X

നാവിക സേനാംഗത്തിന്റെ മരണം ആത്മഹത്യയോ

അവധി ലഭിക്കാത്തതിലുള്ള മാനസിക വിഷമത്തെ തുടര്‍ന്ന്് കൊച്ചിയില്‍ നാവിക സേനാംഗത്തിന്റെ മരണം ആത്മഹത്യയാണോയെന്ന സംശയം ബലപ്പെടുന്നു.രക്ഷിത് കുമാര്‍ നാവിക സേനാംഗമായിരുന്നു മരണപ്പെട്ടത്. സ്വയം വെടിവെച്ചതാണോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.
മരിച്ച രക്ഷിത് കുമാര്‍ വിവാഹിതനായിരുന്നു. പര്‍മറിന്റ സമീപത്തു നിന്നും ദീര്‍ഘാവധിക്കുള്ള അപേക്ഷയും പോലീസ് കണ്ടെടുത്തിട്ടുണ്ട്.ഇയാളുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.കൊച്ചി നാവിക ആസ്ഥാനത്ത് നങ്കൂരമിട്ടിരുന്ന ഐ എന്‍ എസ് ജമുനയില്‍ വെച്ച് ഇന്നലെ രാവിലെ 7.50നാണ് നാവിക സേനാംഗം വെടിയേറ്റ് മരിച്ചത്.

കപ്പലിന്റെ കാവല്‍ ജോലിയിലായിരുന്ന ഗുജറാത്ത് സ്വദേശി രക്ഷിത് കുമാര്‍ സ്വന്തം തോക്കില്‍ നിന്ന് അബദ്ധത്തില്‍ പൊട്ടിയ വെടിയേറ്റാണ് മരിച്ചതെന്നായിരുന്നു നാവിക സേനയുടെ വിശദീകരണം.സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയ ഹാര്‍ബര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ഇന്നലെ പൂര്‍ത്തിയാക്കിയിരുന്നു.ഇതിനിടെയാണ് രക്ഷിത് കുമാറിന്റെ അവധി അപേക്ഷ പോലീസ് കണ്ടെടുത്തത്.

25 ദിവസത്തേക്ക് അവധി ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷയായിരുന്നു അത്. അവധി ലഭിക്കാത്തതുള്‍പ്പടെയുള്ള മാനസിക വിഷമം രക്ഷിതിനുണ്ടായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.അതിന്റെ ഭാഗമായി രക്ഷിതിന്റെ ബന്ധുക്കളില്‍ നിന്ന് പോലീസ് മൊഴിയെടുക്കും.കൂടാതെ ഐ എന്‍ എസ് ജമുനയുടെ ക്യാപ്റ്റന്‍ ഉള്‍പ്പടെയുള്ള മുഴുവന്‍ ജീവനക്കാരുടെയും മൊഴിയെടുക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കളമശ്ശേരി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യും.

chandrika: