തീയേറ്ററുകളില്‍ മഹാമേളം സൃഷ്ടിച്ച് ആമിര്‍ഖാന്‍ നായകനും നിര്‍മാതാവുമായ ദംഗല്‍ മുന്നേറുന്നു. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനകം 100 കോടി കടന്ന ചിത്രം തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലെ കളക്ഷനിലൂടെ 176 കോടി രൂപയാണ് തിയേറ്ററുകളില്‍ നിന്നും ഇതിനകം വാരിയത്.
മിക്ക പടങ്ങളും ക്രിസ്മസ് സീസണില്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന ആമിറിന് ഇത്തവണയും കണക്കുകൂട്ടലുകള്‍ പിഴച്ചില്ല. ഈ വര്‍ഷം മികച്ച കളക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമെന്ന റെക്കോര്‍ഡാണ് ഇതിനകം ദംഗല്‍ സ്വന്തമാക്കിയത്. എംഎസ് ധോണി: ദ അണ്‍ടോള്‍ഡ് സ്‌റ്റോറിയുടെ 132.85 കോടിയുടെ റെക്കോര്‍ഡാണ് ചിത്രം തിരുത്തിയത്.
എന്നാല്‍ 2016ലെ മെഗാഹിറ്റായ സല്‍മാന്‍ ഖാന്റെ 300.45 കോടിയുടെ റെക്കോര്‍ഡാണ് ഇനി ആമിര്‍ ചിത്രത്തിനു മുന്നിലുള്ളത്. ആദ്യ അഞ്ച് ദിവസം കൊണ്ട് സുല്‍ത്താന്റെ കളക്ഷന്‍ 180.36 കോടി രൂപയായിരുന്നുവെങ്കില്‍ ദംഗല്‍ ഇതുവരെ നേടിയത് 155.53 കോടിരൂപയാണ്. എന്നാല്‍ അടുത്ത ഏതാനും ദിവസങ്ങള്‍ക്കകം സുല്‍ത്താന്റെ ഗ്രോസ് റെക്കോര്‍ഡ് സുല്‍ത്താന്‍ മറികടക്കുമെന്നാണ് തിയേറ്റര്‍ അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നത്.
ആറാം ദിനം ദംഗല്‍ 21.20 കോടി രൂപ കളക്റ്റ് ചെയ്‌തെങ്കില്‍ സുല്‍ത്താന്റേത് 15.54കോടി രൂപയായിരുന്നു. കളക്ഷനിലെ ഈ മുന്നേറ്റം തുടര്‍ന്നാണ് അടുത്ത ഒരാഴ്ച കൊണ്ട് സുല്‍ത്താന്റെ റെക്കോര്‍ഡ് ദംഗലിന് തകര്‍ക്കാനാകും.