X

തുര്‍ക്കിയില്‍ ഇനി ഉര്‍ദുഗാന്റെ ഹിതം

ഇസ്തംബൂള്‍: ഇസ്തംബൂള്‍: പ്രസിഡണ്ടിന്റെ അധികാരം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തുര്‍ക്കിയിലെ ഹിത പരിശോധനയില്‍ പസിഡണ്ട് റജബ് ത്വയ്യിബ് ഉര്‍ദുഗാന് വിജയം. 55 ശതമാനം പേര്‍ ഹിതപരിശോധനയെ അനുകൂലിച്ചു വോട്ടു ചെയ്തു. ഇതോടെ, 2029 വരെ തുര്‍ക്കിയുടെ പ്രസിസണ്ട് പദത്തിലിരിക്കാന്‍ ഉര്‍ദുഗാന് വഴി തെളിഞ്ഞു. മന്ത്രിമാര്‍, വൈസ് പ്രസിഡന്റുമാര്‍, ഉത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുടെ നിയമനം, ഭരണഘടനാ കോടതിയില്‍ പകുതി അംഗങ്ങളുടെ നിയമനം തുടങ്ങി സുപ്രധാനമായ നിരവധി വിഷയങ്ങളില്‍ പ്രസിഡണ്ടിന് നിര്‍ണായക അധികാരങ്ങള്‍ ലഭിക്കും.
നേരത്തെ, അഭിപ്രായ സര്‍വേകളും അനൗദ്യോഗിക ഫലങ്ങളും തുര്‍ക്കി ഭരണകൂടത്തിന്റെ ഭരണഘടനാ ഭേദഗതിക്ക് അനുകൂലമായിരുന്നു. രാവിലെ ഏഴുമണിക്ക് തുടങ്ങിയ വോട്ടെടുപ്പില്‍ ജനങ്ങള്‍ ആവേശപൂര്‍വമാണ് പങ്കെടുത്തത്.
തെക്കുകിഴക്കന്‍ തുര്‍ക്കിയിലെ ദിയാര്‍ബാകിറില്‍ ഒരു പോളിങ് സ്‌റ്റേഷനില്‍ വെടിവെപ്പുണ്ടായതായും രണ്ടുപേര്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.
ഭരണഘടന ഭേദഗതിയിലൂടെ ഉര്‍ദുഗാന് വിപുലമായ അധികാരങ്ങള്‍ ലഭിക്കും. പാര്‍ലമെന്റ് പിരിച്ചുവിടാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനും ഭരണപരമായ ഉത്തരവുകള്‍ പുറപ്പെടുവിക്കാനും പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും. പാര്‍ലമെന്ററി ജനാധിപത്യത്തില്‍നിന്ന് പ്രസിഡന്‍ഷ്യല്‍ രീതിയിലേക്ക് തുര്‍ക്കി മാറുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. ജനാധിപത്യ സംവിധാനങ്ങളെ തകര്‍ത്ത് ഭരണം വ്യക്തികേന്ദ്രീകൃതമാകുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. 2016 ജൂലൈയില്‍ 300 പേര്‍ കൊല്ലപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിനുശേഷം തുര്‍ക്കിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
മുന്‍ പട്ടാള ജനറല്‍മാരും മറ്റും അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചേക്കുമെന്ന ഭയവും ഭരണഘടന ഭേദഗതി ചെയ്യാന്‍ ഉര്‍ദുഗാനെ പ്രേരിപ്പിക്കുന്നുണ്ട്. ഭരണഘടന ഭേദഗതിയോടും ഹിതപരിശോധനയോടും യൂറോപ്യന്‍ യൂണിയനും തുര്‍ക്കിയുടെ സുഹൃദ് രാജ്യങ്ങളായ പാശ്ചാത്യ ശക്തികള്‍ക്കും എതിര്‍പ്പുണ്ട്. ഹിതപരിശോധനയുടെ പ്രചാരണ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍നിന്ന് മന്ത്രിമാരെ വിലക്കിയതിനെ തുടര്‍ന്ന് തുര്‍ക്കിയും ചില യൂറോപ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്. നെതര്‍ലാന്‍ഡ്‌സ് തുര്‍ക്കി മന്ത്രിയെ രാജ്യത്തുനിന്ന് പുറത്താക്കിയിരുന്നു.

chandrika: