വര്‍ത്തമാനകാല ഇന്ത്യയുടെ ബാക്കിപത്രമാണ് ബാബരി മസ്ജിദ്. മുഗള്‍ സാമ്രാജ്യ സ്ഥാപകന്‍ ബാബര്‍ ബാദുഷായുടെ പേരില്‍ അദ്ദേഹത്തിന്റെ ഗവര്‍ണര്‍ മീര്‍ബാഖി 1527ല്‍ പണികഴിപ്പിച്ച ബാബരി മസ്ജിദ് മതാന്ധത ബാധിച്ച വര്‍ഗീയക്കോമരങ്ങളുടെ ഒരു വന്‍വ്യൂഹം തച്ചുതകര്‍ത്തിട്ട് കാല്‍നൂറ്റാണ്ട് തികയുകയാണ്. ഉത്തര്‍പ്രദേശിലെ ഫൈസാബാദില്‍ 1992 ഡിസംബര്‍ ആറിനു പട്ടാപ്പകല്‍ നടന്ന, മനുഷ്യകരങ്ങളാല്‍ അതിനീചമായി അരങ്ങേറിയ ദുരന്തത്തിന് അമരം പിടിച്ചവര്‍ രാജ്യം ഇന്ന് ഭരിക്കുന്ന കക്ഷികളുടെയും പോഷക പ്രസ്ഥാനങ്ങളുടെയും ഉന്നതരാണ് എന്നതും മസ്ജിദിനു പകരം ഇക്കാലം വരെയും ഇരകള്‍ക്ക് സാമാന്യനീതി തിരിച്ചുനല്‍കാന്‍ രാജ്യത്തെ ഭരണകൂടത്തിനും നീതിന്യായ സംവിധാനങ്ങള്‍ക്കും സാധ്യമായിട്ടില്ല എന്നതും മതേതര ജനാധിപത്യ വിശ്വാസികള്‍ക്കാകെ കടുത്ത നിരാശക്ക് ഇടനല്‍കിയിരിക്കുന്നു. മതകീയ രാഷ്ട്രത്തിന് ആളും അര്‍ഥവും നല്‍കി അക്രമികളെ പ്രോല്‍സാഹിപ്പിക്കുന്ന കേന്ദ്ര ഭരണകക്ഷിക്കും രാഷ്ട്രീയ-സര്‍ക്കാര്‍ മേല്‍ക്കോയ്മക്കും മുന്നില്‍ വിറങ്ങലിച്ചുനില്‍ക്കുകയാണ് മതേതര ഇന്ത്യയുടെ പ്രതീകമായ ബാബരി മസ്ജിദിനുള്ള നീതി.
രാഷ്ട്രീയത്തില്‍ വോട്ടുതകര്‍ച്ച നേരിടുമ്പോഴെല്ലാം ബി.ജെ.പിക്ക് എടുത്തുപയറ്റാനുള്ള വജ്രായുധമാണ് രാമക്ഷേത്ര നിര്‍മാണം. പാര്‍ലമെന്റ്, നിയമസഭാതെരഞ്ഞെടുപ്പുകളിലെ വാഗ്ദാനമായി അത് കിടക്കുന്നു. നരേന്ദ്രമോദിയുടെ ഭരണത്തില്‍ സാമ്പത്തികമായും സാമൂഹികമായും പാപ്പരായിക്കൊണ്ടിരിക്കുന്ന ജനങ്ങളെ ശ്രദ്ധതിരിപ്പിച്ച് വോട്ടുബാങ്ക് നിറക്കാന്‍ കിട്ടുന്നതും അയോധ്യ തന്നെ. കോടതികളുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന നിലക്ക് അതില്‍ സര്‍ക്കാരിനുള്ള പരിമിതികള്‍ മനസ്സിലാക്കി വല്ലപ്പോഴും അവര്‍ മറ്റു വിഷയങ്ങളിലേക്ക് പിന്തിരിയുന്നു. അതാണ് ചിലപ്പോള്‍ താജ്മഹലിനെതിരെയും മറ്റുചിലപ്പോള്‍ പശുവിനുവേണ്ടിയുമൊക്കെയുള്ള അട്ടഹാസങ്ങള്‍. രണ്ടര പതിറ്റാണ്ടിന്റെ വേപഥു തപ്ത ഹൃദയങ്ങളില്‍ കൊണ്ടുനടക്കേണ്ടിവരുന്ന, കോടതികളില്‍ നിന്ന് കോടതികളിലേക്ക് മാറിമറിഞ്ഞുകൊണ്ട് പശുവിന്റെ പേരിലും മറ്റും ന്യൂനപക്ഷങ്ങളുടെ മതകീയ നിലനില്‍പ്പുതന്നെ ശരശയ്യയില്‍ കിടന്നുപിടയുന്ന ഭീതിതാവസ്ഥ. രാമന്‍ ജനിച്ച സ്ഥലമെന്ന കേവല വിശ്വാസത്തിനുമേല്‍ നിയമത്തിന്റെയും അതിന്റെ പ്രയോഗത്തിന്റെയും മരവിപ്പ് നോക്കിയുള്ള നെടുങ്കന്‍ നെടുവീര്‍പ്പുകള്‍. ബാബരി മസ്ജിദിനകത്തെ വിഗ്രഹങ്ങളെത്തിയത് മനുഷ്യകരങ്ങളാലാണെന്ന് തിരിച്ചറിയാന്‍ അറുപത്തൊന്നു വര്‍ഷം എടുത്ത ജുഡീഷ്യറിയോട്, പകരം പള്ളി എപ്പോള്‍, എവിടെയെന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. നീതി വൈകുന്നതും നീതിനിഷേധത്തിന് തുല്യമാണല്ലോ. തികഞ്ഞ മതേതര വാദിയായ ഗാന്ധിജിയെ അതിന്റെ പേരില്‍ തന്നെ കൊല ചെയ്ത നാഥുറാമിന്റെ പിന്‍മുറക്കാരാണ് ബാബരി മസ്ജിദിന്റെ ദുരന്തവാര്‍ഷികദിനം സില്‍വര്‍ ജൂബിലിയായി ആഘോഷിക്കുന്നതെങ്കില്‍ കാല്‍നൂറ്റാണ്ടിനുശേഷം ഇതാദ്യമായി കരിദിനമാചരിക്കുന്ന ഇടതുപക്ഷമടക്കമുള്ളവര്‍ക്കുമുണ്ട് ഈ നോക്കിനില്‍പില്‍ ചെറുതല്ലാത്ത പങ്ക്. കാല്‍നൂറ്റാണ്ടിനുശേഷവും ഭരണഘടനയെയും സുപ്രീം കോടതി-ഹൈക്കോടതി വിധികളെയും സര്‍ക്കാര്‍ ഉറപ്പുകളെയും അപഹസിച്ചുകൊണ്ട് രാജ്യത്തിന്റെയും മതേതരത്തിന്റെയും നിറമകുടങ്ങള്‍ തകര്‍ക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞെങ്കില്‍ അതിന് പ്രായശ്ചിത്തമായി പോലും ഒരൊറ്റ പ്രതിയെയും നിയമത്തിന്റെ മുന്നില്‍കൊണ്ടുവന്ന് ശിക്ഷ നല്‍കാന്‍ ഇന്നും നമുക്കായിട്ടില്ല എന്നത് രാജ്യത്തെ നീതിയുടെ തുലാസു തട്ടുകള്‍ തുല്യമാകുന്നില്ലെന്ന ഉത്കണ്ഠ വര്‍ധിപ്പിക്കുന്നു. മത ന്യൂനപക്ഷങ്ങളും ദലിതുകളും മനുഷ്യാവകാശപ്രവര്‍ത്തകരുമൊക്കെ ഇരട്ട നീതിയെക്കുറിച്ച് ഉയര്‍ത്തുന്ന ശബ്ദങ്ങള്‍ പ്രതിധ്വനിക്കാന്‍ പോലും ഇടമില്ലാത്തവിധം അധികാരിവര്‍ഗം അമിതഭോജനത്തിന്റെ ഇരുമ്പുമറക്കുള്ളില്‍ ഉച്ചമയക്കത്തിലായിരിക്കുന്നു.
മുന്‍രാഷ്ട്രപതി കെ.ആര്‍ നാരായണന്‍ വിശേഷിപ്പിച്ചതുപോലെ മഹാത്മാഗാന്ധിയുടെ വധത്തിന് ശേഷമുള്ള ഇന്ത്യയുടെ വലിയ ദുരന്തമായിരുന്നു ബാബരി മസ്ജിദ് ധ്വംസനം. ഉന്നതകോടതികള്‍ താക്കീത് നല്‍കുകയും ഒരു സംസ്ഥാന ഭരണകൂടം രേഖാമൂലം ഉറപ്പുനല്‍കുകയും ചെയ്തിട്ടും ഒന്നര ലക്ഷത്തോളം പേരെകൊണ്ട് തരിപ്പണമാക്കിയ ബാബരി മിനാരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കുമേല്‍ രാമക്ഷേത്രത്തിന്റെ കല്‍തൂണുകള്‍ വിന്യസിക്കപ്പെടുന്നുവെന്നത് നിസ്സാരമല്ല. ഗാന്ധിവധം നടന്ന 1948 ജനുവരി മുപ്പതിനുശേഷം ആസൂത്രണം ചെയ്ത സംഘ്പരിവാര്‍ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമായിരുന്നു മാസങ്ങള്‍ക്കകം ബാബരി മസ്ജിദിനകത്ത് വിഗ്രഹങ്ങള്‍ എത്തിച്ചേര്‍ന്നത്. ഇതിനെത്തുടര്‍ന്ന് 1949 ഡിസംബര്‍ 23ന് പള്ളിയിലെ നമസ്‌കാരം നിര്‍ത്തിവെപ്പിച്ചത്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവുള്‍പെടെയുള്ള നേതാക്കള്‍ ആര്‍.എസ്.എസിന്റെ കുല്‍സിത നീക്കത്തിനെതിരെ പ്രതികരിച്ചെങ്കിലും വര്‍ഗീയവാദികള്‍ തങ്ങളുടെ അജണ്ട നടപ്പാക്കുകതന്നെ ചെയ്തു. വിഗ്രഹങ്ങള്‍ പള്ളിക്കകത്ത് കൊണ്ടുവെച്ചതെന്ന് 2010 സെപ്തംബര്‍ മുപ്പതിനാണ്് അലഹബാദ് കോടതിക്ക് ബോധ്യപ്പെടുന്നത്. നീണ്ട മൂന്നു പതിറ്റാണ്ട് അടച്ചിട്ട പള്ളിയെചൊല്ലി സംഘ്പരിവാര സംഘടനകള്‍ ഉപപ്രധാനമന്ത്രിയായിരുന്ന എല്‍.കെ അദ്വാനിയുടെ നേതൃത്വത്തില്‍ ദേശീയ തലത്തില്‍ വര്‍ഗീയപ്പേക്കൂത്ത് ആരംഭിച്ചു. 1980ല്‍ ജനസംഘം പിരിച്ചുവിട്ടുണ്ടാക്കിയ ബി.ജെ.പിയുടെയും 1984ലെ വിശ്വഹിന്ദു പരിഷത്ത് രൂപവത്കരണത്തിലെയും മുഖ്യമുദ്രാവാക്യവുമായിരുന്നു ബാബരി മസ്ജിദ് നിലകൊള്ളുന്ന സ്ഥലം രാമജന്മസ്ഥാനാണെന്ന വ്യാജ പ്രചാരണം. 1986 ഫെബ്രുവരി ഒന്നിന് പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഫൈസാബാദ് ജില്ലാജഡ്ജിയുടെ വിധിയാണ് പ്രശ്‌നത്തില്‍ വഴിത്തിരിവായത്. വിധി പ്രസ്താവം നടത്തിയ ആര്‍.എം പാണ്ഡേയുടെ ആത്മകഥയില്‍ ഒരു കുരങ്ങന്‍ വന്ന് തന്റെ വിധികേട്ട് നന്ദി പറഞ്ഞുവെന്ന് പറയുന്നുണ്ട്! ഇന്ത്യയിലെ ആയിരം പള്ളികള്‍ ക്ഷേത്രങ്ങള്‍ തകര്‍ത്തുണ്ടാക്കിയെന്നായി ഇതിനകം വ്യാജ പ്രചാരണം. അതിന്റെ തുടര്‍ച്ചയായി നീണ്ട എട്ടുവര്‍ഷത്തെ കുല്‍സിത പ്രയത്‌നത്തെതുടര്‍ന്നായിരുന്നു 1990ലെ രഥയാത്രയും ’92ലെ ലക്ഷ്യസാത്കാരവും.
2010ലെ വിധിയുടെ അപ്പീല്‍ ഇപ്പോള്‍ കോടതിയുടെ പരിഗണനയിലാണ്. അതിന്റെ അന്തിമ വിധിക്ക് മുമ്പ് ഇരുകക്ഷികളോടും അനുരഞ്ജനത്തിലൂടെ പരിഹാരം കാണാമെന്ന വിധിയുടെ ചുവടുപിടിച്ച് തരംതാണ രാഷ്ട്രീയം കളിക്കുകയാണ് ബി.ജെ.പിയും മോദി സര്‍ക്കാരും. അതിനായി പ്രധാനകക്ഷിയായ സുന്നി വഖഫ് ബോര്‍ഡിനെതിരെ ഷിയാവിഭാഗത്തെയും ഹിന്ദു സംഘടനകളെയും കയ്യിലെടുത്തിരിക്കുന്നു. പകരം പള്ളി അകലെ നിര്‍മിച്ചുതന്നാല്‍ മതിയെന്ന ഷിയാവിഭാഗത്തിന്റെ സമ്മതപത്രം കൊണ്ടുനടക്കുകയാണ് മാധ്യസ്ഥതയുടെ പേരുപറഞ്ഞ് ശ്രീശ്രീ രവിശങ്കര്‍. എന്നാല്‍ അതൊന്നും വേണ്ട, പള്ളിനിന്ന അതേസ്ഥലത്ത് രാമനുവേണ്ടി ഞങ്ങള്‍ ക്ഷേത്രം നിര്‍മിച്ചുകൊള്ളാമെന്ന വാശിയിലാണ് സംഘ്പരിവാരം. ഇതിനിടയില്‍ പലരും മറന്നുപോകുന്നതോ മറപ്പിക്കാന്‍ ശ്രമിക്കുന്നതോ ആയ സത്യമാണ് സര്‍വമതസ്വാതന്ത്ര്യമുള്ള നാട്ടിലെ ഒരു ആരാധനാലയം പൊളിച്ചുനീക്കപ്പെട്ടിട്ട് പകരമത് പുനര്‍നിര്‍മിച്ചുകൊടുക്കാന്‍ നടപടിയെടുക്കുന്നതിന് ഉത്തരവാദപ്പെട്ട ഭരണകൂടത്തിനോ ജുഡീഷ്യറിക്കോ കഴിയാതെ പോയി എന്നത്. ഏറെ വൈകിയെങ്കിലും കേസില്‍ ഇന്നലെ സുപ്രീംകോടതിയില്‍ ആരംഭിച്ച അന്തിമ വിചാരണ വെച്ചുനീട്ടുന്ന ഭരണഘടനാവകാശത്തിലും നീതിന്യാത്തിലും മാത്രമാണ് സാധാരണഇന്ത്യന്‍ പൗരന്റെ ആശയും പ്രതീക്ഷയും.
- 7 years ago
chandrika
Categories:
Video Stories
നീതി നിഷേധത്തിന്റെ നീണ്ട നാളിലും നീതിപീഠത്തില്‍ പ്രതീക്ഷയര്‍പ്പിച്ച്
Tags: editorial