ന്യൂഡല്‍ഹി: ഒരു റാങ്ക് ഒരു പെന്‍ഷന്‍ ആവശ്യവുമായി പ്രതിഷേധ സമരം നടത്തുന്ന വിരമിച്ച സൈനികര്‍ അഞ്ചു സംസ്ഥാനങ്ങളിലേക്കു നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചു. ന്യൂഡല്‍ഹിയില്‍ നടത്തിയ സംയുക്ത പത്ര സമ്മേളനത്തില്‍ ഇന്ത്യന്‍ എക്‌സ് സര്‍വീസ്‌മെന്‍ മൂവ്‌മെന്റ് നേതാവ് മേജര്‍ ജനറല്‍ സ്ത്ബീര്‍ സിങാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
തങ്ങളുടെ ആവശ്യത്തിനു വേണ്ടി പോരാടാമെന്ന കോണ്‍ഗ്രസിന്റെ ഉറപ്പ് മുഖവിലക്കെടുത്താണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു. ഒരു റാങ്ക് ഒരു പെന്‍ഷന്‍ ആവശ്യവുമായി ഇന്ത്യന്‍ എക്‌സ് സര്‍വീസ്‌മെന്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 571 ദിവസമായി ജന്തര്‍ മന്ദറില്‍ പ്രതിഷേധ സമരം തുടരുകയാണ്. പഞ്ചാബില്‍ വിരമിച്ച സൈനികരെ തങ്ങളോടൊപ്പം ചേര്‍ക്കുന്നതിനായി പ്രകടന പത്രികയില്‍ സൈനികര്‍ക്കു വേണ്ടി 21 പോയിന്റ് അജണ്ട കോണ്‍ഗ്രസ് ചേര്‍ത്തിട്ടുണ്ട്.