നാലുമാസം മാത്രം പ്രായമുള്ള കേരളത്തിലെ ഇടതുമുന്നണി ഭരണത്തിനുകീഴില്‍ കൊലപാതകങ്ങളുടെ പരമ്പരയാണ് നടന്നുവരുന്നത്. സംസ്ഥാനത്ത് ഇതിനകം അറുപതോളം പേരാണ് വിവിധ സംഘട്ടനങ്ങളിലായി കൊല്ലപ്പെട്ടത്. കണ്ണൂര്‍ ജില്ലയില്‍ നാല്‍പത്തെട്ടു മണിക്കൂറിനകം രണ്ടാമത്തെ കൊലപാതകവും നടന്നിരിക്കുന്നു. പതിവുപോലെ ഇരു വിഭാഗവും പരസ്പരം കുറ്റം ചാര്‍ത്തി രംഗത്തുവന്നിട്ടുണ്ട്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ താന്‍ എന്ന ചൊല്ലിനെ അനുസ്മരിപ്പിക്കും വിധമാണ് ഉത്തര കേരള ജില്ലയില്‍ നടന്നുവരുന്ന സി.പി.എം-ആര്‍.എസ്.എസ് നരബലികള്‍.
നേതാക്കളുടെ ബന്ധുക്കള്‍ക്കും മക്കള്‍ക്കും പൊതു മേഖലാ സ്ഥാപനങ്ങളില്‍ യോഗ്യത തെറ്റിച്ച് നിയമനം നല്‍കുമ്പോഴാണ് മറുഭാഗത്ത് പോരു കോഴികളെ പോലെ അണികള്‍ നാള്‍ക്കുനാള്‍ തലയറ്റുവീഴുന്നത്. പാര്‍ട്ടികളുടെ തീട്ടൂരത്തിനു മുമ്പില്‍ പൊലീസ് സംവിധാനം വെറും നോക്കുകുത്തിയായിരിക്കുകയാണിവിടെ. ജില്ലയില്‍ 1970 മുതല്‍ 360 ഓളം പേര്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് ബലിയാടായി. നൂറോളം അക്രമ സംഭവങ്ങളിലായി നാലു മാസത്തിനകം ജില്ലയില്‍ മാത്രം രണ്ടു ഭാഗത്തുമടക്കം ഏഴു പേര്‍ കൊലചെയ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ബന്ധപ്പെട്ട കക്ഷികളുമായി ഒരു ചര്‍ച്ച പോലും നടത്തിയില്ല. ഇടതു സര്‍ക്കാര്‍ വന്ന ശേഷമുള്ള പിണറായിയിലെ മാത്രം മൂന്നാമത്തെ കൊലപാതകമാണ് ഇന്നലത്തേത്. ബി.ജെ.പിയുടെ മാതൃ സംഘടനയായ ആര്‍.എസ്.എസാണ് തങ്ങളുടെ കാപാലിക രാഷട്രീയത്തിന്റെ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയിട്ടുള്ള മറുവിഭാഗം.
രാജ്യത്ത് പലയിടത്തുമെന്ന പോലെ കേരളത്തിലും കുളം കലക്കി മീന്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ബി.ജെ.പിക്കുള്ള അവസരം സ്വയം സൃഷ്ടിച്ചു നല്‍കുകയാണ് സംസ്ഥാന ഭരണക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്ന ദിവസം തന്നെ മുഖ്യമന്ത്രിയുടെ നാടായ പിണറായിയില്‍ ഒരു സി.പി.എം പ്രവര്‍ത്തകന്‍ ദാരുണമായി കൊലചെയ്യപ്പെട്ടു. ഇതിനുപിന്നില്‍ തങ്ങളല്ലെന്ന പതിവുവാദമാണ് ബി.ജെ.പി നേതൃത്വം ഉയര്‍ത്തിയത്. എന്നാല്‍ ഇരുപാര്‍ട്ടിക്കാര്‍ക്കും വേണ്ടി ബോംബും മറ്റും നിര്‍മിച്ചുനല്‍കുന്ന സംഘങ്ങളുണ്ടെന്നാണ് പൊലീസിന് വ്യക്തമായിട്ടുള്ളത്.
കൊലപാതകം നടത്തുകയും ജനങ്ങളുടെ മേല്‍ ഹര്‍ത്താല്‍ അടിച്ചേല്‍പിക്കുകയും ചെയ്യുന്ന രീതിയാണ് ഇരു പാര്‍ട്ടികളും സ്വീകരിക്കുന്നത്. തിങ്കളാഴ്ച കൊലചെയ്യപ്പെട്ടതിന് ജില്ലാ ഹര്‍ത്താല്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ഇന്ന് സംസ്ഥാന ഹര്‍ത്താല്‍ കൊണ്ട് പകരം വീട്ടുകയാണ് മറുവിഭാഗം. ഫലത്തില്‍ രക്തസാക്ഷികളെ സൃഷ്ടിക്കുകയും ജനത്തിന് സൈ്വര്യമായി സഞ്ചരിക്കാന്‍ അവസരം നിഷേധിക്കുകയും ചെയ്യുകയെന്ന ദ്വിമുഖ പദ്ധതിയാണ് ഇക്കൂട്ടര്‍ നടപ്പാക്കുന്നത്. മൂന്നു ദിവസത്തിനിടെ രണ്ടാമത്തെ ഹര്‍ത്താലും സഹിക്കേണ്ടിവരുന്ന ജനങ്ങളുടെ കാര്യം ആര് കണക്കിലെടുക്കുന്നു. ഉത്തരവാദപ്പെട്ട സര്‍ക്കാരിലെ ആളുകളാണ് ഇതിനുപിറകിലെന്നത് ഏറെ കൗതുകകരവും ആശങ്കാജനകവുമാണ്.
കൊല ചെയ്താലും രക്ഷിക്കാന്‍ നേതൃത്വം ഉണ്ടെന്നതാണ് ഒടുങ്ങാത്ത ഈ നരഹത്യക്ക് ലളിതമായ ഹേതു. ജയിലില്‍ കിടക്കാനും തെളിവില്ലെന്നുവരുത്തി രക്ഷപ്പെടുത്താനും കരുക്കളൊരുക്കുമ്പോള്‍ എതിര്‍വിഭാഗം വധശിക്ഷ സ്വയം വിധിച്ച് പകരം കൊല്ലാന്‍ തയ്യാറാകുന്നു. ബോംബടക്കമുള്ള നൂറുകണക്കിന് ആയുധങ്ങളാണ് ഇതിനകം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തിട്ടുള്ളത്. നാനൂറോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. എന്നിട്ടും ഇതിലൊന്നും കാര്യമായ റോളില്ലാത്ത ഗതികേടിലാണ് പൊലീസ്. കേന്ദ്രത്തിലെ മുഖ്യകക്ഷിയായ ബി.ജെ.പിയുടെയും സംസ്ഥാനത്തെ പ്രധാന ഭരണകക്ഷിയായ സി.പി.എമ്മിന്റെയും താഴേക്കിട നേതാക്കളും പ്രവര്‍ത്തകരുമാണ് കൊലചെയ്യപ്പെടുന്നത്.
കോണ്‍ഗ്രസിന്റെയും മുസ്്‌ലിം ലീഗിന്റെയും പ്രവര്‍ത്തകരും സി.പി.എം വിട്ടവരും സി.പി.എമ്മിന്റെ നരവേട്ടക്ക് ഇരയായിട്ടുണ്ട്. സി.പി.എം അധികാരത്തിലെത്തുമ്പോഴെല്ലാം ജില്ലയിലെ കൊലപാതക രാഷ്ട്രീയം കൂടുതല്‍ ശക്തിപ്പെടുന്ന കാഴ്ചയാണ് കണ്ടുവരാറുള്ളത്. രക്ഷിക്കാനാളുണ്ടെന്നതാണോ ഇതിനു കാരണമെന്ന് പരിശോധിക്കണം. പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്തുമാകാമെന്നത് കണ്ണൂരിലെ അലിഖിത നിയമമാണ്. വിഷയം കഴിഞ്ഞ മാസം കോഴിക്കോട്ട് നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ പരസ്യമായി ഉന്നയിക്കുകയുണ്ടായെങ്കിലും തങ്ങളുടെ അണികളുടെ ചെയ്തികള്‍ക്കെതിരെ ഒരു വാക്കുപോലും ഉരിയാടിയില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ ഡല്‍ഹിയിലെ സി.പി.എം ആസ്ഥാനമായ എ.കെ.ജി ഭവന്‍ ആക്രമിച്ചാണ് തങ്ങളുടെ പക തീര്‍ക്കാനൊരുമ്പെട്ടത്.
കഴിഞ്ഞ ഡിസംബറില്‍ ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത് കേരളത്തിലെത്തി പ്രമുഖ സാമൂഹിക പ്രവര്‍ത്തകരുമായി വിഷയം ചര്‍ച്ച ചെയ്തിരുന്നു. സി.പി.എമ്മുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് ഭഗവത് പറഞ്ഞതിനെ പിണറായി വിജയന്‍ സ്വാഗതം ചെയ്‌തെങ്കിലും ഇതുസംബന്ധിച്ച് താന്‍ പിടിച്ച മുയലിന് കൊമ്പ് മൂന്ന് എന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇരുവരും. പ്രധാനമന്ത്രി തന്നെ മുഖ്യമന്ത്രിയെ നേരില്‍ വിഷയം ബോധ്യപ്പെടുത്തിയെന്നും കേള്‍ക്കുന്നു. ആര് ആദ്യം വാള്‍ ഉറയിലിടുമെന്നതാണ് തര്‍ക്കവിഷയമത്രെ. കൊലക്കത്തിക്കിരയാകുന്നവരില്‍ ബഹുഭൂരിപക്ഷവും സാദാ പ്രവര്‍ത്തകരാണെന്നതാണ് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ഇക്കാര്യം പരസ്യമായി ചൂണ്ടിക്കാട്ടിയ സംവിധായകന്‍ ശ്രീനിവാസനെ പോലുള്ളവരെ ആക്ഷേപിക്കാനാണ് പാര്‍ട്ടി നേതൃത്വം തുനിഞ്ഞതെന്നത് കാണണം.
സി.പി.എമ്മിന്റെ പാര്‍ട്ടി കോടതി പരസ്യമായി വിചാരണ ചെയ്ത് കൊന്ന മുസ്‌ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെയും വടകരയില്‍ 51 വെട്ടേറ്റ് പിടഞ്ഞുവീണുമരിച്ച ടി.പി ചന്ദ്രശേഖരന്റെയും രക്തസാക്ഷിത്വം മലയാളി എന്നും ഭയത്തോടെ ഓര്‍ക്കുന്നത് ആ നരഹത്യക്കു പിന്നിലെ ആസൂത്രണവും ആയുധക്കരുത്തും ആയി നിലകൊണ്ടത് ഉന്നതരായ മാര്‍ക്‌സിസ്റ്റ് നേതാക്കളായിരുന്നു എന്നതുകൊണ്ടുകൂടിയാണ്. ടി.പി കൊലക്കേസില്‍ വാടകക്കൊലയാളികളെയാണ് സി.പി.എം ഉപയോഗിച്ചതെന്ന് വ്യക്തമായിരുന്നു. ഷുക്കൂര്‍, മനോജ് കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടെങ്കിലും സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഇപ്പോഴും പുറത്താണ്.
നേതാക്കളുടെ സഹകരണവും സാമ്പത്തിക പിന്തുണയുമില്ലാതെ ഇത്തരം കൊലപാതകങ്ങള്‍ നടക്കില്ലെന്നത് തീര്‍ച്ചയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളിലെ ആഭ്യന്തര വകുപ്പ് കൈയാളുന്ന പാര്‍ട്ടികള്‍ക്ക് ഇക്കാര്യത്തില്‍ പൊതുജനത്തിനോട് എന്താണ് പറയാനുള്ളത്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഗണ്യമായി കുറയാനിടയായത് അക്രമികളെ പിടിച്ചുകെട്ടാന്‍ പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതുകൊണ്ടു തന്നെയാണെന്ന് വ്യക്തമാണ്.
ഇരകളുടെ ആശ്രിതര്‍ക്ക് പാര്‍ട്ടികള്‍ നിയമപരവും സാമ്പത്തികമായ പിന്തുണ നല്‍കിയാല്‍ തന്നെയും നാഥന്‍ നഷ്ടപ്പെടുന്ന കുടുംബത്തിന്റെയും മകന്‍ നഷ്ടമാകുന്ന മാതാവിന്റെയും അച്ഛന്‍ ഇല്ലാതാകുന്ന കുരുന്നുകളുടെയും കണ്ണീര്‍ തടുക്കാന്‍ രക്തസാക്ഷി മ ണ്ഡപങ്ങള്‍ക്കും പുഷ്പ ചക്രങ്ങള്‍ക്കുമാകില്ല. ഓരോ കൊലപാതകവും പരസ്പര വൈരം വര്‍ധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് തിരിച്ചറിഞ്ഞ് എത്രയും വേഗം കൊലക്കത്തി താഴെവെക്കാന്‍ ആരു തയ്യാറാകുമെന്ന് കാത്തിരിക്കുകയാണ് പ്രബുദ്ധ കേരളം.