X

നാണം കെട്ട് പാകിസ്താന്‍; സമനില ഉറപ്പിച്ച മത്സരത്തില്‍ അവിശ്വസനീയ തോല്‍വി

മെല്‍ബണ്‍: ഇതാണ് പാകിസ്താന്‍. തങ്ങളുടേതായ ദിനത്തില്‍ കൊലകൊമ്പന്‍മാരെ പോലും വിറപ്പിക്കുകയും തൊട്ടടുത്ത ദിവസം സ്‌കൂള്‍ കുട്ടികളെ പോലും നാണിപ്പിച്ച് തോല്‍വി ഇരന്നു വാങ്ങുകയും ചെയ്യുന്ന ലോക ക്രിക്കറ്റിലെ അസ്ഥിരതയുടെ പര്യായം. സമനിലയിലേക്കെന്ന് ഉറപ്പിച്ച ഓസീസിനെതിരായ രണ്ടാം ടെസ്റ്റിലും പാകിസ്താന്‍ തോറ്റു. അവസാന ദിനത്തില്‍ ഇന്നിംഗ്‌സിനും 18 റണ്‍സിനുമാണ് നാടകീയമായി പാകിസ്താനെ ഓസ്‌ട്രേലിയ തോല്‍പിച്ചത്.

വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ ഓസ്‌ട്രേലിയ 2-0ന് മുന്നിലെത്തി. ആറു വിക്കറ്റിന് 465 എന്ന നിലയില്‍ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസീസ് എട്ട് വിക്കറ്റിന് 624 എന്ന നിലയില്‍ ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഓസീസിനു വേണ്ടി ക്യാപ്റ്റന്‍ സ്മിത്ത് 165 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് സിക്‌സറുകളുടേയും മൂന്നു ബൗണ്ടറികളുടേയും സഹായത്തോടെ 84 റണ്‍സ് അടിച്ചു കൂട്ടിയ മിച്ചല്‍ സ്റ്റാര്‍ക് ആണ് ഓസീസ് ഇന്നിങ്‌സിന് വേഗം കൂട്ടിയത്. ഒന്നാം ഇന്നിംഗ്‌സില്‍ 191 റണ്‍സിന്റെ ലീഡ് നേടിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സില്‍ പാകിസ്താനെ 163 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു.

നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ലിയോണുമാണ് പാക് ബാറ്റിങിന്റെ അടിവേരിളക്കിയത്. 15.2 ഓവറില്‍ 36 റണ്‍സ് വഴങ്ങിയാണ് സ്റ്റാര്‍ക്ക് നാല് വിക്കറ്റ് വീഴ്ത്തിയത്. 14 ഓവറില്‍ 33 റണ്‍സ് വഴങ്ങി ലിയോണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ഹസില്‍വുഡ് രണ്ടും, ബേഡ് ഒന്നും വിക്കറ്റ് വീഴ്ത്തി. രണ്ടാം ഇന്നിങ്‌സ് പുനരാരംഭിച്ച പാകിസ്താന്‍ ലഞ്ചിന് പിരിയുമ്പോള്‍ ഒരു വിക്കറ്റിന് ആറു റണ്‍സ് എന്ന നിലയില്‍ ആയിരുന്നു. ഇടവേളക്കു ശേഷം കളി് പുനരാരംഭിച്ച പാകിസ്താന് അതേ സ്‌കോറില്‍ തന്നെ ബാബര്‍ അസമിന്റെ വ്ിക്കറ്റും നഷ്ടമായെങ്കിലും സമനില ഉറപ്പായിരുന്നു.

ആദ്യ ഇന്നിങ്‌സില്‍ ഇരട്ട ശതകം നേടിയ അസ്ഹര്‍ അലിയും വെറ്റിറന്‍ താരം യൂനുസ്ഖാനും അല്‍പ നേരം പിടിച്ചു നിന്നെങ്കിലും സ്‌കോര്‍ 63ല്‍ എത്തി നില്‍ക്കെ യൂനുസ് ഖാന്‍ (24) പുറത്തായി. പിന്നീടെത്തിയ ക്യാപ്റ്റന്‍ മിസ്ബാഹുല്‍ ഹഖ് (00) വിക്കറ്റ് കളഞ്ഞു കുളിക്കുന്നതിനായാണ് ആദ്യ പന്ത് മുതല്‍ ശ്രമിച്ചത്. നാലം പന്തില്‍ ഈ ശ്രമം അദ്ദേഹത്തെ പവലിയനില്‍ എത്തിക്കുകയും ചെയ്തു. പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ആസാദ് ഷഫീഖ് (16) ലയോണിനു മുന്നില്‍ വീണു. അഞ്ചിന് 89 എന്ന നിലയിലേക്കു മൂക്കു കുത്തിയ പാകിസ്താന്‍ നിരയില്‍ ആറാമനായി ഇറങ്ങിയ സര്‍ഫറാസ് അഹമ്മദ് (43) മാത്രമാണ് അല്‍പമെങ്കിലും പിടിച്ചു നിന്നത്. സുഹൈല്‍ ഖാന്‍ (10) റണ്‍സുമായി പുറത്താകാതെ നിന്നു. മുഹമ്മദ് ആമിര്‍ (11), വഹാബ് റിയാസ് (0), യാസിര്‍ ഷാ (0) എന്നിങ്ങനെയാണ് മറ്റ് പാക് താരങ്ങളുടെ സംഭാവന.

chandrika: