X

തുടങ്ങാം കാല്‍പ്പന്ത് മാമാങ്കം

 

ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ വിപ്ലവത്തിന് തുടക്കമിട്ട ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ നാലാം പതിപ്പിന് ഇന്ന് കൊച്ചിയുടെ കളിത്തട്ടില്‍ കിക്കോഫ്. അണ്ടര്‍-17 ലോകകപ്പിന്റെ ആരവങ്ങള്‍ നിലയ്ക്കും മുമ്പേ വിരുന്നെത്തുന്ന സൂപ്പര്‍ ലീഗിനെ വരവേല്‍ക്കാന്‍ കൊച്ചി പൂര്‍ണ സജ്ജം. രാത്രി എട്ടിന് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ കിക്കോഫ്. പോയ സീസണിലെ ഫൈനലിസ്റ്റുകളായ കേരള ബ്ലാസ്റ്റേഴ്‌സിനെ നേരിടുന്നത് നിലവിലെ ചാമ്പ്യന്‍മാരായ അംറ ടീം കൊല്‍ക്കത്തയെ (എ.ടി.കെ). കിക്കോഫിന് മുമ്പ് വര്‍ണാഭമായ ചടങ്ങുകള്‍ക്കും കൊച്ചി സാക്ഷ്യം വഹിക്കും. അരമണിക്കൂറോളം നീളുന്ന ആഘോഷ പരിപാടികള്‍ക്ക് ബോളിവുഡ് താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫുമാണ് നേതൃത്വം നല്‍കുക.
കഴിഞ്ഞ വര്‍ഷം ഇതേ വേദിയില്‍ വച്ചായിരുന്നു പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ച് കൊല്‍ക്കത്ത രണ്ടാം കിരീടമുയര്‍ത്തിയത്. പോയ സീസണില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടിലെ ഏക തോല്‍വിയും ഇതായിരുന്നു. പരിക്കേറ്റ് നാട്ടിലേക്ക് മടങ്ങിയതിനാല്‍ സ്റ്റാര്‍ സ്‌ട്രൈക്കര്‍ റോബി കീന്‍ ഇന്ന് കൊല്‍ക്കത്ത നിരയിലുണ്ടാവില്ല. അതേസമയം പരിക്കിന്റെ പിടിയിലായിരുന്ന ബ്ലാസ്റ്റേഴ്‌സിന്റെ സ്റ്റാര്‍ ഡിഫന്റര്‍ വെസ് ബ്രൗണ്‍ ഇന്ന് കളത്തിലിറങ്ങുമെന്ന് കോച്ച് റെനെ മ്യുലെന്‍സ്റ്റീന്‍ വ്യക്തമാക്കി. ഇന്ത്യന്‍ ക്യാമ്പിലുണ്ടായിരുന്ന സന്ദേശ് ജിങ്കനും ജാക്കിചന്ദ് സിങും ഇന്നലെ ടീമിനൊപ്പം ചേര്‍ന്നു. കണക്കുകള്‍ ഏറെയുണ്ട് ഇന്ന് ബ്ലാസ്റ്റേഴ്‌സിന് തീര്‍ക്കാന്‍. കിരീടത്തിലേക്കുള്ള അവസാന വഴിയില്‍ രണ്ടു തവണയും കൊല്‍ക്കത്തയായിരുന്നു ബ്ലാസ്റ്റേഴ്‌സിന് മുന്നില്‍ വില്ലനായത്. മൂന്നു സീസണുകളിലായി ആകെ എട്ടു വട്ടം മുഖാമുഖം വന്നതില്‍ ബ്ലാസ്റ്റേഴ്‌സിന് ജയിക്കാനായത് ഒരേയൊരു തവണ മാത്രം. ആദ്യ സീസണില്‍ ആ വിജയത്തിന് വഴിയൊരുക്കിയ ഇയാന്‍ ഹ്യൂം ഇത്തവണ ബ്ലാസ്റ്റേഴ്‌സിനൊപ്പമാണ്. ഗോളടിയിലടക്കം എല്ലാ കണക്കിലും ബ്ലാസ്റ്റേഴ്‌സിനേക്കാള്‍ ഏറെ മുന്നിലാണ് കൊല്‍ക്കത്ത. പക്ഷേ ഇതൊന്നും പുതിയ സീസണിലെ മത്സരങ്ങളെ ബാധിക്കില്ലെന്ന് മ്യുലെന്‍സ്റ്റീന്‍ പറയുന്നു. കഴിഞ്ഞതൊക്കെ കഴിഞ്ഞു, അതിനെ കുറിച്ച് ആലോചിക്കുന്നില്ല. പുതിയ സീസണാണിത്, ഇരുടീമുകളിലും മാറ്റമുണ്ട്. ഇന്ന് ജയിച്ചു തുടങ്ങാനാണ് ആഗ്രഹം-മ്യുലെന്‍സ്റ്റീന്റെ വാക്കുകള്‍.
മികച്ച ടീമാണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റേത്. പരിചയ സമ്പത്തും യുവത്വവും സമ്മേളിക്കുന്ന ടീമില്‍ എല്ലാ പൊസിഷനിലും കളിക്കാന്‍ മികവുള്ള താരങ്ങളുണ്ട്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ അലക്‌സ് ഫെര്‍ഗൂസനൊപ്പം പ്രവര്‍ത്തിച്ച റെനെ മ്യുലെന്‍സ്റ്റീനാണ് പുതിയ ടീമിന്റെ അമരക്കാരന്‍. ലീഗിലെ തന്നെ താരപ്പകിട്ടില്‍ മുമ്പിലുള്ള ബള്‍ഗേറിയന്‍ സ്‌ട്രൈക്കര്‍ ദിമിതര്‍ ബെര്‍ബറ്റോവാണ് ടീമിന്റെ തുറുപ്പുചീട്ട്. ലീഗിലെ ടോപ് സ്‌കോററായ ഇയാന്‍ ഹ്യൂം ബെര്‍ബറ്റോവിനൊപ്പം ചേരുമ്പോള്‍ ടീമിന്റെ ആക്രമണത്തിന് മൂര്‍ച്ച കൂട്ടും. മുന്‍ മാഞ്ചസ്റ്റര്‍ ഡിഫന്റര്‍ വെസ് ബ്രൗണാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധത്തെ നയിക്കുക. അനുഭവ സമ്പന്നനായ ബ്രൗണിന്റെ സാനിധ്യത്തില്‍ സന്ദേശ് ജിങ്കനും റിനോ ആന്റോക്കും വിങുകളില്‍ സ്വാതന്ത്ര്യത്തോടെ പന്തു തട്ടാനാവും. സെര്‍ബിയന്‍ താരം നെമന്‍ജ ലാകിക് പെസിക്കും ബ്രൗണിനൊപ്പം സെന്റര്‍ മിഡ്ഫീല്‍ഡിലുണ്ടാവും. സ്ലോവേനിയന്‍ ക്ലബ്ബില്‍നിന്നു റാഞ്ചിയ ഘാന യുവതാരം കറേജ് പെക്കൂസണനാണ് മധ്യനിരയിലെ പ്രധാനി. വിങറായും സ്‌െ്രെടക്കറായും ഉപയോഗപ്പെടുത്താവുന്ന സി.കെ. വിനീതും ജാക്കിചന്ദ് സിങും ബ്ലാസ്‌റ്റേഴ്‌സിന്റെ ബലമാണ്. അരാത്ത ഇസൂമി, ജാക്കിചന്ദ് സിങ്, അജിത് ശിവന്‍ തുടങ്ങിയവരാണ് മധ്യനിരയിലെ മറ്റു താരങ്ങള്‍. ഇംഗ്ലീഷ് താരം പോള്‍ റെച്ചുബ്കയായിരിക്കും ടീമിന്റെ ഒന്നാം നമ്പര്‍ ഗോളി. കൂടുതല്‍ വിദേശ താരങ്ങളെ പൊസിഷനില്‍ പരിഗണിച്ചാല്‍ സുഭാശിഷ് റോയ് ചൗധരിക്കോ സന്ദീപ് നന്ദിക്കോ കാവലാളാവാന്‍ അവസരമുണ്ടാവും. മല്‍സരം രാത്രി 7-50 മുതസ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് രണ്ടിലും ഏഷ്യാനെറ്റ് മൂവിസിലും.

റോബി കീനില്ലാതെ കൊല്‍ക്കത്ത
രണ്ടു വട്ടം ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയില്‍ ഇത്തവണ അടിമുടി മാറ്റമാണ്. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത എന്ന പേരിലായിരുന്നു കഴിഞ്ഞ മൂന്നു സീസണിലും ടീം കളിച്ചത്. ലാലീഗ ടീമായ അതല്റ്റിക്കോ മാഡ്രിഡുമായുള്ള ബന്ധം അവസാനിപ്പിച്ചതോടെ കൊല്‍ക്കത്ത എ.ടി.കെ എന്ന ചുരുക്ക പേര് നിലനിര്‍ത്തി എന്റെ ടീം കൊല്‍ക്കത്ത എന്ന അര്‍ഥമുള്ള അംറ ടീം കൊല്‍ക്കത്ത എന്ന പുതിയ പേരു സ്വീകരിച്ചു.
ദുബൈയിലായിരുന്നു മുന്നൊരുക്കം. ഇവിടെ കളിച്ച മൂന്നു മത്സരങ്ങളിലും വിജയം നേടാനായത് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. മുന്‍ ഇംഗ്ലീഷ് താരം ടെഡ്ഡി ഷെറിങ്ഹാമാണ് കൊല്‍ക്കത്തയെ ഇത്തവണ പരിശീലിപ്പിക്കുന്നത്. ഐറിഷ് സ്‌ട്രൈക്കര്‍ റോബി കീനിന്റെ അഭാവത്തില്‍ സ്പാനിഷ് താരം ജോര്‍ദി മൊണ്ടേല്‍ ആയിരിക്കും ഇന്ന് ടീമിനെ നയിക്കുക. പരിക്കുള്ളതിനാല്‍ മിഡ്ഫീല്‍ഡര്‍ കാള്‍ ബേക്കറും ഇന്ന് കളിക്കാന്‍ സാധ്യതയില്ല. യൂജിന്‍സണ്‍ ലിങ്‌ദോ, റോബിന്‍ സിങ്, ജയേഷ് റാണെ, പ്രബീര്‍ ദാസ്, ദേബ്ജിത് മജുംദാര്‍, കീഗന്‍ പെരേര എന്നിവര്‍ ടീമിലെ ഇന്ത്യന്‍ കരുത്തരായുണ്ട്. കഴിഞ്ഞ രണ്ടു സീസണിലും ടീമിന്റെ ടോപ് സ്‌കോററായ ഇയാന്‍ ഹ്യൂമിനെ ബ്ലാസ്റ്റേഴ്‌സ് റാഞ്ചിയത് ടീമിന് ക്ഷീണമാവും. പ്രീമിയര്‍ ലീഗ് താരം ജെസി ജാസ്‌കെലൈനന്‍, തോം തോര്‍പ്പ് എന്നിവരാണ് മറ്റു വിദേശ കരുത്ത്. റോബി കീനിന് പകരം പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ സെക്വീഞ്ഞ ആദ്യ ഇലവനില്‍ കളിച്ചേക്കും.

chandrika: