തമിഴകത്തെ പിടിച്ചുകുലുക്കിയ വിവാഹമായിരുന്നു ജയലളിതയുടെ ദത്തുപുത്രന്‍ സുധാകരന്റേത്. കോടികള്‍ ചെലവിട്ടു മഹാമേളമായി നടത്തിയ വിവാഹം 1996 തെരഞ്ഞെടുപ്പില്‍ ജയയുടെ തോല്‍വിയിലാണ് കലാശിച്ചത്.
ജയയുടെ തോഴി ശശികലയുടെ സഹോദരി പുത്രനാണ് സുധാകരന്‍. 1995ല്‍ സംസ്ഥാന മുഖ്യമന്ത്രിയായിരിക്കെയാണ് ഏവരെയും അത്ഭുതപ്പെടുത്തി സുധാകരനെ ദത്തെടുക്കുന്നത്. ശിവാജി ഗണേഷന്റെ മകളുമായി സുധാകരന്റെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയായിരുന്നു. അമ്മയുടെ സ്ഥാനത്തിരുന്ന് വിവാഹം നടത്തി നല്‍കുമെന്ന് ജയ പ്രഖ്യാപിക്കുകയായിരുന്നു. രാജ്യം കണ്ട ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നായിരുന്നു ഇത്. ശശികലയും ജയയും ചേര്‍ന്ന് നില്‍ക്കുന്ന ഫോട്ടോ അഴിമതിയുടെ പ്രതിരൂപമാവുകയും ചെയ്തു.
തുടര്‍ന്നും ഇരുവരും തമ്മിലുള്ള ബന്ധം സുഗമമായിരുന്നു. ജയയുടെ പിന്തുടര്‍ച്ചക്കാരനായി സുധാകരനെ പ്രഖാപിക്കുമെന്ന് പലരും കരുതി. എന്നാല്‍ ജയയുടെ സാമ്പത്തിക കാര്യങ്ങളില്‍ സുധാകരന്‍ ഇടപെടാന്‍ തുടങ്ങിയതോടെ ഇരുവരും തമ്മില്‍ അകല്‍ച്ച തുടങ്ങി. ജയയുടെ ഒട്ടേറെ സ്വത്ത് സുധാകരന്‍ തട്ടിയെടുത്തതായി ആരോപണമുയര്‍ന്നു. ഒരു വര്‍ഷത്തിനകം തന്നെ ജയ സുധാകരനെ കൈവിടുകയും ചെയ്തു. പിന്നീടിങ്ങോട്ട് 17 വര്‍ഷം ഇരുവരും പരസ്പരം കണ്ടതു പോലുമില്ല.
സിനിമയിലും രാഷ്ട്രീയത്തിലും വെല്ലുവിളിയായിരുന്ന ശിവാജി ഗണേഷന്‍ വേദിയിലേക്ക് വരുമ്പോള്‍ എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്നത് ഒഴിവാക്കുന്നതിനാണ് ജയ അമ്മ വേഷം കെട്ടിയതെന്ന് സുധാകരന്‍ പിന്നീട് ആരോപിച്ചു. സുധാകരന്റെ അമ്മയാകുക വഴി ശിവാജിയെ മരുമകളുടെ അച്ഛനായി ചെറുതാക്കുകയായിരുന്നുവെന്നും സുധാകരന്‍ ആരോപിച്ചു.
പിന്നീടിങ്ങോട്ട് ഏറെക്കാലം ശത്രുപക്ഷത്തായിരുന്നു ഇരുവരും. 2001ല്‍ ജയ മുഖ്യമന്ത്രിയായിരിക്കെ സുധാകരന്റെ വീട് പൊലീസ് റെയ്ഡു ചെയ്തു. ഒരു പാക്കറ്റ് ഹെറോയിനും ഒരു റിവോള്‍വറും പൊലീസ് കണ്ടെടുത്തു. സുധാകരന്‍ ജയിലിലുമായി. പിന്നീടിങ്ങോട്ട് പരസ്പരം കാണുന്നത് പോലും ഇരുവരും ഒഴിവാക്കി. 2014ല്‍ ഇരുവര്‍ക്കുമെതിരെ ഉയര്‍ന്ന അനധികൃത സ്വത്ത് സമ്പാദന കേസിന്റെ ഹിയറിങിനിടയില്‍ പോലും കാണാന്‍ ഇരുവരും തയ്യാറായില്ല.
ഒടുവില്‍ കഴിഞ്ഞ ഒക്ടോബറില്‍ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയയെ സന്ദര്‍ശിക്കാനെത്തിയ സുധാകരന് പക്ഷെ ശശികല പ്രവേശം നിഷേധിച്ചു.