ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രി നരസിംഹറാവുവാണ് ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ പിതാവെന്ന് ഡോ. മന്‍മോഹന്‍ സിങ്. റാവുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് തെലങ്കാന കോണ്‍ഗ്രസ് സംഘടിപ്പിച്ച അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു 1991ലെ റാവു മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്ന ഡോ. സിങ്.
1991ല്‍ മന്‍മോഹന്‍ സിങ് അവതരിപ്പിച്ച ബജറ്റാണ് രാജ്യത്തെ സാമ്പത്തിക ഉദാരീകരണ നടപടികള്‍ക്ക് തുടക്കം കുറിച്ചത്. നരസിംഹറാവുവിന്റെ ധൈര്യവും ഉള്‍ക്കാഴ്ചയും കൊണ്ടു മാത്രമാണ് ആ പരിഷ്‌കാരങ്ങള്‍ സാദ്ധ്യമായത് എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അതൊരു ധീരമായ തീരുമാനമായിരുന്നു. നരസിംഹറാവു പ്രധാനമന്ത്രിയായതു കൊണ്ടു മാത്രമാണ് അതു സാദ്ധ്യമായത്. അദ്ദേഹം എനിക്ക് അതിനുള്ള സ്വാതന്ത്ര്യം തന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദുര്‍ബലമാകുന്നുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു’ – അദ്ദേഹം പറഞ്ഞു.
‘ ഒരു പാട് അര്‍ത്ഥതലങ്ങളില്‍ സുഹൃത്തും തത്വശാസ്ത്രജ്ഞനും വഴികാട്ടിയുമായിരുന്നു നരസിംഹറാവു. വെല്ലുവിളി നിറഞ്ഞ ഒരു സാഹചര്യത്തില്‍ ധീരമായ തീരുമാനങ്ങള്‍ ഒരാള്‍ക്ക് എടുക്കാന്‍ പറ്റുമോ എന്നതാണ് യഥാര്‍ത്ഥ ചോദ്യം. പുറത്തുനിന്നുള്ള പിന്തുണയോടെ അധികാരത്തിലിരുന്ന ന്യൂനപക്ഷ സര്‍ക്കാറായിരുന്നു അത്. എന്നാല്‍ എല്ലാവരെയും റാവു ഒന്നിച്ചു കൊണ്ടുപോയി. കാര്യങ്ങള്‍ ധരിപ്പിച്ചു. അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തില്‍ നിന്നാണ് ഞാന്‍ എന്റെ ജോലിയുമായി മുമ്പോട്ടു പോയത്’ – മന്‍മോഹന്‍സിങ് കൂട്ടിച്ചേര്‍ത്തു.
സമയമെത്തിയാല്‍ ഒരാളുടെ ആശയത്തെ പ്രപഞ്ചത്തിലെ ഒരു ശക്തിക്കും ഇല്ലാതാക്കാനാകില്ല എന്ന ഫ്രഞ്ച് സാഹിത്യകാരന്‍ വിക്ടര്‍ യൂഗോയുടെ ഉദ്ധരണിയും ഡോ. സിങ് പ്രസംഗത്തില്‍ ഉപയോഗിച്ചു. പ്രധാന സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നു വന്നതായിരുന്നു ആ ആശയം- അദ്ദേഹം പറഞ്ഞു.