X

തുര്‍ക്കി വനിതാ മന്ത്രിയെ നെതര്‍ലാന്‍ഡ്‌സ് നാടുകടത്തി

ആംസ്റ്റര്‍ഡാം: ഹിതപരിശോധനയുടെ പ്രചാരണ പ്രവര്‍ത്തനങ്ങളുമായി എത്തുന്ന മന്ത്രിമാര്‍ക്ക് പ്രവേശനം നിഷേധിക്കുന്നതിനെ ചൊല്ലി തുര്‍ക്കിയും നെതര്‍ലാന്‍ഡ്‌സും തമ്മിലുള്ള തര്‍ക്കം കൂടുതല്‍ രൂക്ഷമായി. ശനിയാഴ്ച റോഡ് മാര്‍ഗം റോട്ടര്‍ഡാമിലെത്തിയ തുര്‍ക്കി കുടുംബക്ഷേമ മന്ത്രി ഫാത്തിമ ബതൂല്‍ സയാന്‍ കായയെ ഡച്ച് പൊലീസ് തടഞ്ഞു. റോട്ടര്‍ഡാമിലെ തുര്‍ക്കി കോണ്‍സുലേറ്റിലേക്ക് കടക്കാന്‍ അനുവദിക്കാതെ മന്ത്രിയെ ജര്‍മന്‍ അതിര്‍ത്തിയിലേക്ക് നാടുകടത്തി. കായ പിന്നീട് ഇസ്തംബൂളിലേക്ക് മടങ്ങി.

പ്രസിഡന്റിന്റെ അധികാരങ്ങള്‍ വിപുലപ്പെടുത്തുന്നതു സംബന്ധിച്ച ഹിതപരിശോധനക്ക് പ്രവാസികളുടെ പിന്തുണ ഉറപ്പാക്കാനാണ് മന്ത്രി റോട്ടര്‍ഡാമിലെത്തിയത്. കായയെ തടഞ്ഞത് റോട്ടര്‍ഡാമിലെ തുര്‍ക്കി കോണ്‍സുലേറ്റിനു സമീപം സംഘര്‍ഷത്തിന് കാരണമായി. കോണ്‍സുലേറ്റിന് പുറത്ത് തടിച്ചുകൂടിയ ആയിരക്കണക്കിന് പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ജലപീരങ്കി പ്രയോഗിച്ചു.
നേരത്തെ തുര്‍ക്കി വിദേശകാര്യ മന്ത്രി മെവ്‌ലൂത് കാവുസോഗ്ലുവിന്റെ വിമാനത്തിന് നെതര്‍ലാന്‍ഡ്‌സ് പ്രവേശനം നിഷേധിച്ചിരുന്നു. പ്രചാരണ റാലിയെ അഭിസംബോധന ചെയ്യാന്‍ ഫ്രാന്‍സിലെ മെറ്റ്‌സിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. തന്നെ തടഞ്ഞുവെച്ച ഡച്ച് പൊലീസ് നടപടിയെ മന്ത്രി കായ അപലപിച്ചു. സ്ത്രീയെന്ന നിലയില്‍ തന്നോടുള്ള പൊലീസ് പെരുമാറ്റത്തെ അംഗീകരിക്കാനാവില്ലെന്ന് അവര്‍ പറഞ്ഞു. ഇത്തരത്തിലുള്ള ഫാസിസ്റ്റ് നടപടിക്കെതിരെ ലോകം പ്രതികരിക്കണമെന്നും കായ ആവശ്യപ്പെട്ടു. നെതര്‍ലാന്‍ഡ്‌സിനെതിരെ തുര്‍ക്കിയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇസ്തംബൂളിലെ ഡച്ച് കോണ്‍സുലേറ്റ് പ്രതിഷേധക്കാര്‍ വളഞ്ഞു. കോണ്‍സുലേറ്റിലെ ഡച്ച് പതാക എടുത്തുമാറ്റി തുര്‍ക്കി പതാക സ്ഥാപിച്ചു. പ്രചാരണ റാലികള്‍ക്ക് അനുമതി നിഷേധിച്ച ഡച്ച് നടപടിയെ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. നാസി അവശിഷ്ടങ്ങളും ഫാസിസ്റ്റുകളുമാണ് ഡച്ച് ഭരണകൂടമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. റാലികളെ ചൊല്ലിയുള്ള വാക്കുതര്‍ക്കം തുര്‍ക്കിക്കും നെതര്‍ലാന്‍ഡ്‌സിനുമിടക്ക് വലിയൊരു നയതന്ത്ര പ്രതിസന്ധിയായി വളര്‍ന്നിരിക്കുകയാണ്.
മന്ത്രിയെ അപമാനിച്ചതിന് ശക്തമായ രീതിയില്‍ തന്നെ മറുപടി നല്‍കുമെന്ന് തുര്‍ക്കി പ്രധാനമന്ത്രി ബിന്‍അലി യില്‍ദിരിം വ്യക്തമാക്കി. ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുമെല്ലാം പറയുന്ന ഞങ്ങളുടെ യൂറോപ്യന്‍ സുഹൃത്തുക്കള്‍ ഒരിക്കല്‍ കൂടി തങ്ങള്‍ ആ വര്‍ഗത്തില്‍ പെട്ടവരല്ലെന്ന് തെളിയിച്ചിരിക്കുകയാണ്. തുര്‍ക്കിയുടെ യഥാര്‍ത്ഥ സുഹൃത്തുക്കള്‍ ആരാണെന്നും സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നതായി യില്‍ദിരിം പറഞ്ഞു.

chandrika: