X

നോട്ട് മാറ്റം ഗുരുതര വിഷയമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഗുരുതര വിഷയമാണിതെന്ന് പറഞ്ഞ കോടതി, നോട്ട് കേസുകളില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ഹൈക്കോടതികളെ വിലക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളുകയും ചെയ്തു. നിലവിലെ രീതി തുടര്‍ന്നാല്‍ തെരുവില്‍ കലാപമുണ്ടാകുമെന്നും നോട്ടുകള്‍ പ്രിന്റു ചെയ്യാന്‍ കഴിയാത്തതാണോ പ്രതിസന്ധിക്കു കാരണമെന്നും കോടതി ചോദിച്ചു. ജനങ്ങള്‍ക്ക് പ്രയാസം നേരിടുന്നതുകൊണ്ടാണ് അവര്‍ കോടതികളെ സമീപിക്കുന്നത്. അതിനെ വിലക്കാനാവില്ല- ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍, ജസ്റ്റിസ് എ.ആര്‍ ധവെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവെ ജനങ്ങളുടെ ദുരിതം പരിഹരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ഉറപ്പു നല്‍കിയിരുന്നു. നോട്ടു മാറ്റാനുള്ള പരിധി 4,000ത്തില്‍നിന്ന് 4500 ആയി ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ രണ്ടു ദിവസത്തിനു ശേഷം പരിധി 2000 രൂപയാക്കി വെട്ടിക്കുറക്കുകയായിരുന്നു. കോടതിയില്‍ നല്‍കിയ ഉറപ്പിന് വിരുദ്ധമായി എന്തുകൊണ്ടാണ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയോട് കോടതി ചോദിച്ചു.

”ചില നടപടികള്‍ ആവശ്യമാണ്. ജനങ്ങള്‍ പ്രയാസം നേരിടുന്നുണ്ട്. അതുകൊണ്ടാണവര്‍ കോടതികളെ സമീപിക്കുന്നത്. അതില്‍നിന്ന് വിലക്കിയാല്‍ പ്രശ്‌നത്തിന്റെ തീവ്രത എങ്ങനെ മനസ്സിലാകും. ജനങ്ങള്‍ പല കോടതികളെയും സമീപിക്കുന്നതിന്റെ അര്‍ത്ഥം അവര്‍ അത്രയധികം പ്രശ്‌നം നേരിടുന്നുണ്ട് എന്നാണ്”- സുപ്രീംകോടതി പറഞ്ഞു. ”കേന്ദ്ര സര്‍ക്കാര്‍ നടപടി ജനങ്ങളെ ബാധിച്ചിരിക്കുന്നു. അവര്‍ ഭയത്തിലാണ്. ജനങ്ങള്‍ക്ക് കോടതികളെ സമീപിക്കാനുള്ള അവകാശമുണ്ട്. ജനങ്ങള്‍ക്ക് പ്രയാസമുണ്ട് എന്ന കാര്യത്തില്‍ നിങ്ങള്‍ക്ക് (കേന്ദ്ര സര്‍ക്കാറിന്) എതിരഭിപ്രായമുണ്ടോ”യെന്നും കോടതി ചോദിച്ചു. തര്‍ക്കമില്ലെന്നായിരുന്നു ഇതിന് എ.ജിയുടെ മറുപടി. എന്നാല്‍ ബാങ്കുകളുടെ മുന്നിലെ വരിക്ക് നീളം കുറഞ്ഞു വരുന്നുണ്ട്. ഉച്ചഭക്ഷണത്തിന് പുറത്തു പോകുമ്പോള്‍ ചീഫ് ജസ്റ്റിസിന് അക്കാര്യം നിരീക്ഷിക്കാമെന്നും അഡ്വ. കപില്‍ സിബലിന്റെ എതിര്‍പ്പ് തള്ളി എ.ജി പറഞ്ഞു. സിബലിനെതിരെയും എ.ജി വിമര്‍ശനം ഉന്നയിച്ചു.

”കോടതിയില്‍ നടക്കുന്നത് രാഷ്ട്രീയ നീക്കമാണ്. ഞാന്‍ നിങ്ങളുടെ(സിബലിന്റെ) വാര്‍ത്താ സമ്മേളനം കണ്ടിരുന്നു. നിങ്ങള്‍ കോടതിയില്‍ ഹാജരാകുന്നത് രാഷ്ട്രീയ പാര്‍ട്ടിക്കു വേണ്ടിയല്ല. അഭിഭാഷകന്‍ ആയാണ്. പരമോന്നത നീതിപീഠത്തെ രാഷ്ട്രീയ വേദിയാക്കി മാറ്റാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്”- മുകുള്‍ റോഹത്ഗി കുറ്റപ്പെടുത്തി.

എന്നാല്‍ എ.ജിയുടെ വാദത്തേ കോടതി ഖണ്ഡിച്ചു. ”ഒടുവില്‍ നിങ്ങള്‍ കോടതിയില്‍ വന്നപ്പോള്‍ പറഞ്ഞത് ജനങ്ങളുടെ പ്രയാസം അകറ്റാന്‍ നടപടി എടുക്കും എന്നാണ്. പിന്നെ എന്തുകൊണ്ടാണ് പരിധി 2000 രൂപയാക്കി കുറച്ചത്. എന്താണ് നങ്ങള്‍ നേരിടുന്ന പ്രയാസം”- കോടതി ചോദിച്ചു. പുതിയ കറന്‍സികള്‍ പ്രിന്റു ചെയ്ത ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള ബാങ്ക് ശാഖകളിലേക്ക് എത്തിക്കുന്നതും എ.ടി.എമ്മുകളുടെ പുനഃക്രമീകരണവുമാണ് പ്രതിസന്ധിയെന്നായിരുന്നു എ.ജിയുടെ മറുപടി. ജനങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതിനായി കൃഷി ആവശ്യത്തിന് 50,000 രൂപ വരെയും വിവാഹ ആവശ്യത്തിന് രണ്ടര ലക്ഷം രൂപ വരെയും പിന്‍വലിക്കുന്നതിന് ഇളവ് നല്‍കിയിട്ടുണ്ട്. ഇതിനു പുറമെ പെട്രോള്‍ പമ്പുകളില്‍നിന്ന് കാര്‍ഡ് സൈ്വപ്പ് ചെയ്ത് ഒരാള്‍ക്ക് രണ്ടായിരം രൂപ വരെ പിന്‍വലിക്കുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും എജി വിശദീകരിച്ചു.

എന്നാല്‍ എ.ജിയുടെ വാദം കപില്‍ സിബല്‍ നിഷേധിച്ചു. കറന്‍സി കുറവാണ് നിലവിലെ പ്രതിസന്ധിക്കു കാരണമെന്ന് അദ്ദേഹം പറഞ്ഞു. 23 ലക്ഷം കോടി രൂപയുടെ പുതിയ കറന്‍സികള്‍ പ്രിന്റു ചെയ്താല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവൂ. അതിനുള്ള ശേഷി രാജ്യത്തെ കറന്‍സി പ്രിന്റിങ് പ്രസുകള്‍ക്ക് ഇല്ല. 14,000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് നോട്ടുമാറ്റല്‍ തീരുമാനം വഴി കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചിരിക്കുന്നത്. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇതെന്ന് അറിയില്ല. ബാങ്കുകള്‍ ഉപഭോക്താക്കളുടെ പണത്തിന്റെ സൂക്ഷിപ്പുകാര്‍ മാത്രമാണ്. നിയമപരമായ പണം പിന്‍വലിക്കുന്നതില്‍നിന്ന് ബാങ്കുകള്‍ക്ക് എങ്ങനെ നിക്ഷേപകനെ തടയാനാകും. പ്രതിസന്ധി നമ്മള്‍ കണക്കുകൂട്ടുന്നതിനേക്കാള്‍ ഗുരുതരമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഉള്‍പ്രദേശങ്ങളിലും നക്‌സല്‍ സ്വാധീന പ്രദേശങ്ങളിലും കഴിയുന്ന ജനങ്ങളുടെ പ്രയാസം സര്‍ക്കാര്‍ മനസ്സിലാക്കുന്നില്ല. 20 കിലോമീറ്റര്‍ വരെ കാല്‍നടയായി വേണം അവര്‍ക്ക് എ.ടി.എമ്മിലെത്താ നെന്നും സിബല്‍ വാദിച്ചു.

നോട്ടു മാറ്റല്‍ വിഷയത്തില്‍ വിവിധ ഹൈക്കോടതികളില്‍ നിലനില്‍ക്കുന്ന കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിന് പ്രത്യേക ഹര്‍ജി നല്‍കാമെന്ന് കോടതി പറഞ്ഞു. ഇതേതുടര്‍ന്ന് ട്രാന്‍സ്ഫര്‍ ഹര്‍ജി സമര്‍പ്പിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കി. കേസ് ഈ മാസം 25ന് വീണ്ടും പരിഗണിക്കും.

chandrika: