ബീജിങ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ ഫ്രഞ്ച് ക്ലബ്ബ് പി.എസ്.ജിയുമായി നാളെ കരാറില്‍ ഒപ്പുവെച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്നലെ ചൈനയില്‍ സന്ദര്‍ശനം നടത്തിയ 25-കാരന്‍ ഇന്ന് യൂറോപ്പിലേക്ക് മടങ്ങുന്നത് ഖത്തര്‍ വഴിയാണ്. യാത്രക്കിടെ ദോഹയില്‍ വെച്ച് പി.എസ്.ജിക്കു വേണ്ടി മെഡിക്കലിന് വിധേയനായ ശേഷം താരം നേരെ പാരീസിലേക്ക് തിരിക്കുമെന്നും, ഫ്രഞ്ച് തലസ്ഥാന നഗരത്തില്‍ വെച്ച് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ കരാറില്‍ ഒപ്പുവെക്കുമെന്നും യൂറോപ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, നൗകാംപില്‍ തന്നെ നെയ്മര്‍ തുടരുമെന്നാണ് ബാര്‍സലോണ അവകാശപ്പെടുന്നത്.
മിയാമിയില്‍ റയല്‍ മാഡ്രിഡുമായുള്ള എല്‍ ക്ലാസിക്കോ വിജയിച്ച ശേഷം ബാര്‍സലോണ താരങ്ങള്‍ സ്‌പെയിനിലേക്ക് മടങ്ങിയപ്പോള്‍ നെയ്മര്‍ നേരെ ചൈനയിലേക്കാണ് തിരിച്ചത്. ബാര്‍സലോണയുമായി ബന്ധപ്പെട്ട ചില വാണിജ്യ ആവശ്യങ്ങള്‍ക്കു വേണ്ടിയായിരുന്നു ഈ യാത്ര. ട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യാനുള്ളതിനാല്‍ നേരത്തെ നിശ്ചയിച്ച ചൈനാ യാത്രയില്‍ നിന്ന് നെയ്മര്‍ പിന്മാറിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
പി.എസ്.ജിയുടെ ഉടമസ്ഥരായ ഒറിക്‌സ് ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് അധികൃതരുമായി നേരില്‍ കാണുന്നതിനു വേണ്ടിയാണ് നെയ്മര്‍ യൂറോപ്പിലേക്കുള്ള മടക്കയാത്ര ദോഹ വഴിയാക്കുന്നത് എന്നാണ് സൂചന. ഇതിനൊപ്പം താരം മെഡിക്കലിനും വിധേയമാവും. 2022 ലോകകപ്പിന്റെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ഏറ്റെടുക്കുന്നതു സംബന്ധിച്ച് ഖത്തര്‍ അധികൃതരുമായും നെയ്മര്‍ ചര്‍ച്ച നടത്തിയേക്കും.
ഏകപക്ഷീയമായി കരാര്‍ റദ്ദാക്കുന്നതിന് റിലീസിങ് വ്യവസ്ഥയിലുള്ള 222 ദശലക്ഷം യൂറോ (1671 കോടി രൂപ) ബാര്‍സലോണക്ക് നല്‍കിയാണ് നെയ്മറിനെ സ്വന്തമാക്കാന്‍ പി.എസ്.ജി ഒരുങ്ങുന്നത്. ഇത്രയും വലിയ തുക നേരിട്ട് നല്‍കിയാല്‍ നേരിടേണ്ടി വന്നേക്കാവുന്ന യുവേഫയുടെ അച്ചടക്ക നടപടി മറികടക്കുന്നതിനായി ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് കുറുക്കുവഴികള്‍ തേടിയേക്കും. 2022 ലോകകപ്പിന്റെ ബ്രാന്‍ഡ്, പരസ്യ കരാറുകള്‍ ഒപ്പുവെക്കുന്നതിന് 300 കോടി യൂറോ നെയ്മറിന് നല്‍കും. റിലീസിങ് വ്യവസ്ഥയുടെ ഭാഗമായി നെയ്മര്‍ വ്യക്തിപരമായി ഈ തുകയില്‍ നിന്ന് ബാര്‍സലോണക്ക് നല്‍കും. ഇതുവഴി യുവേഫയുടെ ‘സാമ്പത്തിക അച്ചടക്കം’ പാലിക്കാന്‍ കഴിയുമെന്നാണ് പി.എസ്.ജി കരുതുന്നത്.
ദോഹയില്‍ നിന്ന് സ്‌പെയിനിലേക്ക് പോകുന്നതിനു പകരം നെയ്മര്‍ പാരിസിലേക്ക് വിമാനം കയറിയാല്‍ ട്രാന്‍സ്ഫര്‍ 99 ശതമാനം ഉറപ്പാണെന്നാണ് വിലയിരുത്തല്‍. അതേസമയം, മുന്നേറ്റ നിരയിലെ ‘എം.എസ്.എന്‍’ ത്രയത്തിലെ നിര്‍ണായക ഘടകമായ നെയ്മര്‍ ക്ലബ്ബ് വിടില്ലെന്ന വിശ്വാസത്തിലാണ് ബാര്‍സ. മിയാമിയിലെ മത്സരത്തിനു ശേഷം ബാര്‍സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ദെ കഴിഞ്ഞ ദിവസം പറഞ്ഞത് നെയ്മര്‍ ബാര്‍സയില്‍ തുടരും എന്നാണ്. ക്ലബ്ബ് വിടാന്‍ ആലോചനയുണ്ടെങ്കില്‍ അത് മാറ്റണമെന്ന് ലൂയിസ് സുവാരസും ആന്ദ്രെ ഇനീസ്റ്റയും നെയ്മറിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഇതുവരെ ഒരു വാക്കുപോലും നെയ്മര്‍ ഉരിയാടിയിട്ടില്ല.
മിയാമിയിലെ ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍സ് കപ്പ് മത്സരത്തിനു ശേഷം നെയ്മര്‍ റയല്‍ മാഡ്രിഡിന്റെ ഡ്രസ്സിങ് റൂമില്‍ പോയതായും കളിക്കാരോട് വിടചോദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. തന്റെ കുപ്പായം റയല്‍ താരങ്ങള്‍ക്ക് നല്‍കിയ ശേഷം രണ്ട് റയല്‍ കളിക്കാരുടെ ജഴ്‌സികളുമായി നെയ്മര്‍ പുറത്തുവരുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. മത്സരങ്ങള്‍ക്കു ശേഷം കളിക്കാര്‍ എതിര്‍ടീമിന്റെ ഡ്രസ്സിങ് റൂമുകളില്‍ പോകുന്നത് സ്വാഭാവികമല്ലാത്തതിനാല്‍ നെയ്മറിന്റെ ഈ പ്രവൃത്തി സ്പാനിഷ് ലീഗ് വിടുന്നതിന്റെ സൂചനയാണെന്ന വിശകലനങ്ങളുണ്ട്.