നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രിയുടെ നടപടിയില്‍ ഏറെ പ്രയാസത്തിലായത് ബാങ്ക് ജീവനക്കാരാണ്. അതിരാവിലെ മുതല്‍ വിശ്രമമില്ലാത്ത ജോലിയും അവധി ദിനങ്ങള്‍ കൂടി പലതും റദ്ദാക്കിയതും ഇവരുടെ പ്രയാസങ്ങള്‍ ഇരട്ടിയാക്കി. തിരക്കേറിയ ജോലികള്‍ക്കിടെ സംഭവിച്ച ഒരു കൈയബദ്ധം ടാക്‌സി ഡ്രൈവറായ ബല്‍വിന്ദര്‍ സാഹ്നിയെ ഒരു ദിവസത്തേക്ക് കോടിപതിയാക്കി.
ജന്‍ധന്‍ പദ്ധതി വഴി പട്യാല സ്റ്റേറ്റ് ബാങ്കില്‍ തുറന്ന അക്കൗണ്ടിലാണ് 98,05,95,12,231 രൂപ ക്രെഡിറ്റായതായി ബല്‍വിന്ദറിന്റെ ഫോണില്‍ മെസേജ് കാണിച്ചത്. എന്നാല്‍ അടുത്ത ദിവസം തന്നെ ഈ തുക തിരിച്ചെടുത്തതായി ഫോണില്‍ വീണ്ടും മെസേജ് വന്നു. ബാങ്കില്‍ പോയി അന്വേഷിച്ചെങ്കിലും ബാങ്ക് അധികൃതര്‍ തന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ലെന്ന് ഇയാള്‍ പറയുന്നു. ഇയാളുടെ പാസ്ബുക്ക് ബാങ്ക് അധികൃതര്‍ വാങ്ങി പകരം പുതിയൊരു പാസ്ബുക്ക് നല്‍കുകയും ചെയ്തു.
പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയതോടെയാണ് ബാങ്കധികൃതരുടെ ഭാഗത്ത് വന്ന പിഴവാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമായത്. ഇയാളുടെ അക്കൗണ്ടില്‍ 200 രൂപ നിക്ഷേപിക്കുന്നതിനിടെ അക്കൗണ്ട്‌സ് മാനേജര്‍ തുക മാറി പകരം ബാങ്കിന്റെ ജനറല്‍ ലെഡ്ജര്‍ അക്കൗണ്ട് നമ്പര്‍ എഴുതുകയായിരുന്നു. ഈ തെറ്റ് ശ്രദ്ധയില്‍ പെട്ടതോടെ അടുത്ത ദിവസം തന്നെ തിരുത്തുകയും ചെയ്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.