ബല്‍ാഗം(കര്‍ണാടക): മോദി നിര്‍മ്മിത ദുരന്തമാണ് നോട്ടു നിരോധനമെന്ന് കോണ്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ സുഹൃത്തുക്കളായ 50 കുടുംബങ്ങള്‍ക്ക് മാത്രമാണ് ഇതിന്റെ നേട്ടം ലഭിക്കുക. കര്‍ഷകരെയും തൊഴിലാളികളെയും പരിഹസിക്കുകയാണ് പ്രധാനമന്ത്രിയെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണാടകയിലെ ബല്‍ഗാമില്‍ കോണ്‍ഗ്രസ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് രാഹുല്‍ മോദിക്കെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയത്.
വിജയ് മല്യ കള്ളനാണെങ്കില്‍ പിന്നെ എങ്ങനെയാണ് അയാളുടെ 1200 കോടി രൂപയുടെ വായ്പ എഴുതിത്തള്ളാന്‍ നിങ്ങളുടെ സര്‍ക്കാറിന് കഴിഞ്ഞതെന്ന് പ്രധാനമന്ത്രി പറയണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ധൈര്യമുണ്ടെങ്കില്‍ സ്വിസ് ബാങ്കുകളില്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ കള്ളപ്പണ നിക്ഷേപങ്ങളുടെ ലിസ്റ്റ് പാര്‍ലമെന്റില്‍ വെക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ആത്മാര്‍ത്ഥമായ പോരാട്ടമാണ് നടത്തുന്നതെങ്കില്‍ എന്‍.ഡി.എ സര്‍ക്കാറിന് നൂറുശതമാനം പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. നോട്ട് പിന്‍വലിക്കല്‍ നടപടി അതല്ല. കള്ളപ്പണത്തിനെതിരെ ചെറുതോ വലുതോ എന്ത് നടപടി സ്വീകരിച്ചാലും പൂര്‍ണമായി പിന്തുണക്കാന്‍ ഒരുക്കമാണ്.
എന്നാല്‍ നോട്ട്പിന്‍വലിക്കല്‍ നാടകം കള്ളപ്പണത്തനെതിരായ പോരാട്ടമല്ല. രാജ്യത്തെ 99 ശതമാനം വരുന്ന പൗരന്മാരെയാണ് മോദി അവഹേളിച്ചിരിക്കുന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്കും രാജ്യത്തെ സാധാരണ ജനങ്ങള്‍ക്കും നേരെയുള്ള ആക്രമണമാണ് മോദി നടത്തിയതെന്നും രാഹുല്‍ തുറന്നടിച്ചു.