X

തുര്‍ക്കിയിലെ സിറിയന്‍ കുടിയേറ്റക്കാരുടെ എണ്ണം പെരുകി

അങ്കാറ: തുര്‍ക്കിയില്‍ എത്തുന്ന സിറിയന്‍ അഭയാര്‍ത്ഥികളുടെ എണ്ണം പെരുകുന്നു. സിറിയയിലെ യുദ്ധാന്തരീക്ഷവും ആഭ്യന്തര പ്രശ്‌നങ്ങളുമാണ് കുടിയേറ്റക്കാരുടെ എണ്ണം പെരുകാന്‍ കാരണം. ഈ മാസം ആദ്യവാരം വരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ 27,83,617 പേരാണ് (2.8 മില്യണ്‍) രാജ്യത്തുള്ളത്. സിറിയയില്‍ 2011ല്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തോടെയാണ് ജനങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തത്. ബഷര്‍ ഉല്‍-അസാദ് ഭരണത്തില്‍ പൊട്ടിത്തെറിയുണ്ടാകുകയും വിമതര്‍ രംഗത്തുവരികയുമായിരുന്നു. രാജ്യം യുദ്ധസമാനമായതോടെ ജനങ്ങള്‍ പലായനം ആരംഭിച്ചു. സിറിയയില്‍ നിന്നുള്ള അഭയാര്‍ത്ഥികള്‍ ഏറെയും താമസിക്കുന്നത് തുര്‍ക്കിയില്‍ തന്നെയാണ്.

ഓരോ ദിവസവും കുടിയേറ്റ ജനതയുടെ എണ്ണം പെരുകുകയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. ആഭ്യന്തര യുദ്ധം തുടങ്ങി രണ്ട് വര്‍ഷം പിന്നിട്ടപ്പോഴേക്കും തുര്‍ക്കിയില്‍ എത്തിയ കുടിയേറ്റക്കാരുടെ എണ്ണം 1519285 ആയി ഉയര്‍ന്നു. 2015ല്‍ 2503549 പേരാണ് തുര്‍ക്കിയിലേക്ക് കുടിയേറിയത്. ഏകദേശം 2,60,000 സിറിയക്കാര്‍ തുര്‍ക്കിയിലെ കിഴക്കന്‍ പ്രവിശ്യകളിലായി കഴിയുന്നുണ്ട്. പത്തോളം താല്‍ക്കാലിക അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു. മറ്റുള്ളവര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായും തമ്പടിച്ചിരിക്കുകയാണ്. ഇസ്താംബൂളിലാണ് ഏറ്റവും കൂടുതല്‍ അഭയാര്‍ത്ഥികള്‍ പാര്‍ക്കുന്നത്. 4,16690 പേര്‍ അതായത്, നഗരത്തിലെ ജനസംഖ്യയുടെ 2.84 ശതമാനത്തോളം വരുന്നു.

അഭയാര്‍ത്ഥികളില്‍ കുട്ടികളുടെ എണ്ണവും കുറവല്ല. 1.3 മില്യണ്‍ കുട്ടികളാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. എല്ലാവരും തന്നെ 18 വയസില്‍ താഴെയുള്ള കുട്ടികളാണെന്നു തുര്‍ക്കിയിലെ ആഭ്യന്തര വിഭാഗം വ്യക്തമാക്കി. തുര്‍ക്കിയില്‍ കഴിയുന്ന അഭയാര്‍ത്ഥികളെ രാജ്യം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങളും രാജ്യം നല്‍കി വരുന്നു.

chandrika: