X

ദുരിതം തീരാന്‍ ഏഴു മാസമെങ്കിലും എടുക്കുമെന്ന് പി ചിദംബരം

ന്യൂഡല്‍ഹി: നോട്ടുമാറ്റല്‍ തീരുമാനം ജനങ്ങള്‍ക്കുണ്ടാക്കിയ ദുരിതം അത്ര വേഗം തീരില്ലെന്ന് മുന്‍ കേന്ദ്ര ധനമന്ത്രി കൂടിയായ പി ചിദംബരം. ഇന്ത്യ ടുഡെ ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചിദംബരം കണക്കുകള്‍ സഹിതം നിലവിലെ പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തിയത്. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാതെയാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചത്.

സമ്പദ് വ്യവസ്ഥയിലും ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും ഉണ്ടാകാവുന്ന പ്രത്യാഘാതത്തെക്കുറിച്ച് സര്‍ക്കാറിന് യാതൊരു മുന്‍ ധാരണയും ഉണ്ടായിരുന്നില്ല.
50 ദിവസം കൊണ്ട് പ്രശ്‌നം തീരുമെന്ന പ്രധാനമന്ത്രിയുടെ വാദം ശരിയല്ല. ഇന്ത്യയില്‍ കറന്‍സി പിന്റുചെയ്യുന്ന പ്രസുകള്‍ക്ക് ഒട്ടേറെ പരിമിതിയുണ്ട്.

ഒരു മാസം പരമാവധി 300 കോടി കറന്‍സികള്‍ മാത്രമേ ഈ പ്രസുകളില്‍ പ്രിന്റു ചെയ്യാന്‍ കഴിയൂ. എന്നാല്‍ സര്‍ക്കാ ര്‍ തീരുമാനം വഴി വിപണിയില്‍നിന്ന് പിന്‍വലിക്കപ്പെടുന്നത് 1000, 500 രൂപയുടെ 2203 കോടി കറന്‍സികളാണ്. പിന്‍വലിക്കുന്നതിന് ആനുപാതികമായ കറന്‍സികള്‍ പ്രിന്റു ചെയ്തു തീരാന്‍ ചുരുങ്ങിയത് ഏഴു മാസമെങ്കിലും എടുക്കും . ബാങ്കുകളും എ. ടി. എമ്മുകളും രാജ്യത്ത് ധാരാളം ഉണ്ടെങ്കിലും ആവശ്യത്തിന് കറന്‍സി പ്രിന്റ് ചെയ്ത് കഴിഞ്ഞാലല്ലാതെ പ്രതിസന്ധി തീരില്ല.

സര്‍ക്കാറിന് ബുദ്ധി ഉപദേശിച്ച സാമ്പത്തിക വിദഗ്ധര്‍ക്ക് ഇപ്പോഴാണ് തിരിച്ചറിവു വന്നത്. പഴയ ഉന്മേഷം അവര്‍ക്കില്ല. സമ്പദ് വ്യവസ്ഥയില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് വരാനിരിക്കുന്നത്. ചെറുകിട, ഇടത്തരം വ്യവസായ മേഖല മാന്ദ്യത്തിലേക്ക് നീങ്ങും. കാര്‍ഷിക മേഖലയിലും തിരിച്ചടിയുണ്ടാകും. സാമ്പത്തിക മാന്ദ്യത്തിന്റെ ദുരിതം ലോകം മുഴുവന്‍ അനുഭവിച്ചതാണെന്നും ചിദംബരം അഭിമുഖത്തില്‍ പറയുന്നു.

chandrika: