ബീജിങ്: ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ചൈന സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ചൈനീസ് മാധ്യമങ്ങള്‍ക്ക് വ്യത്യസ്ഥ അഭിപ്രായം. ദോക്‌ലാമില്‍ ഇന്ത്യയും ചൈനയും നേര്‍ക്കുനേര്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് അജിത് ദോവലിന്റെ സന്ദര്‍ശനം. ദോവലിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങള്‍ക്കിടയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കപ്പെടുമെന്നതില്‍ പ്രതീക്ഷ പകരുന്നതായി ‘ചൈന ഡെയ്‌ലി’ വ്യക്തമാക്കി. എന്നാല്‍, ദോവലിന്റെ സന്ദര്‍ശനം ഒരു കാരണവശാവും ചര്‍ച്ചക്കല്ല എന്ന് ‘ഗ്ലോബല്‍ ടൈംസ്’ എഡിറ്റോറിയലില്‍ ചൂണ്ടിക്കാട്ടുന്നു. ദോവല്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായല്ല എത്തുന്നതെന്നു ഗ്ലോബല്‍ ടൈംസ് വിമര്‍ശിക്കുന്നു. ദോക് ലാമില്‍ ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനല്ല യോഗം.
ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായാണ് അജിത് ദോവല്‍ നാളെ ചൈനയില്‍ എത്തുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം നാളെ ആരംഭിക്കും. ഈ യോഗത്തിനിടെ ഇന്ത്യന്‍ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് പ്രതിനിധി യാങ് ജിയേച്ചിയും ചര്‍ച്ച നടത്തുമെന്നാണു പ്രതീക്ഷ. ഇന്ത്യ പലകാര്യങ്ങളും തെറ്റിദ്ധരിക്കുകയാണ്, സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗം ചേരുക സാധാരണ നടപടിമാത്രമാണ്. ദോവലിന്റെ ചൈനാ സന്ദര്‍ശനം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവസരമല്ല എന്നും ഗ്ലോബല്‍ ടൈംസ് മുഖപ്രസംഗത്തില്‍ വ്യക്തമാക്കി. ഈ കൂടിക്കാഴ്ചയില്‍ നിലവില്‍ ദോക് ലാം മേഖലയില്‍ ഇരുസൈന്യവും തമ്മില്‍ നിലനില്‍ക്കുന്ന തര്‍ക്കം ചര്‍ച്ചയാകുമെന്നാണു കരുതുന്നത്. ഈ സാധ്യതകളെയാണു ചൈനീസ് മാധ്യമം തള്ളിയത്. അതേസമയം, അതിര്‍ത്തിയില്‍ തുടരുന്ന സംഘര്‍ഷ സാധ്യതകള്‍ക്ക് ദോവലിന്റെ സന്ദര്‍ശനത്തോടെ വിരാമമിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ചൈന ഡെയ്‌ലി വ്യക്തമാക്കുന്നു. ചര്‍ച്ചകളിലൂടെ ഇരുരാജ്യങ്ങളുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും ചെയ്യുമെന്നും ഡെയ്‌ലി ചൂണ്ടിക്കാട്ടുന്നു. സിക്കിം അതിര്‍ത്തിയായ ദോക് ലാമില്‍ തങ്ങളുടെ റോഡ് നിര്‍മാണം ഇന്ത്യന്‍ സേനയാണു തടഞ്ഞതെന്നാണ് ചൈനയുടെ വാദം. എന്നാല്‍, ഭൂട്ടാനെപ്പോലൊരു ചെറു രാജ്യത്തിന്റെ പ്രദേശം കയ്യേറി മേഖലയില്‍ അസന്തുലിതാവസ്ഥ സൃഷ്ടിക്കാനാണു ചൈനീസ് ശ്രമമെന്ന നിലപാടിലാണ് ഇന്ത്യ.
ദോവലിന്റെ സന്ദര്‍ശനം; ചൈനീസ് മാധ്യമങ്ങള്‍ക്ക് വ്യത്യസ്ഥ അഭിപ്രായം
Tags: dovals india visit