ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന് ശേഷം എത്ര കള്ളപ്പണം പിടിച്ചുവെന്നതു സംബന്ധിച്ച് തങ്ങളുടെ പക്കല്‍ വിവരങ്ങളില്ലെന്ന് റിസര്‍വ് ബാങ്ക്. പാര്‍ലമെന്റിന്റെ ധനകാര്യ പാനലിനു മുമ്പിലാണ് ഇതു സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ആര്‍.ബി.ഐ കൈമലര്‍ത്തിയത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച ശേഷമുണ്ടായ നിക്ഷേപങ്ങള്‍ വഴി എത്ര കള്ളപ്പണം വെളുപ്പിച്ചുവെന്നതിന്റെയും കണക്കുകള്‍ ലഭ്യമല്ലെന്ന് കേന്ദ്രബാങ്ക് വ്യക്തമാക്കി. 15.28 ലക്ഷം കോടി പഴയ നോട്ടുകള്‍ തിരിച്ചെത്തിയതായി ബാങ്ക് അറിയിച്ചു. നേരത്തെ, ആര്‍.ബി.ഐയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലും ഈ കണക്കുകള്‍ ബാങ്ക് വെളിപ്പെടുത്തിയിരുന്നു.
തിരികെ ലഭിച്ച നോട്ടുകളുടെ ആധികാരികതയും കൃത്യതയും പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും ചില ബാങ്കുകളും പോസ്റ്റ്ഓഫീസുകളും സ്വീകരിച്ച നോട്ടുകള്‍ കറന്‍സി ചെസ്റ്റുകളില്‍ തന്നെ കിടക്കുകയാണെന്നും ആര്‍.ബി.ഐ പറയുന്നു. ഈ പ്രക്രിയ ആര്‍.ബി.ഐ ഓഫീസുകളില്‍ രണ്ട് ഷിഫ്റ്റുകളിലായി കാര്യക്ഷമതയോടെ നടന്നുവരികയാണെന്നും ബാങ്ക് പറഞ്ഞു.
അനൗദ്യോഗിക അസംഘടിത മേഖലയെയും ജി.ഡി.പിയെയും നോട്ട് നിരോധനം എങ്ങനെ ബാധിച്ചുവെന്ന ചോദ്യത്തിന് കേന്ദ്രബാങ്ക് പ്രത്യക്ഷമായ ഉത്തരം നല്‍കിയില്ല.
2016 നവംബര്‍ എട്ടിന് രാത്രിയാണ് അപ്രതീക്ഷിത പ്രഖ്യാപനത്തിലൂടെ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. നോട്ടുനിരോധനം കള്ളപ്പണത്തിനെതിരെയുള്ള മുന്നേറ്റമായി എന്ന സര്‍ക്കാര്‍ വാദത്തിന്റെ മുനയൊടിക്കുന്നതാണ് ആര്‍.ബി.ഐയുടെ ഉത്തരങ്ങള്‍. നേരത്തെ, അസാധു നോട്ടുകളില്‍ ഏകദേശം 99 ശതമാനവും ബാങ്കിങ് സംവിധാനത്തിലേക്ക് തിരികെയെത്തിയെന്ന് ആര്‍.ബി.ഐ വാര്‍ഷിക റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തിയിരുന്നു. 15.44 ലക്ഷം കോടി മൂല്യമുള്ള അസാധു നോട്ടുകളില്‍ 15.28 ലക്ഷം കോടി മൂല്യം വരുന്ന നോട്ടുകളും തിരികെയെത്തിയതായി ആര്‍.ബി.ഐ പറയുന്നു. പഴയ ആയിരം രൂപാ നോട്ടുകളില്‍ 1.4 ശതമാനം നോട്ടുകള്‍ മാത്രമാണ് ഇനിയും തിരിച്ചെത്താനുള്ളത്. നോട്ട് നിരോധനത്തിന് ശേഷം ആദ്യമാണ് ആര്‍.ബി.ഐ ഈ കണക്കുകള്‍ പുറത്തുവിടുന്നത്. വ്യാപകമായി കള്ളപ്പണം പിടികൂടിയെന്ന സര്‍ക്കാര്‍ അവകാശ വാദങ്ങളെ ചോദ്യം ചെയ്യുന്നതാണ് ഈ കണക്കുകള്‍.
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് വലിയതോതില്‍ കള്ളപ്പണവും കള്ളനോട്ടും പിടിച്ചെടുക്കാന്‍ കഴിഞ്ഞുവെന്നാണ് സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്.