X

നിപ്പ ഭീതി അകലുന്നു; നിരീക്ഷണത്തിലുള്ളവരുടെ പരിശോധന ഫലം നെഗറ്റീവ്, സ്‌കൂളുകള്‍ ജൂണ്‍ 12നു തുറക്കുമെന്ന് കലക്ടര്‍

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ്പ വൈറസ് ബാധ സംശയിച്ച് നിരീക്ഷണ വാര്‍ഡില്‍ കഴിയുന്നവരുടെ സാംപിള്‍ പരിശോധന ഫലം നെഗറ്റീവ്. ഒമ്പതുപേരില്‍ ഏഴുപേരുടെ ഫലം ഇന്നലെയാണു ലഭിച്ചത്. നേരത്തേതന്നെ ബാക്കി രണ്ടുപേരുടെ നെഗറ്റീവാണെന്ന ഫലം പുറത്തുവന്നിരുന്നു. അതേസമയം ഇന്നലെ ആരെയും നിപ്പ വൈറസ് ബാധ സംശയിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടില്ല. ഇതോടെ തുടര്‍ച്ചയായ എട്ടാം ദിവസമാണ് നിപ്പ ആശങ്കയില്ലാതെ കടന്നുപോയത്.

നിരീക്ഷണത്തില്‍ ഉണ്ടായ രോഗികളുടെ പരിശോധനഫലം നെഗറ്റീവും പുതിയ കേസുകള്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ റിപ്പോര്‍ട്ടും ചെയാത്ത സാഹചര്യത്തില്‍ നിപ്പ വൈറസ് ബാധയുടെ ഭീതി ഒഴിയുകയാണെന്ന വിശ്വാസം കൂടുതല്‍ ബലപ്പെടുകയാണ്. അതേസമയം നിരീക്ഷണവും ജാഗ്രതയും തുടരാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ നിപ്പ വൈറസ് ബാധയേറ്റ രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരുടെ പട്ടികയില്‍ നിരീക്ഷിക്കുന്നവരുടെ എണ്ണം 2,649 ആയി.

നിപ്പ ഭീതി ഒഴിയുന്ന സാഹചര്യത്തില്‍ ജില്ലയിലെ സ്‌കൂളുകള്‍ ജൂണ്‍ 12നു തുറക്കുമെന്നു കലക്ടര്‍ യു.വി.ജോസ് അറിയിച്ചു. തിങ്കളാഴ്ച ജില്ലയിലെ പൊതുപരിപാടികള്‍ക്കുള്ള നിയന്ത്രണവും അവസാനിക്കും. പേരാമ്പ്രയിലെ 21 ദിവസത്തെ നിരീക്ഷണ സമയം അവസാനിച്ചതിനാല്‍ അവിടെയും സ്‌കൂള്‍ തുറക്കുന്നതിന് പ്രശ്‌നമില്ലെന്നും കലക്ടര്‍ വ്യക്തമാക്കി.

അതേസമയം ആരോഗ്യവകുപ്പിന്റെ പേരില്‍ നിപ്പ വൈറസ് ബാധയുമായി വ്യാജസന്ദേശം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഒരാള്‍കൂടി അറസ്റ്റിലായി. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 23ആയി ഉയര്‍ന്നു.

chandrika: