ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ പ്രതിപക്ഷ നേതാവുമായ ഗുലാം നബി ആസാദ് നടത്തിയ പരാമര്‍ശത്തെ ന്യായീകരിച്ച് ബി.ജെ.പിയുടെ സഖ്യകക്ഷിയായ ശിവസേന.
ഉറി ഭീകരാക്രമണത്തേക്കാള്‍ കൂടുതല്‍ പേരാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിയ നോട്ട് പിന്‍വലിക്കല്‍ തീരുമാനത്തിലൂടെ രാജ്യത്ത് മരിച്ചതെന്നായിരുന്നു ഗുലാം നബി ആസാദിന്റെ വിമര്‍ശനം.
രാജ്യസഭയില്‍ നോട്ട് മാറ്റല്‍ തീരുമാനം സൃഷ്ടിച്ച പ്രതിസന്ധി ഉന്നയിച്ച് സംസാരിക്കവെ ഗുലാം നബി ആസാദ് നടത്തിയ ഈ പരാമര്‍ശം ബി.ജെ.പി രാഷ്ട്രീയ ആയുധമാക്കി മാറ്റിയിരുന്നു. കോണ്‍ഗ്രസ് നേതാവിന്റെ പരാമര്‍ശം രാജ്യവിരുദ്ധവും ദേശീയ താല്‍പര്യത്തിന് എതിരുമാണെന്നായിരുന്നു ബി.ജെ.പി വാദം. സംഭവത്തില്‍ ഗുലാം നബി ആസാദ് മാപ്പു പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ആസാദ് മാപ്പു പറഞ്ഞതു കൊണ്ട് സത്യം സത്യമല്ലാതാകുമോ എന്നാണ് ശിവസേനയുടെ ചോദ്യം. സംഘടനാ മുഖപത്രമായ സാംനയില്‍ എഴുതിയ മുഖപ്രസംഗത്തിലാണ് ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന രംഗത്തെത്തിയത്.
ഉറി ആക്രമണത്തില്‍ 20 സൈനികരെ രാജ്യത്തിന് നഷ്ടമായി. നോട്ടു മാറ്റല്‍ തീരുമാനത്തെതുടര്‍ന്ന് ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നിന്ന് 40 ധീര ദേശാഭിമാനികളേയും നഷ്ടമായത്.
അക്രമികളുടെ കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. ഉറിയില്‍ ആക്രമണം നടത്തിയത് പാകിസ്താനില്‍നിന്നുള്ള തീവ്രവാദികളാണ്. നോട്ട് വിഷയത്തില്‍ ആക്രമണം നടത്തിയത് നമ്മുടെ തന്നെ ഭരണാധികാരികളാണ്. മരണത്തിന്റെ കണക്ക് മാത്രമല്ല, കേന്ദ്ര തീരുമാനം കാരണമുണ്ടായ മാന്ദ്യത്തിലൂടെ തൊഴില്‍ നഷ്ടമായത് 40 ലക്ഷത്തോളം പേര്‍ക്കാണ്. അവരെല്ലാം രാജ്യസ്‌നേഹത്തിന്റെ ഇരകളാകണമെന്നാണ് ഈ ഗവണ്‍മെന്റ് പറയുന്നത്. ഈ സംഖ്യകള്‍ ഇനിയും ഉയരുമെന്നാണ് കണക്കുകൂട്ടല്‍.
അങ്ങനെയെങ്കില്‍ രാജ്യത്തെ മുഴുവന്‍ രക്തസാക്ഷിയായി പ്രഖ്യാപിക്കേണ്ട ഒരു ദിനം അടുത്തുതന്നെ ഉണ്ടാകുമെന്നും ശിവസേന ആരോപിച്ചു.