ന്യൂഡല്‍ഹി: ദോക് ലമിലുണ്ടായ സംഭവങ്ങള്‍ ഭാവിയില്‍ ഇനിയും ആവര്‍ത്തിച്ചേക്കാമെന്ന മുന്നറിയിപ്പുമായി കരസേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ നിലവിലുള്ള അവസ്ഥ മാറ്റാനാണ് ചൈന ശ്രമിക്കുന്നത്. പ്രശ്‌ന ബാധിതമായ അതിര്‍ത്തിയില്‍ പരിഹാരത്തിന് ചൈനയ്ക്ക് താല്‍പര്യമില്ലെന്നും ബിപിന്‍ റാവത്ത് പറഞ്ഞു. പൂനെ സര്‍വകലാശാലയില്‍ പ്രതിരോധ വകുപ്പ് സംഘടിപ്പിച്ച ഇന്ത്യ നേരിടുന്ന വെല്ലുവിളികള്‍ സംബന്ധിച്ച ജനറല്‍ ബിസി ജോഷി സ്മാരക പ്രഭാഷണത്തിലാണ് കരസേനാ മേധാവി ഇക്കാര്യം വ്യക്തമാക്കിയത്. മേഖലയുമായി ബന്ധപ്പെട്ട തര്‍ക്കവും അവകാശവാദവും ഇപ്പോഴും നിലനില്‍ക്കുകയാണ്. അതിര്‍ത്തി തര്‍ക്കം നയതന്ത്രപരമായി പരിഹരിക്കുകയാണ് വേണ്ടത്. എന്നാല്‍, പ്രശ്‌ന പരിഹാരത്തിന് ചൈനയ്ക്ക് താല്‍പര്യമില്ല. അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് മുന്‍പുണ്ടായിരുന്ന അവസ്ഥയിലേക്ക് തിരിച്ചു പോകണമെന്ന് ഇരു രാജ്യങ്ങളിലെയും കമാന്‍ഡര്‍മാരുടെ ഫഌഗ് മീറ്റിങില്‍ ഇന്ത്യ നിര്‍ദേശം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍, ഇതിനു വ്യക്തമായ മറുപടി ചൈനയുടെ ഭാഗത്തു നിന്നു ഇതുവരെയും ലഭിച്ചിട്ടില്ലെന്നും റാവത്ത് പറഞ്ഞു. സംഘര്‍ഷ ബാധിതമായ അതിര്‍ത്തി വിഷയത്തില്‍ ഇനി നയതന്ത്രതലത്തിലൂടെയുള്ള ചര്‍ച്ചയിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയുകയുള്ളു. നിലവിലെ അതിര്‍ത്തി വിഷയത്തില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് പരസ്പര ധാരണ പ്രകാരമുള്ള മാര്‍ഗം കണ്ടെത്തണം. അല്ലെങ്കില്‍ ദോക് ലം പോലുള്ള സംഭവങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുമെന്നും റാവത്ത് മുന്നറിയിപ്പ് നല്‍കി. ചൈന അതിര്‍ത്തിയില്‍ സൈനിക സാന്നിധ്യം അടക്കം തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ സൈന്യത്തോട് ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പാകിസ്താന്‍, മാള്‍ഡീവ്‌സ്, ശ്രീലങ്ക, മ്യാന്മാര്‍ എന്നീ രാജ്യങ്ങളുമായി ചൈന പ്രതിരോധ-സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുകയാണ്. പാക് അധീന കശ്മീരിലെ ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴി രാജ്യത്തിന്റെ പരമാധികാരത്തിന് വെല്ലുവിളിയാണെന്നും റാവത്ത് പറഞ്ഞു.
ദോക്‌ലം ആവര്‍ത്തിച്ചേക്കാം; കരസേനാ മേധാവി
Tags: daklom