X

നവംബര്‍ 10-14 വരെയുള്ള പഴയ നോട്ടുകള്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാം

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് സഹകരണ ബാങ്കുകള്‍ക്ക് ഇളവു നല്‍കാനാവില്ലെന്ന് സുപ്രീം കോടതി. പണം മാറ്റിയെടുക്കാന്‍ അടിയന്തര നടപടി വേണമെന്ന ബാങ്കുകളുടെ ആവശ്യം കോടതി പരിഗണിച്ചില്ല. ഇളവ് നല്‍കിയാല്‍ അത് കേന്ദ്ര സര്‍ക്കാറിന്റെ ഉദ്യേശ്യ ശുദ്ധിക്ക് എതിരാകില്ലേയെന്നും കോടതി ചോദിച്ചു. സഹകരണ ബാങ്കുകള്‍ക്ക് കോടികളുടെ ആസ്തിയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പറഞ്ഞ സമയത്തിന് ഇനി പതിനാല് ദിവസം കൂടി മാത്രമാണ് അവശേഷിക്കുന്നത്. ഡിസംബര്‍ 30 വരെ സഹകരണ ബാങ്കുകള്‍ക്ക് കാത്തിരിക്കാനാകില്ലേയെന്നും ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.

ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് ഇടപാടുകളില്‍ ഇളവ് നല്‍കാനായി അടിയന്തര നടപടി സ്വീകരിക്കാനാവില്ലെന്നും പകരം നവംബര്‍ 10 മുതല്‍ 14 വരെയുള്ള നിക്ഷേപം റിസര്‍വ് ബാങ്കില്‍ അടയ്ക്കാമെന്ന ആനുകൂല്യം നല്‍കാമെന്നും കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്ന് നവംബര്‍ 14 വരെ സ്വീകരിച്ച നോട്ടുകള്‍ ആര്‍ബി.ഐയില്‍ നിക്ഷേപിക്കാന്‍ സുപ്രീം കോടതി സഹകരണ ബാങ്കുകള്‍ക്ക് അനുമതി നല്‍കി. നവംബര്‍ 10 മുതല്‍ 14 വരെ ജില്ലാ സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ട് സ്വീകരിക്കാന്‍ ആര്‍.ബി.ഐ അനുവാദം നല്‍കിയിരുന്നു.

ഇതു കൊണ്ടാണ് 14 വരെ സ്വീകരിച്ച പണം ആര്‍.ബി.ഐയില്‍ അടക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചത്. അതേ സമയം കേന്ദ്ര സര്‍ക്കാറിനെതിരേയും സുപ്രീം കോടതി രംഗത്തെത്തി. നോട്ട് അസാധുവാക്കല്‍ പ്രാപല്യത്തില്‍ വന്ന ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക ജനങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 24000 രൂപ പോലും ആഴ്ചയില്‍ നല്‍കാന്‍ കഴിയാത്തത് എന്തു കൊണ്ടാണെന്നും കോടതി കേന്ദ്ര സര്‍ക്കാറിനോട് ആരാഞ്ഞു. ആഴ്ചയില്‍ 24,000 രൂപ പിന്‍വലിക്കാമെന്ന നിബന്ധന നിലനില്‍ക്കുന്നുണ്ടെങ്കിലും പല ബാങ്കുകളിലും രണ്ടായിരമോ, മൂവായിരമോ മാത്രമാണ് ഇടപാടുകാര്‍ക്ക് ലഭിക്കുന്നത്. ജനങ്ങള്‍ ആവശ്യപ്പെടുന്ന തുക നല്‍കാത്തതില്‍ ബാങ്ക് മാനേജര്‍മാരെ കുറ്റക്കാരായി ചിത്രീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.

അവശ്യ സാധനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് എന്താണ് തടസ്സമെന്നും കോടതി ചോദിച്ചു. ചിലര്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകള്‍ ലഭിക്കുന്നത് എങ്ങിനെയാണെന്ന് കോടതി ചോദിച്ചു. അനധികൃതമായി സൂക്ഷിച്ച കോടിക്കണക്കിന് രൂപയുടെ പുതിയ നോട്ടുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പിടിച്ചെടുത്തത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ ചോദ്യം. എന്നാല്‍ എല്ലാ ബാങ്കുകളിലും ഇരുന്ന് കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ കഴിയില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയുടെ മറുപടി.
ചില ബാങ്കുകളുടെ മാനേജര്‍മാര്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ക്കെതിരെ നടപടി എടുത്തു വരികയാണെന്നും അദ്ദേഹം പറഞ്ഞു

chandrika: