തിരുവനന്തപുരം/ന്യൂഡല്‍ഹി: 500, 1000 രൂപയുടെ നോട്ടുകള്‍ മരവിപ്പിച്ചതിനു പിന്നാലെ രാജ്യത്തെ പ്രമുഖ നഗരങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡല്‍ഹി, മുംബൈ, ലുധിയാന, ചണ്ഡീഗഡ് നഗരങ്ങളിലാണ് ഒരേ സമയം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ദക്ഷിണേന്ത്യയിലെ രണ്ട് നഗരങ്ങളിലും റെയ്ഡ് നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയിലെ കരോള്‍ബാഗ്, ദാരിബ കലാന്‍, ചാന്ദിനി ചൗക്ക് എന്നിവിടങ്ങളിലും മുംബൈയില്‍ മൂന്നിടങ്ങളിലുമാണ് റെയ്ഡ് നടന്നത്.
വ്യാപാരികള്‍, ജ്വല്ലറികള്‍, സ്വകാര്യ പണമിടപാടുകാര്‍, ഹവാലാ ഇടപാടുകാര്‍ എന്നിവര്‍ 500, 1000 നോട്ടുകള്‍ മരവിപ്പിച്ചതിനു പിന്നാലെ ഡിസ്‌കൗണ്ട് നിരക്കില്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന വിവരത്തെതുടര്‍ന്നായിരുന്നു റെയ്ഡ്. സംശയകരമായ പണമിടപാടുകള്‍ നിരീക്ഷക്കണമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയരക്ട് ടാക്‌സസ് ചെയര്‍മാന്‍ സുശീല്‍ ചന്ദ്ര കഴിഞ്ഞ ദിവസം വിവിധ അന്വേഷണ യൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 100ല്‍ അധികം ആദായ നികുതി ഉദ്യോഗസ്ഥരും നിരവധി പൊലീസുകാരും റെയ്ഡില്‍ പങ്കെടുത്തു. പണവും രേഖകളും പിടിച്ചെടുത്തതായാണ് വിവരം.
അതേസമയം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കൈവശമുണ്ടായിട്ടും ‘ദരിദ്രരായവര്‍’ കൂട്ടമായി എത്തിയതോടെ ബാങ്കുകളില്‍ ഇന്നലെ അനുഭവപ്പെട്ടത് വന്‍തിരക്കാണ്.
500, 1000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ചശേഷമുള്ള ബാങ്കുകളുടെ ആദ്യ പ്രവൃത്തിദിനത്തില്‍ രാവിലെ മുതല്‍ തന്നെ ജനം ബാങ്ക് ശാഖകളില്‍ തിക്കിത്തിരക്കി. തിരിച്ചറിയല്‍ കാര്‍ഡും സത്യവാങ്മൂലവും നല്‍കി പരമാവധി 4000 രൂപ വരെ പുതിയ നോട്ടുകള്‍ മാറി വാങ്ങാനാണ് സൗകര്യമൊരുക്കിയത്. വ്യാപാരികളും കച്ചവട സ്ഥാപനങ്ങളിലുള്ളവരുമെല്ലാം രാവിലെ മുതല്‍ ബാങ്കുകളിലെത്തി ക്യൂ നിന്നു. നോട്ട് മാറിനല്‍കാന്‍ ബാങ്കുകള്‍ പ്രത്യേക കൗണ്ടറുകള്‍ തുറന്നിരുന്നു. രാവിലെ ടോക്കണ്‍ നല്‍കിയാണ് ബാങ്കുകള്‍ തിരക്ക് നിയന്ത്രിച്ചത്. അസാധുവാക്കിയ നോട്ടുകള്‍ ബാങ്കുകളില്‍ നിക്ഷേപിക്കാനെത്തിയവരും ധാരാളമായിരുന്നു.
ശനി, ഞായര്‍ ദിവസങ്ങളിലും ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്. എ.ടി.എം കൗണ്ടറുകള്‍ ഇന്ന് പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ അല്‍പം ആശ്വാസമാകും.
പോസ്റ്റ് ഓഫീസുകള്‍ വഴി പണം മാറ്റി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാറി നല്‍കാനുള്ള കറന്‍സി എത്താത്തതിനാല്‍ ഇടപാട് നടന്നില്ല. 2000ത്തിന്റെ നോട്ട് ലഭിച്ചവരാകട്ടെ, അതിന് ചില്ലറ കണ്ടെത്താനുള്ള നെട്ടോട്ടത്തിലായി. കൊച്ചിയിലെ ചില ബാങ്കുകളില്‍ പണം എത്താത്തതിനാല്‍ അവിടെയെത്തിയവര്‍ക്ക് ടോക്കണ്‍ കൊടുത്ത ശേഷം ഉച്ചകഴിഞ്ഞാണ് പുതിയ നോട്ടുകള്‍ നല്‍കിയത്. എ.ടി.എമ്മുകളില്‍ പണം നിറയ്ക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ട്.
2000 രൂപ നോട്ടുകള്‍ എ.ടി.എമ്മില്‍ നിറയ്ക്കാന്‍ ആര്‍.ബി.ഐ അനുമതി നല്‍കിയിട്ടില്ല. കൈയിലുള്ള 500, 1000 നോട്ടുകള്‍ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാമെങ്കിലും നിശ്ചിത തുകയില്‍ കൂടുതല്‍ നിക്ഷേപിക്കുന്നവരെ ധനമന്ത്രാലയം നിരീക്ഷിക്കും. രണ്ടര ലക്ഷത്തിന് മുകളിലുള്ള നിക്ഷേപങ്ങള്‍ പരിശോധിക്കാനാണു തീരുമാനം. ഇവ വരുമാനവുമായി ഒത്തുനോക്കി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആദായനികുതിക്കു പുറമെ 200 ശതമാനം പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.