X
    Categories: Views

നോട്ട് പിന്‍വലിക്കല്‍ മുന്നൊരുക്കമില്ലാതെയെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന

ന്യൂഡല്‍ഹി: വേണ്ടത്ര മുന്നൊരുക്കമില്ലാതെയാണ് ഉയര്‍ന്ന മൂല്യമുള്ള 1000, 500 രൂപ കറന്‍സികള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാറും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയും തീരുമാനിച്ചതെന്ന വിമര്‍ശനവുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍.

നോട്ട് പിന്‍വലിക്കലിനെ തുടര്‍ന്ന് ബാങ്ക് ജീവനക്കാരും ഉപഭോക്താക്കളും ഒരുപോലെ ദുരിതത്തിലായിരിക്കുകയാണെന്നും ജീവനക്കാര്‍ ആരോപിച്ചു. സര്‍ക്കാര്‍ നടപടിയില്‍ അമര്‍ഷം പ്രകടിപ്പിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകളായ ആള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്‌സ് അസോസിയേഷനും(എ.ഐ.ബി.ഒ.എ) ആള്‍ ഇന്ത്യാ ബാങ്ക് എംപ്ലോയീസ് അസോസിയേഷനും (എ.ഐ.ബി.ഇ.എ) ബാങ്ക് മാനേജ്‌മെന്റുകളുടെ സംഘടനയായ ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന്(ഐ.ബി.എ) കത്തയച്ചു.

ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും മേല്‍ താങ്ങാനാവാത്ത സമ്മര്‍ദ്ദമാണ് സര്‍ക്കാര്‍, ആര്‍.ബി.ഐ തീരുമാനം വഴി ഉണ്ടായിരിക്കുന്നത്. നോട്ടുകള്‍ മാറിയെടുക്കാന്‍ ജനം നെട്ടോട്ടത്തിലാണ്. ബാങ്ക് ശാഖകളില്‍ ഗുരുതരമായ സ്ഥിതിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്. ജീവനക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും ഇത് താങ്ങാനാവുന്നില്ല. ഓഫീസേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് നാഗരാജന്‍, എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി.എച്ച് വെങ്കിടാചലം എന്നിവര്‍ ഒപ്പുവെച്ച കത്തില്‍ പറയുന്നു.

മാറി വാങ്ങാന്‍ എത്തുന്നവര്‍ക്ക് നല്‍കാന്‍ ആവശ്യത്തിന് 100 രൂപ നോട്ടുകള്‍ ലഭ്യമല്ല. 2000 രൂപ കറന്‍സികള്‍ ഉണ്ടെങ്കിലും വിപണിയില്‍ ചില്ലറ ലഭിക്കാത്തതിനാല്‍ അവ വാങ്ങാന്‍ ഉപഭോക്താക്കള്‍ കൂട്ടാക്കുന്നുമില്ല. ഇത് ജീവനക്കാരും ഉപഭോക്താക്കളും തമ്മിലുള്ള വാക്കേറ്റത്തിനും സംഘര്‍ഷത്തിനും വഴിയൊരുക്കുന്നു. ധനവിപണിയില്‍ 100 രൂപ കറന്‍സിയുടെ ലഭ്യത നേരത്തെതന്നെ കുറവുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാറിനും ആര്‍.ബി.ഐക്കും അറിയാം. 2015-16 വര്‍ഷത്തേക്ക് 535 കോടി 100 രൂപ നോട്ടുകള്‍ ആവശ്യമുണ്ടെന്നായിരുന്നു ആര്‍.ബി.ഐ തന്നെ തയ്യാറാക്കിയ കണക്ക്. എന്നാല്‍ 490 കോടി നോട്ടുകള്‍ മാത്രമാണ് ആര്‍.ബി.ഐ ബാങ്കുകള്‍ക്ക് നല്‍കിയത്. 1000, 500 രൂപ കറന്‍സികള്‍ അസാധുവാക്കിയതോടെ ഈ അന്തരം ഗണ്യമായി വര്‍ധിച്ചു. ആവശ്യത്തിന് പുതിയ 500 രൂപ നോട്ടുകള്‍ സമയത്തിന് ലഭ്യമാക്കാത്തതിന്റെ കാരണം എന്തെന്ന് മനസ്സിലാകുന്നില്ലെന്നും കത്തില്‍ പറയുന്നു.

2.20 ലക്ഷം എ.ടി.എമ്മുകള്‍ ഭാഗികമായോ പൂര്‍ണമായോ അടഞ്ഞുകിടക്കുകയാണ്. ഇതും ബാങ്ക് ജീവനക്കാരെയും ഉപഭോക്താക്കളെയും പ്രതിസന്ധിയിലാക്കുന്നു. എ.ടി.എമ്മുകളില്‍ പണമില്ലാത്തതിനാല്‍ ചെറിയ തുക പിന്‍വലിക്കാന്‍ പോലും ഉപഭോക്താക്കള്‍ ബാങ്കുകള്‍ക്ക് മുന്നില്‍ മണിക്കൂറോളം വരി നില്‍ക്കേണ്ടി വരുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. പ്രതിസന്ധി മറികടക്കുന്നതിന് ആവശ്യത്തിന് 100 രൂപ നോട്ടും പുതിയ 500 രൂപ നോട്ടും ഉടന്‍ ബാങ്കുകള്‍ക്ക് എത്തിക്കണമെന്നും ഇതിനായി റിസര്‍വ് ബാങ്കിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ബാങ്ക് മാനേജ്‌മെന്റുകളോട് യൂണിയനുകള്‍ അഭ്യര്‍ത്ഥിച്ചു.

chandrika: