ന്യൂഡല്‍ഹി: പൊരുതി അവസാന ശ്വാസം വരെ….. ഉയര്‍ന്ന ശിരസ്സും വിടര്‍ന്ന നെഞ്ചും കാലുകളില്‍ വേഗം ആവാഹിച്ചുള്ള കുതിപ്പും പക്ഷേ നിര്‍ഭാഗ്യമെന്ന സ്ഥിരം അതിഥിക്ക് മുന്നില്‍ വിലങ്ങായി. സുന്ദരമായ ഫുട്‌ബോളിന്റെ കരുത്ത് നെഹ്‌റു സ്‌റ്റേഡിയത്തില്‍ 95 മിനുട്ട് പ്രകടിപ്പിച്ച ഇന്ത്യ 1-2 ന് കൊളംബിയക്ക് മുന്നില്‍ പൊരുതി തല താഴ്ത്തി. ഗ്രൂപ്പ് എയിലെ രണ്ടാം തോല്‍വിയോടെ ഇന്ത്യയുടെ സാധ്യതകള്‍ അവസാനിച്ചുവെങ്കിലും 82-ാം മിനുട്ടില്‍ ജാക്‌സണ്‍ തോന്‍ഡഗുജാം നേടിയ ഹെഡ്ഡര്‍ ഗോള്‍ ഇന്ത്യയുടെ ലോകകപ്പ് വിലാസമായി. ഒന്നാം പകുതിയില്‍ ഇന്ത്യക്ക് രണ്ട് സുവര്‍ണാവസരങ്ങള്‍ നഷ്ടമായപ്പോള്‍ ഗോള്‍ക്കീപ്പര്‍ ധീരജ് അസാമാന്യ ഫോമിലായിരുന്നു. ഗോളെന്നുറിച്ച മൂന്ന് ഷോട്ടുകള്‍ യുവതാരം ആദ്യ പകുതിയില്‍ രക്ഷപ്പെടുത്തിയപ്പോള്‍ അഭിജിത് സര്‍ക്കാരിന് തുറന്ന അവസരം ഉപയോഗപ്പെടുത്താനായില്ല. രാഹുലിന്റെ തകര്‍പ്പന്‍ ഷോട്ടിന് ക്രോസ് ബാര്‍ വിലങ്ങായി. ആദ്യ 45 മിനുട്ട് ഒപ്പത്തിനൊപ്പം നിന്ന ഇന്ത്യ രണ്ടാം പകുതിയിലാണ് ആദ്യ ഗോള്‍ വഴങ്ങിയത്. പെന്‍ലോസയുടെ സൂപ്പര്‍ ഷോട്ട് വലയില്‍ കയറിയിട്ടും ഇന്ത്യന്‍ താരങ്ങള്‍ തളര്‍ന്നില്ല. പകരക്കാരനായി വന്ന ജാക്‌സണ്‍ എണ്‍പത്തിരണ്ടാം മിനുട്ടില്‍ കോര്‍ണറില്‍ നിന്നും പായിച്ച ഹെഡ്ഡര്‍ ഉജ്ജ്വലമായിരുന്നു.ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും മികച്ച ഗോള്‍. മല്‍സരം 1-1 ലെത്തിയ നിമിഷം നെഹ്‌റു സ്‌റ്റേഡിയവും പൊട്ടിത്തെറിച്ചു. ഇന്ത്യന്‍ ആഘോഷത്തിന് മൂന്ന് മിനുട്ട് മാത്രം പ്രായമായപ്പോള്‍ പെന്‍ലോസയുടെ കുതിപ്പില്‍ രണ്ടാം ഗോളുമെത്തി.
മധ്യനിരയിലെ സൂപ്പര്‍ താരം കോമള്‍ തട്ടാലിനെ ബെഞ്ചിലിരുത്തിയാണ് കോച്ച് ലൂയിസ് നോര്‍ത്തേണ്‍ അന്തിമ ഇലവനെ പ്രഖ്യാപിച്ചത്. 4-4-1-1 ശൈലിയില്‍ മുന്‍നിരയില്‍ റഹീം മാത്രം. കാലിലെ പരുക്കിലും മലയാളി താരം കെ.പി രാഹുല്‍ സ്ഥാനം നിലനിര്‍ത്തി. കൊളംബിയന്‍ സംഘത്തില്‍ കാര്യമായ മാറ്റമുണ്ടായിരുന്നില്ല. ഗോള്‍ പിറക്കാതിരുന്ന ആദ്യ 45 മിനുട്ടില്‍ മധ്യനിക്കാരായ അഭിജിത്തും കെ.പി രാഹുലും ഗോള്‍ക്കീപ്പര്‍ ധീരജുമായിരുന്നു ഇന്ത്യന്‍ നിരയിലെ ഹീറോകള്‍. കൊളംബിയന്‍ സംഘത്തില്‍ അവരുടെ കാംപസും പെന്‍ലോസയും. ആദ്യ മല്‍സരത്തിലെ പോരായ്മകള്‍ മനസ്സിലാക്കി പ്രതിയോഗികള്‍ക്ക് സ്വാതന്ത്ര്യം അനുവദിക്കാതെയാണ് ഇന്ത്യ കളിച്ചത്. കൊളംബിയന്‍ താരങ്ങള്‍ക്ക് പന്ത് ലഭിക്കുമ്പോഴേക്കും ഒന്നിലധികം പേര്‍ ചേര്‍ന്ന് ചെറുത്ത് നില്‍പ്പ് നടത്തി. വേഗതയിലും ആസുത്രണത്തിലും ഇന്ത്യയെക്കാള്‍ മുന്നില്‍ കയറിയ ലാറ്റിനമേരിക്കക്കാരെ പതിനഞ്ചാം മിനുട്ടില്‍ ഇന്ത്യ വിറപ്പിച്ചു. അഭിജിത്തിന്റെ പെനാല്‍ട്ടി ബോക്‌സ് ഷോട്ട് ഗോളെന്നുറിപ്പിച്ചിരുന്നു ഗ്യാലറി. പക്ഷേ കൊളംബിയന്‍ ഗോള്‍ക്കീപ്പറുടെ ദേഹത്ത് തട്ടി പന്ത് പുറത്ത് പോയി. മൂന്ന് മിനുട്ടിന് ശേഷമായിരുന്നു കൊളംബിയക്കാരുടെ മിന്നല്‍ ആക്രമണം. ഫ്രീകിക്കില്‍ നിന്നും കാംപസ് തൊടുത്ത ഷോട്ട് അത്യുഗ്രന്‍ പഞ്ചിലൂടെ ധീരജ് കുത്തിയകറ്റി. കൊളംബിയക്കാര്‍ ആക്രമണം ശക്തമാക്കവെ പിന്‍നിരയില്‍ അന്‍വര്‍ അലിയുടെ ശക്തമായ ഇടപെടലുകള്‍ വന്നു. സുന്ദരമായ ടാക്‌ളിംഗിലൂടെ അന്‍വര്‍ നാളെയുടെ വാഗ്ദാനമാണെന്ന് തെളിയിച്ചപ്പോള്‍ മുപ്പത്തിയാറാം മിനുട്ടില്‍ കാംപസിന്റെ മറ്റൊരു ഷോട്ട് ധീരജിന്റെ മികവിലൂടെ പുറത്തായി. മല്‍സരത്തിന് 41 മിനുട്ട് പ്രായമായപ്പോള്‍ മെനസിസിന്റെ ഷോട്ടും ധീരജിന്റെ കരുത്തില്‍ തടയപ്പെട്ടപ്പോള്‍ തൃശൂരുകാരന്‍ രാഹുല്‍ ഒന്നാം പകുതിയുടെ അന്ത്യത്തില്‍ ഇന്ത്യയെ മുന്നിലെത്തിച്ചുവെന്ന് തോന്നി. റഹീമിന്റെ ഷോട്ട് കൊളംബിയന്‍ പ്രതിരോധത്തില്‍ തട്ടി തെറിച്ചപ്പോള്‍ രാഹുലിന്റെ കാലുകളിലേക്കാണ് പന്തെത്തിയത്. അത്യുഗ്രന്‍ ഉടം കാലന്‍ വോളിക്ക് പക്ഷേ ക്രോസ് ബാര്‍ തടസ്സമായി. ഇറ്റലിക്കെതിരായ സന്നാഹ മല്‍സരത്തില്‍ ഗോള്‍ നേടി കോച്ചിന്റെ പ്രിയ താരമായി മാറിയ രാഹുല്‍ മാത്രമല്ല രാജ്യം ഒന്നടങ്കം അവിശ്വസനീയതയില്‍ തലയില്‍ കൈവെച്ചു പോയി.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊളംബിയ ലീഡ് നേടി. ജുവാന്‍ പെന്‍ലോസയുടെ ലോംഗ് റേഞ്ചര്‍ അല്‍പ്പം മുന്നോട്ട് കയറിയ ധീരജിന് രക്ഷിക്കാനായില്ല.
പിറകെ രാഹുലിന്റെ ഹെഡ്ഡര്‍ പാളി. മുന്‍നിരയിലെ ഏക താരമായ റഹീം അതിനിടെ പന്ത് കൊളംബിയന്‍ വലയില്‍ എത്തിച്ചെങ്കിലും ലൈന്‍ റഫറിയുടെ ഓഫ് സൈഡ് കൊടി ഉയര്‍ന്നു. മല്‍സരത്തിന്റെ അവസാനത്തിലായിരുന്നു ഇന്ത്യയുടെ കിടിലന്‍ സമനില ഗോള്‍ വന്നത്. കോര്‍ണര്‍ കിക്കില്‍ നിന്നുമുയര്‍ന്ന പന്തിനായി അന്‍വറും ജാക്‌സണുമാണ് ഉയര്‍ന്നത്. ജാക്‌സണിന്റെ തലയില്‍ നിന്നും തീയുണ്ട പോലെയാണ് പന്ത് വലയിലെത്തിയത്. ഇന്ത്യ ആഘോഷമാക്കവെ പെന്‍ലോസ വില്ലനായി. പ്രത്യാക്രമണത്തിലെ കുതിപ്പില്‍ പായിച്ച വേഗതയില്ലാത്ത ഷോട്ട് വലയില്‍ കയറി. സമനിലക്കായി ഇന്ത്യ കിണഞ്ഞ് ശ്രമിച്ചെങ്കിലും ലാറ്റിനമേരിക്കക്കാര്‍ വഴങ്ങിയില്ല.