ന്യൂഡല്‍ഹി: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി മൗലികമായ മാറ്റത്തിന്റെ ദീപ്തമായ ഉദാഹരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ദരിദ്രരില്‍ ദരിദ്രര്‍ക്ക് അധികാരം കൈമാറുകയും വിശപ്പില്‍ നിന്ന് അവര്‍ക്ക് രക്ഷ നല്‍കുകയും ചെയ്ത പദ്ധതിയാണ് അതെന്നും സോണിയ പറഞ്ഞു. ഇതിനെ കോണ്‍ഗ്രസ്-ബി.ജെ.പി പ്രശ്‌നമാക്കി മാറ്റരുത് എന്നും ജനങ്ങളുടെ സഹായത്തിനായി അതുപയോഗിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.
ദേശീയ മാദ്ധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് സോണിയയുടെ അഭിപ്രായ പ്രകടനം. 2015ല്‍ തൊഴിലുറപ്പ് പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ വലിയ വിമര്‍ശകരായിരന്നു മോദിയും അനുയായികളുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങളുടെ ശബ്ദം കേട്ടിരുന്നു. 2004ല്‍ ഞങ്ങളുടെ പ്രകടന പത്രികയിലെ വാഗ്ദാനമായിരുന്നു അത്. ഞങ്ങള്‍ അതു നടപ്പാക്കി. അധികാരമേറിയ വേളയില്‍ പദ്ധതി ഇല്ലാതാക്കുക പ്രായോഗികമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തിരിച്ചറിഞ്ഞു. എന്നാല്‍ പദ്ധതിയെ ആക്ഷേപിച്ചു. ‘നിങ്ങളുടെ പരാജയത്തിന്റെ ജീവിക്കുന്ന സ്മാരകം’ എന്നാണ് മോദി തൊഴിലുറപ്പ് പദ്ധതിയെ വിശേഷിപ്പിച്ചത്.
വാക്കുകളേക്കാള്‍ പ്രധാനമാണ് പ്രവൃത്തികള്‍. 2020 മെയില്‍ മാത്രം 2.19 കോടി കുടുംബങ്ങളാണ് ആക്ടിലൂടെ തൊഴില്‍ തേടിയത്. എട്ടു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ നിരക്കാണിത്. ലോകത്തിലെ ഏറ്റവും വലിയ തൊഴിലുറപ്പ് പദ്ധതി ദശലക്ഷക്കണക്കിന് ഇന്ത്യയ്ക്കാരെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുക മാത്രമല്ല പഞ്ചായത്തീരാജിനെ തന്നെ മാറ്റി മറിക്കുകയും ചെയ്തു. ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും അതു ശക്തിപ്പെടുത്തി- സോണിയ ചൂണ്ടിക്കാട്ടി.
ലോക്ക്ഡൗണ്‍ മൂലം നഗരങ്ങളില്‍ തൊഴിലാളികള്‍ ഗ്രാമങ്ങളിലേക്ക് കുടിയേറിയ വേളയില്‍ തൊഴിലുറപ്പ് പദ്ധതിയുടെ മൂല്യം കൂടുതല്‍ വ്യക്തവും സ്പഷ്ടവുമാകുകയാണ്. ഈ പ്രതിസന്ധിയുടെ വേളയില്‍ സര്‍ക്കാര്‍ ജനങ്ങളുടെ കൈയില്‍ നേരിട്ട് പണമെത്തിക്കണം- അവര്‍ ആവശ്യപ്പെട്ടു.