X

നോട്ട് നിരോധനം: മോദി സര്‍ക്കാരിനെതിരെ പ്രതിഷേധ ക്യൂ വലയം തീര്‍ത്ത് യൂത്ത് ലീഗ്

കോഴിക്കോട്: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് നിരോധന നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനമെങ്ങും പഞ്ചായത്ത് തലത്തില്‍ മുസ്‌ലിം യൂത്ത് ലീഗ് ക്യൂ വലയങ്ങള്‍ തീര്‍ത്തു. നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ അനുഭവിച്ച ദുരിതത്തെ കാണിക്കുന്നതിന് മുസ്‌ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ തീര്‍ത്ത ക്യൂ വലയം പൊതുജനം ഏറ്റെടുത്തു. പ്രതിഷേധ ക്യൂ വലയത്തിന് മുന്നോടിയായി കവലകളില്‍ പ്രതിഷേധ പ്രകടനവും നടന്നു.

നോട്ട് നിരോധനം കൊണ്ട് രാജ്യം എന്ത് നേടി, എത്ര കള്ളപ്പണം പിടികൂടി, എത്ര കള്ളപ്പണക്കാരെ തുറുങ്കിലടച്ചു, നിരോധനം മൂലം ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് എന്ത് നഷ്ടപരിഹാരം നല്‍കി, അന്‍പത് ദിവസത്തിന് ശേഷം പ്രധാനമന്ത്രിക്ക് എന്താണ് പറയാനുള്ളത് തുടങ്ങി ഇരുപതോളം ചോദ്യങ്ങള്‍ ക്യൂ വലയത്തില്‍ നിന്നുയര്‍ന്നു.

മലപ്പുറം മുനിസിപ്പല്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം കുന്നുമ്മലില്‍ നടന്ന ക്യൂ വലയം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി മുജീബ് കാടേരി മുഖ്യപ്രഭാഷണം നടത്തി.
കോഴിക്കോട് സൗത്ത് നിയോജക മണ്ഡലം കമ്മിറ്റി ബീച്ചില്‍ സംഘടിപ്പിച്ച ക്യു വലയം മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. പട്ടാമ്പിയില്‍ സംസ്ഥാന ട്രഷറര്‍ എം.എ സമദും കൊടുവള്ളിയില്‍ സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരവും ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം കൊല്ലം അയത്തിലും ഫൈസല്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടിയിലും, പി. ഇസ്മായില്‍ സുല്‍ത്താന്‍ ബത്തേരിയിലും, പി.കെ സുബൈര്‍ കണ്ണൂരിലും പി.എ അബ്ദുള്‍ കരീം ചേലക്കരയിലും, പി.എ അഹമ്മദ് കബീര്‍ തൃക്കാക്കരയിലും കെ.എസ് സിയാദ് അടിമാലിയിലും ആഷിക്ക് ചെലവൂര്‍ കുന്ദമംഗലത്തും വി.വി മുഹമ്മദലി നാദാപുരത്തും പി.പി അന്‍വര്‍ സാദത്ത് ആലിപ്പറമ്പിലും ക്യൂ വലയം ഉദ്ഘാടനം ചെയ്തു.
കണ്ണൂര്‍ ജില്ലയിലെ 40 കേന്ദ്രങ്ങളില്‍ വിവിധ കമ്മറ്റികളുടെ ആഭിമുഖ്യത്തില്‍ ക്യൂ വലയം നടന്നു. ജില്ലാ പ്രസിഡന്റ് വി.പി മൂസാന്‍കുട്ടി നടുവില്‍ പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് 75 കേന്ദ്രങ്ങളില്‍ ക്യൂ വലയം തീര്‍ത്തു. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ നടുവണ്ണൂരില്‍ ഉദ്ഘാടനം ചെയ്തു. വയനാട്ടില്‍ 26 കേന്ദ്രങ്ങളില്‍ ക്യു വലയം സംഘടിപ്പിച്ചു. മേപ്പാടിയില്‍ ജില്ലാ പ്രസിഡണ്ട് ഹാരിസ് പടിഞ്ഞാറത്തറ ഉദ്ഘാടനം ചെയ്തു.
മലപ്പുറത്ത് 100 കേന്ദ്രങ്ങളിലായി ക്യൂവലയം തീര്‍ത്തു. എം.എസ്.എഫ് അഖിലേന്ത്യാ പ്രസിഡന്റ് ടി.പി. അഷറഫലി വഴിക്കടവിലും, യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ മഞ്ചേരിയിലും ഉദ്ഘാടനം ചെയ്തു. പാലക്കാട് ജില്ലാ പ്രസിഡന്റ് സി.എ സാജിദ് തിരുവേഗപ്പുറയില്‍ തൃശ്ശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ കൈപ്പമംഗലത്തും ഇടുക്കി ജില്ലാ പ്രസിഡന്റ് ടി.കെ നവാസ് തൊടുപുഴയിലും മുഖ്യപ്രഭാഷണം നടത്തി.
കൊട്ടാങ്ങലില്‍ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ഹുനൈസ് ഊട്ടുകുളം ഉദ്ഘാടനം ചെയ്തു. കൊല്ലം അഞ്ചലില്‍ ജില്ലാ പ്രസിഡന്റ് കാര്യറ നസീര്‍ ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം ബീമാപള്ളിയില്‍ ജില്ലാ പ്രസിഡന്റ് ഡി നൗഷാദ് മുഖ്യപ്രഭാഷണം നടത്തി. ഹമീദലി ഷംനാടിന്റെ നിര്യാണം മൂലം മാറ്റം വരുത്തിയ കാസര്‍കോട് ജില്ലയിലെ ക്യൂ വലയം ഇന്ന് നടക്കും.

chandrika: