ന്യൂഡല്‍ഹി: അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ മാറ്റിവാങ്ങുന്നതിനുള്ള പരിധി കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചു. ഇനി ഒരാള്‍ക്ക് ഡിസംബര്‍ 30 വരെ പരമാവധി 2000 രൂപ വരെ മാത്രമേ മാറ്റി ലഭിക്കൂ. നേരത്തെ 4,500 രൂപയായിരുന്നു പരിധി. പുതിയ തീരുമാനം വന്നതോടെ ജനത്തിന്റെ ദുരിതം ഇരട്ടിയാകും.
അസാധുവാക്കിയ കറന്‍സി തിരിച്ചേല്‍പ്പിക്കുമ്പോള്‍ പകരം നല്‍കാന്‍ ആവശ്യത്തിന് പണമില്ലാത്തതാണ് പ്രതിസന്ധിക്കു കാരണം. എല്ലാവര്‍ക്കും പണം ലഭിക്കാന്‍ വേണ്ടിയാണ് പരിധി വെട്ടിക്കുറച്ചതെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ദ ദാസ് പറഞ്ഞു.
4,000 രൂപ വരെ മാറ്റിവാങ്ങാനാണ് ആദ്യം കേന്ദ്രം അനുമതിനല്‍കിയിരുന്നത്. പരിധി പിന്നീട് 4,500 ആക്കി ഉയര്‍ത്തിയെങ്കിലും ചില്ലറയില്ലെന്ന കാരണം പറഞ്ഞ് ബാങ്കുകള്‍ 4,000 രൂപ മാത്രമേ നല്‍കിയിരുന്നുള്ളൂ. ചില ബാങ്കുകള്‍ 2,000, 3,000 രൂപ വീതം മാത്രമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മാറ്റി നല്‍കിയത്. ആവശ്യത്തിന് കറന്‍സി ലഭ്യമാണെന്ന് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാറും ആവര്‍ത്തിച്ചു പറയുമ്പോഴും ബാങ്കുകളിലെ സ്ഥിതി നേരെ തിരിച്ചാണ്. ഇതിനിടെയാണ് പരിധി വെട്ടിക്കുറച്ചുകൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മണിക്കൂറുകള്‍ വരിയില്‍ നിന്നാണ് പലരും 4,000 രൂപ വരെ മാറിയെടുക്കുന്നത്. ഇന്നു മുതല്‍ അത്രയും സമയം വരി നിന്നാല്‍ 2,000 രൂപ മാത്രമേ ലഭിക്കൂ. ഇതുതന്നെ 2,000 രൂപയുടെ കറന്‍സിയാണ് ബാങ്കുകള്‍ നല്‍കുന്നത്. 1000, 500 രൂപയുടെ നോട്ടുകള്‍ വിപണിയില്‍നിന്ന് ഒരുമിച്ച് പിന്‍വലിച്ചതോടെ 2,000 രൂപ നോട്ടു ലഭിച്ചവര്‍ ഇതു ചെലവഴിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്.
വിവാഹം, കൃഷി ആവശ്യങ്ങള്‍ക്കായി പിന്‍വലിക്കാവുന്ന യഥാക്രമം രണ്ടര ലക്ഷം, 25,000 എന്നിങ്ങനെ പിന്‍വലിക്കാമെന്ന പ്രഖ്യാപനം മാത്രമാണ് ഏക ആശ്വാസം. അതേസമയം ആളുകള്‍ പണം പൂഴ്ത്തിവെക്കരുതെന്ന നിര്‍ദേശവുമായി റിസര്‍വ് ബാങ്ക് രംഗത്തെത്തി. വിപണിയില്‍ ആവശ്യത്തിന് പണമുണ്ട്. ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പണമില്ലെന്ന് കരുതി പണം പൂഴ്ത്തിവെക്കരുതെന്നും ആര്‍.ബി.ഐ നിര്‍ദേശിച്ചു.
ധനകാര്യ സെക്രട്ടറിയുടെ പ്രഖ്യാപനങ്ങളിലെ പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ:
റാബി സീസണ്‍ പ്രമാണിച്ച് കര്‍ഷകര്‍ക്ക് വിള വായ്പ, കിസാന്‍ ക്രഡിറ്റ് കാര്‍ഡ് എന്നിവ വഴി പരമാവധി 25,000 രൂപ വരെ പിന്‍വലിക്കാം.
അസാധുവാക്കിയ 1000, 500 രൂപ നോട്ടുകള്‍ നല്‍കി മാറ്റിവാങ്ങാവുന്നത് പരമാവധി 2000 രൂപയാക്കി പരിധി കുറച്ചു. ഡിസംബര്‍ 30 വരെ ഒരാള്‍ക്ക് ഒരു തവണ മാത്രമേ പണം മാറ്റി വാങ്ങാനാകൂ. പണം മാറ്റിവാങ്ങുന്നവരുടെ വിരലില്‍ മഷിടയാളം പതിക്കണന്നെ നിര്‍ദേശം കര്‍ശനമാക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിവാഹ ആവശ്യത്തിനായി ബാങ്കുകളില്‍നിന്ന് രണ്ടര ലക്ഷം രൂപ വരെ പിന്‍വലിക്കാം. വധു, വരന്‍, ഇവരുടെ മാതാവ്, പിതാവ് എന്നിവര്‍ക്ക് മാത്രമേ പണം പിന്‍വലിക്കാനാവൂ. വിവാഹ നിശ്ചയം സംബന്ധിച്ച തെളിവ് ബാങ്ക് മുമ്പാകെ ഹാജരാക്കണം.
കൃഷി അനുബന്ധ വ്യാപാരികള്‍ക്ക് ജീവനക്കാര്‍ക്ക് കൂലി കൊടുക്കാന്‍ ഉള്‍പ്പെടെ ആഴ്ചയില്‍ പരമാവധി 50,000 രൂപ വരെ പിന്‍വലിക്കാം.
വിള ഇന്‍ഷൂറന്‍സ് പ്രീമിയം അടക്കാനുള്ള സമയം 15 ദിവസത്തേക്ക് മാത്രമായിരിക്കും
ഗ്രൂപ്പ് സി വരെയുള്ള സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ക്യാഷ് ആയി അഡ്വാന്‍സ് ശമ്പളം നല്‍കാം.