X

ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു

സിയോള്‍: അഴിമതി ആരോപണത്തില്‍ കുടുങ്ങിയ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പാര്‍ലമെന്റ് ഇംപീച്ച് ചെയ്തു. ദക്ഷിണ കൊറിയയുടെ ചരിത്രത്തില്‍ കാലാവധി പൂര്‍ത്തിയാക്കാതെ പുറത്താക്കപ്പെടുന്ന തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റാണ് പാര്‍ക്ക് ഗ്യൂന്‍ ഹൈ. ദക്ഷിണ കൊറിയയുടെ ആദ്യ വനിതാ പ്രസിഡന്റായിരുന്നു ഗ്യൂന്‍. ഭരണഘടനാ ലംഘനവും അധികാര ദുര്‍വിനിയോഗവുമാണ് ഗ്യൂണിനെതിരെയുള്ള പ്രധാന ആരോപണങ്ങള്‍.

പ്രസിഡന്റിനെതിരായ അഴിമതി ആരോപണം രാജ്യത്ത് വന്‍ പ്രക്ഷോഭത്തിന് ഇടയാക്കിയതോടെ ഗ്യൂന്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇംപീച്ച്‌മെന്റ് ചെയ്യണമെന്ന നിലപാടില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉറച്ചുനിന്നു. ജനപ്രക്ഷോഭം കടുത്തതോടെ ഈംപീച്ച്‌മെന്റ് നടപടികള്‍ വേഗത്തിലായി. ദക്ഷിണ കൊറിയയുടെ നാഷണല്‍ അസംബ്ലിയിലെ വോട്ടെടുപ്പില്‍ പാര്‍ലമെന്റ് ഇംപീച്ച്‌മെന്റ് നടപടി പൂര്‍ത്തിയായി. ഗ്യൂണിന്റെ ഉത്തരവാദിത്തങ്ങളെല്ലാം പാര്‍ലമെന്റ് പ്രധാനമന്ത്രിക്ക് കൈമാറി. എന്നാല്‍ പാര്‍ലമെന്റ് തീരുമാനം അന്തിമമല്ല. ഭരണഘടന കോടതി പാര്‍ലമെന്റ് തീരുമാനം അംഗീകരിക്കുകയാണെങ്കില്‍ മാത്രം പ്രസിഡന്റിന്റെ ഓഫീസ് ഒഴിഞ്ഞാല്‍ മതി. പ്രസിഡന്‍ഷ്യല്‍ ബ്ലൂ ഹൗസില്‍ തുടരാമെങ്കിലും അധികാര വിനിയോഗം സാധ്യമല്ല. രാജ്യത്ത് അസാധാരണമായ രാഷ്ട്രീയ സംഭവ വികാസങ്ങളുണ്ടായതോടെ രാജ്യം ഭരണപ്രതിസന്ധിയിലായി.

ചോയ് സൂന്‍ സില്‍ എന്ന ബാല്യകാല സുഹൃത്തിന് വഴിവിട്ട് സഹായങ്ങള്‍ ചെയ്‌തെന്നും അഴിമതിക്ക് കൂട്ടുനിന്നെന്നുമാണ് ഗ്യൂനിനെതിരെ ഉയര്‍ന്ന ആരോപണം. ഗവണ്‍മെന്റിലുള്ള സ്വാധീനം ഉപയോഗപ്പെടുത്തി ചോയ് സന്നദ്ധ സംഘടനകളുടെ പേരില്‍ വലിയ കമ്പനികളില്‍ നിന്ന് പണം തട്ടിച്ചുവെന്നതാണ് കേസ്. അഴിമതി ആരോപണങ്ങള്‍ തള്ളിയെങ്കിലും ചോയിയുടെ കാര്യത്തില്‍ അശ്രദ്ധ സമീപനം സ്വീകരിച്ചുവെന്നത് ഗ്യൂന്‍ അംഗീകരിച്ചു.

എന്നാല്‍, ഭരണഘടനാ കോടതിയാണ് അവസാന തീരുമാനം കൈക്കൊള്ളുക. പ്രമേയം പാര്‍ലമെന്റ് അംഗീകരിച്ചാലും കോടതിയുടെ തീരുമാനം വരുന്നതു വരെ തുടരുമെന്ന് പ്രസിഡന്റ് വ്യക്തമാക്കിയിരുന്നു. അതിനാല്‍ ഭരണഘടനാ കോടതി വിധി വരാനുള്ള കാത്തിരിപ്പിലാണ് പ്രതിപക്ഷം.

chandrika: