വാഷിംഗ്ടണ്‍: ‘തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് എന്നെ വിജയിയായി പ്രഖ്യാപിക്കൂ’ എന്ന് വിചിത്ര അഭ്യര്‍ത്ഥനയുമായി അമേരിക്കന്‍ പ്രസിഡന്റ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ഡ്രംപ്. മാധ്യമങ്ങള്‍ക്ക് മുന്നിലായിരുന്നു ട്രംപിന്റെ പ്രതികരണം . വാശിയേറിയ യുഎസ് തെരഞ്ഞെടുപ്പിന് രണ്ടാഴ്ച്ച മാത്രം ബാക്കിനില്‍ക്കേയാണ് ട്രംപ് തന്റെ വിചിത്രമായ ആവശ്യം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്.
‘എന്നെപ്പറ്റി ഇപ്പോള്‍ ചിന്തിച്ചുപോവുകയാണ്. നമുക്ക് തെരഞ്ഞെടുപ്പ് വേണ്ടെന്നുവെച്ച് വിജയം ട്രംപിന് നല്‍കാം’. ഒഹൈയ്യോവില്‍ നടന്ന റാലിക്കിടെ ട്രംപ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റന്റെ പോളിസികള്‍ മോശമാണെന്നും രാജ്യം ഭരിക്കുന്നതിനുള്ള ആരോഗ്യം ഹിലരിക്കില്ലെന്നും ട്രംപ് ആരോപിച്ചു. തന്റെ തെരഞ്ഞെടുപ്പ് പ്രചരണങ്ങളെ മാധ്യമങ്ങള്‍ മുക്കിക്കളയുന്നതായും ട്രംപ് ആരോപിച്ചു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ഇരുവരും തമ്മിലുള്ള വാദങ്ങളും പ്രതിവാദങ്ങളും നിറഞ്ഞ മത്സരം വാശിയേറിയ പോരാട്ടമാകുകയാണ്. ഡെമോക്രാറ്റിക്ക് സ്ഥാനാര്‍ത്ഥിയായ ഹിലരിക്കാണ് പുറത്തു വന്ന സര്‍വെ ഫലമനുസരിച്ച് ജനപിന്തുണ കൂടുതലുള്ളത്. യുവജനങ്ങളും കറുത്തവര്‍ഗ്ഗക്കാരും ഹിലരിയോടൊപ്പം നില്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പുതിയ വോട്ടര്‍മാരുടെ പിന്തുണ ആര്‍ക്ക് ലഭിക്കും എന്നതിനെപ്പറ്റി ഇരു ക്യാമ്പുകളിലും ആശങ്ക പരന്നിട്ടുണ്ട്. ഇതിനിടെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കായി ഹിലരി ചെലവഴിച്ച തുകയുടെ കണക്കുകള്‍ പുറത്തുവന്നു. ഈ മാസത്തിലെ ആദ്യ 19 ദിവസം കൊണ്ട് ഹിലരിയുടെ പ്രചരണവിഭാഗം പൊടിച്ചത് പത്ത് കോടിയോളം ഡോളറാണ്. കഴിഞ്ഞ കുറച്ച് ആഴ്ച്ചകളായി 153 ദശലക്ഷം ഡോളറാണ് പൊടിച്ചത്.