമുള്ള ഔപചാരികതയും കൂട്ടിയിണക്കാതെയുള്ള വിമര്‍ശത്തിന് ജഡ്ജിയെ പ്രേരിപ്പിച്ചത് കേസിന്റെ അനന്തരഫലങ്ങള്‍ തന്നെയാണെന്നര്‍ത്ഥം.
‘കേസുമായി ബന്ധപ്പെട്ട് ഇതുവരെ നടത്തിയ എല്ലാ ചര്‍ച്ചകളും പരിശോധിച്ചതില്‍ നിന്ന് ഇതിന്റെ അനന്തര ഫലമായി എനിക്ക് കാണാന്‍ കഴിയുന്നത് ആരോപണങ്ങള്‍ തെളിയിക്കുന്നതില്‍ സി.ബി.ഐ അമ്പേ പരാജയപ്പെട്ടിരിക്കുന്നു എന്നതാണ്. ആ നിലക്ക് നോക്കിയാല്‍ കുറ്റപത്രം ഊതിപ്പെരുപ്പിച്ചതാണ്. ഔദ്യോഗിക രേഖകള്‍ തെറ്റായി വ്യാഖ്യാനിക്കുകയോ, വ്യാഖ്യാനിക്കാതിരിക്കുകയോ, ചില ഭാഗങ്ങള്‍ മാത്രം വായിക്കുകയോ ചെയ്താണ് സി.ബി.ഐ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. സാക്ഷികള്‍ ഒഴുക്കന്‍ മട്ടില്‍ പറഞ്ഞ കാര്യങ്ങള്‍ പരാമര്‍ശിച്ചതാണ് കുറ്റപത്രത്തിലെ കാര്യങ്ങളത്രയും. ഇക്കാര്യങ്ങള്‍ തന്നെ സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറയുകയും ചെയ്തിട്ടുണ്ട്. ടു.ജി സ്‌പെക്ട്രത്തിന്റെ പ്രവേശന തുകയില്‍ പരിഷ്‌കാരം വേണമെന്നു ഫിനാന്‍സ് സെക്രട്ടറി പറഞ്ഞത്, നിയമത്തിലെ ഒരു വകുപ്പ് എ. രാജ ഇല്ലാതാക്കിയത് തുടങ്ങിയ കുറ്റപത്രത്തില്‍ പറഞ്ഞ പ്രധാന കാര്യങ്ങളെല്ലാം വസ്തുതാപരമായി തെറ്റാണ്’ – ജഡ്ജി ഒ.പി സെയ്‌നിയുടെ പ്രധാന നിരീക്ഷണങ്ങളാണിത്. ഇതോടെ ലോകം കണ്ട ഏറ്റവും അഴിമതിയെന്ന് ബി.ജെ.പിയും ഇടതുപക്ഷവും കൊട്ടിഘോഷിച്ച കേസിന്റെ മര്‍മംപോലും തകര്‍ന്നിരിക്കുകയാണ്.
കോടതി വിധി കോണ്‍ഗ്രസിനു മാത്രമല്ല, മതേതര പൊതുബോധത്തിന് പൊതുവെ പുതിയ ഊര്‍ജം പകരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എതിരാളികളുടെ എക്കാലത്തെയും വലിയ രാഷ്ട്രീയ ബോംബാണ് നനഞ്ഞ പടക്കമായി പരിണമിച്ചത്. രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷനായുള്ള അവരോധവും ഗുജറാത്തില്‍ പാര്‍ട്ടിക്കുണ്ടായ വര്‍ധിത മുന്നേറ്റത്തിനുമൊപ്പം ടു.ജി കേസ് വിധിയും കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കും. രണ്ടാം യു.പി.എ സര്‍ക്കാറിനെ മലര്‍ത്തിയടിക്കാനും മന്‍മോഹന്‍ സിങിന്റെ പ്രതിച്ഛായ തകര്‍ക്കാനുമുള്ള രാഷ്ട്രീയ ഗൂഢാലോചനയായി ടു.ജി കേസിനെ കാണാം. സി.എ.ജി റിപ്പോര്‍ട്ടും എ. രാജയും കനിമൊഴിയും ഉള്‍പ്പെടെയുള്ളവരെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതും ഇതിന്റെ ഭാഗമായി ചേര്‍ന്നുവായിക്കാം. പ്രധാനമന്ത്രിയുള്‍പ്പെടെ പ്രമുഖരെ പ്രതിപ്പട്ടികയില്‍ ചേര്‍ത്ത് വേട്ടയാടിയതിന്റെ ദുരദ്ദേശ്യവും കണ്ടറിയാം. ഇതിലൂടെ രാജ്യം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയിലേക്കു കടന്നെത്താം.
ആറു വര്‍ഷത്തിനുപ്പുറം കേസിന്റെ വഴിയിലെ ക്ലേശതകള്‍ക്കപ്പുറം പ്രതികളെന്ന് പ്രഖ്യാപിക്കപ്പെട്ടവരുടെ പരിശുദ്ധത പകല്‍പോലെ പ്രകടമായതിന്റെ പൊരുള്‍ പ്രബുദ്ധ ജനത പഠിക്കട്ടെ. അമേരിക്കയിലെ വാട്ടര്‍ഗേറ്റിനു ശേഷം ലോകം കണ്ട രണ്ടാമത്തെ കൊടിയ കുംഭകോണമെന്നു കൊട്ടിപ്പാടി നടന്നവര്‍ ഇനിയെങ്കിലും വായടക്കട്ടെ. സത്യമേവ ജയതേ…

chandrika: