മുംബൈ: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ ഏറിയ പങ്കും ബാങ്കുകളില്‍ തിരിച്ചെത്തിയതായി ആര്‍.ബി.ഐ. ഈ മാസം 10 വരെ 12.44 ലക്ഷം കോടി രൂപയുടെ അസാധു നോട്ടുകള്‍ തിരിച്ചെത്തിയതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ആര്‍ ഗാന്ധി അറിയിച്ചു. നോട്ട് അസാധുവാക്കല്‍ നടപടിയിലൂടെ കള്ളപ്പണവും കള്ള നോട്ടുമായി വലിയൊരു പങ്ക് ബാങ്കിലെത്തില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ കണക്കു കൂട്ടലുകള്‍ തെറ്റിയെന്ന് വ്യക്തമാക്കുന്നതാണ് റിസര്‍വ് ബാങ്ക് പുറത്തു വിട്ട കണക്കുകള്‍.
രാജ്യത്തെ വിവിധ ബാങ്കുകള്‍ അവരുടെ കൗണ്ടറുകളിലൂടേയും എ.ടി.എം വഴിയും നവംബര്‍ 10 മുതല്‍ ഡിസംബര്‍ 10 വരെ വിതരണം ചെയ്തത് 4.61 ലക്ഷം കോടി രൂപയുടെ പുതിയ നോട്ടുകളാണെന്നും ആര്‍. ബി.ഐ അറിയിച്ചു. 2180 കോടി നോട്ടുകളാണ് ആകെ വിതരണം ചെയ്തത്. ഇതില്‍ 2010 കോടി നോട്ടുകള്‍ 10, 20, 50, 100 രൂപ നോട്ടുകളാണ്. 500, 2000 രൂപയുടെ 170 കോടി നോട്ടുകളും വിതരണം ചെയ്തു. അസാധു നോട്ടുകള്‍ തിരിച്ചെത്തിയത് ലക്ഷം കോടി കവിഞ്ഞതിനെ തുടര്‍ന്ന് ഡിസംബര്‍ ഏഴിന് ശേഷം മാത്രമാണ് പുതിയ നോട്ടുകള്‍ വിതരണം ചെയ്യുന്നതിന്റെ തോത് അല്‍പം ഉയര്‍ത്തിയത്.
പൊതു ജനങ്ങള്‍ക്ക് കറന്‍സി ലഭ്യമാക്കുന്നതിനായി മുഴുവന്‍ സംവിധാനവും തുടര്‍ച്ചയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ദിനേന കൂടുതല്‍ നോട്ടുകള്‍ പുറത്തിറക്കുന്നുണ്ടെന്നും ആര്‍.ബി.ഐ പറയുന്നു. പൊതുജനം അവരുടെ കൈവശമുള്ള നോട്ടുകള്‍ സ്വതന്ത്രമായി വിനിയോഗിക്കണമെന്നും കറന്‍സി പൂഴ്ത്തിവെക്കേണ്ട കാര്യമില്ലെന്നും ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ പറഞ്ഞു.
കള്ളപ്പണം തടയുന്നതിനായാണ് ഉയര്‍ന്ന മൂല്യമുള്ള കറന്‍സികള്‍ അസാധുവാക്കിയതെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. മൊത്തം പണത്തിന്റെ 86 ശതമാനത്തോളം വരുന്ന (15 ലക്ഷം കോടി രൂപ) 500, 1000 രൂപ നോട്ടുകളാണ് നവംബര്‍ എട്ടിന് അസാധുവാക്കിയത്. ഇതില്‍ 20 ശതമാനമെങ്കിലും(ചുരുങ്ങിയത് 2.8 ലക്ഷം കോടി രൂപ) ബാങ്കുകളിലേക്ക് തിരിച്ചെത്തില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ വാദം. എന്നാല്‍ ആര്‍.ബി.ഐ പുറത്തു വിട്ട പുതിയ കണക്കുകള്‍ സര്‍ക്കാര്‍ വാദത്തെ പൂര്‍ണമായും തള്ളുന്നതാണ്. 1.66 ലക്ഷം കോടി രൂപ മാത്രമാണ് ഇനി തിരിച്ചെത്താനുള്ളത്. അസാധു നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ 17 ദിവസം കൂടി ശേഷിക്കുന്നുണ്ട്.
ഡിസംബര്‍ 30 പൂര്‍ത്തിയാകുന്നതോടെ കണക്കു കൂട്ടിയതിനേക്കാള്‍ കൂടുതല്‍ അസാധു നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തിയേക്കും. സംസ്ഥാന സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയുടെ കൈവശം കെട്ടിക്കിടക്കുന്ന അസാധു നോട്ടുകള്‍, വിവിധ കേസുകളില്‍ പിടിച്ചെടുത്ത് കോടതികളില്‍ സൂക്ഷിച്ചിട്ടുള്ള അസാധു നോട്ടുകള്‍ എന്നിവയെല്ലാം ചേരുന്നതോടെ എല്ലാ കണക്കുകളും തെറ്റുമെന്നാണ് വിലയിരുത്തല്‍. ബാങ്കിലെത്തുന്ന പഴയ നോട്ടുകളുടെ എണ്ണം കൂടുന്നത് കള്ളപ്പണം സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളുടെ മുനയൊടിക്കും. അല്ലെങ്കില്‍ നോട്ട് അസാധുവാക്കപ്പെട്ട ശേഷം വഴിവിട്ട മാര്‍ഗങ്ങളിലൂടെ വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കപ്പെട്ടുവെന്ന് സര്‍ക്കാറിന് സമ്മതിക്കേണ്ടി വരും.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ബാങ്ക് വായ്പകളുടെ കാര്യത്തില്‍ നേരിയ കുറവ് വന്നതായും റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുന്നു. 61,000 കോടി രൂപയായാണ് വായ്പ കുറഞ്ഞത്. വായ്പ വിതരണത്തില്‍ 0.8 ശതമാനത്തിന്റെ കുറവാണ് ഇതു രേഖപ്പെടുത്തിയിരിക്കുന്നത്. നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് വായ്പാ അടവുകളില്‍ വീഴ്ച വരുത്തിയവരുള്‍പ്പെടെ ചിലര്‍ മുടങ്ങിക്കിടന്ന വായ്പകള്‍ അടച്ചു തീര്‍ക്കാന്‍ തയാറായതിനെ തുടര്‍ന്ന് ഈ ഇനത്തില്‍ 66,000 കോടി രൂപ ബാങ്കുകളിലെത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു.