തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളക്കിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയെന്ന കാരണത്താല്‍ പ്രേക്ഷകരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍. ദേശീയഗാനം കേള്‍ക്കുന്ന സമയത്ത് അത് തടസപ്പെടുത്താന്‍ ശ്രമിക്കുകയോ ബഹളമുണ്ടാക്കുകയോ ചെയ്താല്‍ മാത്രമേ അനാദരവായി കണക്കാക്കാനാവൂ എന്നും അറസ്റ്റ് ചെയ്ത നടപടി ശരിയല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
വിഷയത്തില്‍ പൊലീസ് സംയമനം പാലിക്കണമായിരുന്നു. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന അഭിപ്രായമാണ് തനിക്കുള്ളത്. ഒരേ ദിവസം പല സിനിമകള്‍ കാണുന്നവര്‍ എല്ലാ ഷോയ്ക്കും എഴുന്നേറ്റ് നില്‍ക്കണമെന്നത് നിര്‍ഭാഗ്യകരമാണ്. ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തതിനെ കുറിച്ച് പരാതി നല്‍കിയത് ചലച്ചിത്ര അക്കാദമിയല്ലെന്നും കമല്‍ വ്യക്തമാക്കി. ചലച്ചിത്രമേളയില്‍ സംഘര്‍ഷമുണ്ടാകാതെ നോക്കേണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ എടുത്തുചാടി ഇടപെടല്‍ ഉണ്ടാകരുതെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും കമല്‍ പറഞ്ഞു.
അതേസമയം രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ അനുസരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും ദേശീയഗാനത്തോട് അനാദരവ് കാട്ടിയതുകൊണ്ടാണ് പൊലീസിന് തിയേറ്ററിനുള്ളില്‍ നിന്ന് ഡെലിഗേറ്റ്‌സിനെ അറസ്റ്റ് ചെയ്യേണ്ടിവന്നതെന്നും മന്ത്രി എ.കെ ബാലന്‍ പറഞ്ഞു.
ചലച്ചിത്രമേളയില്‍ സിനിമ ആരംഭിക്കുന്നതിന് മുമ്പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും ഈ സമയം പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കണമെന്നുമുള്ള സുപ്രീംകോടതി ഉത്തരവ് തിയേറ്ററുകളില്‍ നടപ്പിലാക്കിയെങ്കിലും തിങ്കളാഴ്ച വൈകിട്ട് നടന്ന പ്രദര്‍ശനത്തിനിടെ ദേശീയഗാനത്തോട് അനാദരവ് കാട്ടിയ പതിനൊന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തിയതോടെ ഇന്നലെയും ഐ.എഫ്.എഫ്.കെ വേദിയില്‍ ദേശീയഗാനം വലിയതോതില്‍ ചര്‍ച്ചക്കും പ്രതിഷേധത്തിനും ഇടയാക്കി.
ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തയാറാകാത്തവര്‍ തീയേറ്ററുകളില്‍ പോവേണ്ടതില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ദേശീയഗാനത്തെ എഴുന്നേറ്റ് നിന്ന് ആദരിക്കണമെന്ന് സുപ്രീംകോടതിയാണ് പറഞ്ഞത്. കോടതി വിധി നടപ്പാക്കുക എന്നത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ദേശീയഗാനം പ്രദര്‍ശിപ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കണമെന്ന ഉത്തരവ് എതിര്‍ക്കപ്പെടേണ്ടതാണെന്നും നേരത്തെ തന്നെ ഇതിനെതിരെ പ്രതികരിക്കേണ്ടിയിരുന്നെന്നും വിഖ്യാത സംവിധായകന്‍ ഹെയിലെ ഗെരിമ പറഞ്ഞു.
ദേശീഗാനത്തോട് അനാദരവ് കാട്ടുന്നവരെ കയ്യോടെ പിടികൂടാന്‍ ഡി.ജി.പി കര്‍ശന നിര്‍ദേശം നല്‍കിയതനുസരിച്ച് സിനിമകളുടെ പ്രദര്‍ശനം ആരംഭിക്കുന്നതിന് മുന്‍പ് പൊലീസുകാര്‍ തിയേറ്ററുകളില്‍ നിരീക്ഷണം ഏര്‍പ്പെടുത്തി. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ കണ്ടെത്തി നടപടിയെടുക്കാന്‍ കണ്‍ട്രോള്‍ റൂം എ.സി.പിക്കാണ് ഡി.ജി.പി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.