X

തിരിഞ്ഞുനടക്കുന്ന ഇന്ത്യ

ലോക ജനാധിപത്യത്തിന്റെ നെറുകെയില്‍ തലയെടുപ്പോടെ നിന്നിരുന്ന ഒരു ജനത സ്വാതന്ത്ര്യത്തിന്റെ എഴുപതാം വാര്‍ഷിക ദിനത്തില്‍ ഗതകാലത്തെ വര്‍ഗീയ കലാപങ്ങളിലേക്കും പൗരാവകാശനിഷേധങ്ങളിലേക്കും സാമ്പത്തിക അരാജകത്വത്തിലേക്കും തിരിഞ്ഞു നടക്കുകയാണോ? അഹിംസാസിദ്ധാന്തത്തിന് പുകള്‍പെറ്റ മഹാത്മാവിന്റെ രാജ്യത്ത്, പറയുന്ന വാക്കുകള്‍ക്കും എഴുതുന്ന വരികള്‍ക്കും പ്രദര്‍ശിപ്പിക്കുന്ന കലാ സാംസ്‌കാരികതകള്‍ക്കും കഴിക്കുന്ന ആഹാരത്തിനും എന്തിന് സ്വന്തം പേരിനു പോലും സ്വജീവന്‍ വിലയായി അടിയറവെക്കേണ്ടിവരുന്ന കാലം. തെരുവുകളില്‍ തലക്കടിയേറ്റു മരിച്ചുവീഴുന്നവന്റെ ദീനരോദനങ്ങള്‍. മൃതശരീരവുമായി കാതങ്ങള്‍ നടന്നുതാണ്ടുന്നവരുടെയും കാളയ്ക്കുപകരം കലപ്പവലിക്കുന്ന പെണ്‍കുരുന്നുകളുടെയും പ്രാണവായുകിട്ടാതെ പിടഞ്ഞുമരിക്കുന്ന കുരുന്നുകളുടെയും ഇന്ത്യ. രാജ്യവും അധികാരവും ചിലരുടെ മാത്രം കുത്തകയാകുന്ന കലികാലത്ത് ഇവയെല്ലാം സ്വാഭാവികം.
രാജ്യസ്‌നേഹത്തിന് സര്‍ട്ടിഫിക്കറ്റ് കിട്ടണമെങ്കില്‍ സ്വാതന്ത്ര്യദിനാഘോഷം നടത്തി അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അധികാരികള്‍ക്ക് അയച്ചുകൊടുക്കേണ്ടതിനെപ്പറ്റി ഉത്കണ്ഠാകുലരാണ് രാജ്യത്തെ സാദാപൗരന്മാര്‍. അതേസമയം, സ്വാതന്ത്ര്യസമരനാളുകളില്‍ രാജ്യത്തെ ഒറ്റുകൊടുത്തവര്‍ ഇന്ന് അതേനാടിന്റെ അത്യുന്നത അധികാര സോപാനങ്ങളില്‍ ചമ്രമിരുന്ന് മൃഷ്ടാന്നം വിഴുങ്ങുന്നു. ഇതിനെ പോസ്റ്റ്ട്രൂത്ത് അഥവാ സത്യാനന്തര കാലമെന്ന് വിളിച്ച് ന്യായീകരിച്ചാലും തീരില്ല ശരാശരി ഇന്ത്യക്കാരന്റെ മൗനനൊമ്പരങ്ങള്‍. ഇരുപത്തഞ്ചു ശതമാനം വരുന്ന ദലിതുകളെയും പതിനാറു ശതമാനം വരുന്ന ഇതര ന്യൂനപക്ഷ സമുദായാംഗങ്ങളെയും എണ്ണമറ്റ ഗോത്ര സാംസ്‌കാരികതകളെയും ഒത്തൊരുമിപ്പിച്ച് അതിനുവേണ്ടി ജീവന്‍ ത്യജിച്ച മഹാത്മാവിനെ കൊന്നു കൊലവിളിച്ചവര്‍ക്കരികെ, അത്യുത്തരമായ ഒരു ഭരണഘടനയും ഭരണകൂടവും ഭരണീയരും ഉണ്ടാകാന്‍ യത്‌നിച്ചവരുടെ യാതനകളെ നമുക്ക് ഇപ്പോള്‍ സ്മരിക്കാം. മിശ്രവ്യവസ്ഥയിലൂടെയും വന്‍കിട വ്യവസായശാലകളിലൂടെയും പടിപടിയായി രാജ്യത്തെ പട്ടിണിയകറ്റിക്കൊണ്ടുവന്ന ഏഴു പതിറ്റാണ്ടിനെ സ്വകാര്യവത്കരണമെന്ന പേനാക്കത്തികൊണ്ട് ചിത്രവധത്തിന് പരിശ്രമിക്കുകയാണ് സമകാലിക ഭരണസ്ഥര്‍.
അടിയന്തിരാവസ്ഥയുടെ കരാള നാളുകളൊഴിച്ചുനിര്‍ത്തിയാല്‍, ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് 2014വരെയും കാര്യമായ പൗരാവകാശ നിഷേധങ്ങളൊന്നുമുണ്ടായില്ലെങ്കിലും ഇന്ന് കാര്യങ്ങളെല്ലാം തകിടം മറിയുകയാണ്. സാമൂഹിക രംഗത്തുമാത്രമല്ല, സാമ്പത്തിക രംഗത്തും ബി.ജെ.പി സര്‍ക്കാര്‍ ആന കയറിയ കരിമ്പിന്‍ തോട്ടമാക്കിയിരിക്കുകയാണ് നാടിനെ. നവഉദാരവത്കരണ-സ്വകാര്യവത്കരണനയത്തിന്റെ പേരില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി അധികാരത്തിലേറിയ അമ്പത്തഞ്ചിഞ്ച് നെഞ്ച് ചായക്കട ഫെയിം ഡല്‍ഹിയില്‍ അധികാരം പിടിച്ചതുമുതലാണ് രാജ്യം ഇക്കൊടിയ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്നത്. സ്വന്തമായി സാമ്പത്തിക നയമൊന്നുമില്ലാത്ത മോദിയും നാഗ്പൂരിലെ തീട്ടൂരം കാത്തിരിക്കുന്ന പാര്‍ട്ടി നേതാവ് അമിത്ഷായും ഏകാധിപതികളെപോലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നു. തൊഴില്‍ നിയമങ്ങള്‍ അട്ടിമറിക്കുന്നു. ലോകത്തെ ഏറ്റവുംവലിയ യുവജന സമൂഹം തൊഴിലിനുവേണ്ടി നെട്ടോട്ടമോടുന്നു. വിദേശ നിക്ഷേപവും ഉത്പാദനവും കുറയുമ്പോള്‍ ഇറക്കുമതിയിലും മെയ്ക്ക് ഇന്‍ ഇന്ത്യാ, ഡിജിറ്റല്‍ ഇന്ത്യ പോലുള്ള മിഥ്യാമുദ്രാവാക്യങ്ങളിലും ആശ്വസിക്കുന്ന ഭരണക്കാര്‍. വരുമാനം ഇരട്ടിയാക്കുമെന്ന് പറഞ്ഞ അറുപതു ശതമാനം വരുന്ന കാര്‍ഷിക മേഖലയില്‍ എല്ലുമുറിയെ പണിയെടുക്കുന്ന കര്‍ഷകരെ മറിച്ചൊന്ന് മിണ്ടിയാല്‍ നടുറോഡില്‍ കൂളായി വെടിവെച്ചിടാം. കോര്‍പറേറ്റ് ഭീമന്മാര്‍ക്കുവേണ്ടി രണ്ടുലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയ മോദി സര്‍ക്കാര്‍ സാധാരണക്കാരുടെ പാചകവാതകത്തിന്റെ വില തോന്നിയപോലെ കൂട്ടാന്‍ പെട്രോളിയം കച്ചവടക്കാര്‍ക്ക് അനുമതികൊടുക്കുന്നതും ഫാസിസ കാലമല്ലാതെന്ത്.
1990കളില്‍ തരിച്ചുനിന്ന 6.5 മൊത്ത ആഭ്യന്തര ഉത്പാദനം ഡോ. മന്‍മോഹന്‍സിങിന്റെ കാലത്ത് എട്ട് കടന്നെങ്കിലും അതിനെ വീണ്ടും ആറിലേക്ക് തിരിച്ചുകൊണ്ടുവന്നതാണ് മോദിയുടെ നേട്ടം. ആരോഗ്യ, വിദ്യാഭ്യാസം തുടങ്ങിയ പൊതുമേഖലയില്‍ സര്‍ക്കാര്‍നിക്ഷേപം പടിപടിയായി കുറഞ്ഞുവരുമ്പോള്‍ സര്‍ക്കാര്‍ ആസ്പത്രികളില്‍ പ്രാണവായുവിന് പണമില്ലാതെ പിഞ്ചുകുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ചുവീഴുന്നു. എയര്‍ ഇന്ത്യയും അഭിമാനമായിരുന്നൊരു കാലത്തുനിന്ന് സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതുന്നു. ഇതിലൂടെ ഭരണക്കാരിലേക്ക് ഒഴുകുന്നത് ശതകോടികള്‍. ഇവിടെയാണ് ജനശ്രദ്ധ തിരിക്കാന്‍ പശുവിനെ അഴിച്ചുവിട്ടും വീട്ടിലേക്ക് തിരിച്ചുവിളിച്ചും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആക്രോശിക്കുന്നതും രാമക്ഷേത്രത്തിനും കലാപത്തിനുമായി ചാട്ടുളി മിനുക്കുന്നതും. മുസഫര്‍നഗറും സഹരന്‍പൂരുമൊക്കെ ഇവര്‍ക്ക് വെറും ആയുധങ്ങള്‍. രാഷ്ട്രപതി, ഉപരാഷ്ട്രപതി ഭവനുകളില്‍നിന്ന് ഇനി അഹിതസ്വരം ഉയരുകയുമില്ല. യോഗയും വന്ദേമാതരവും കൊണ്ട് കാലംകഴിക്കാം. സാമ്പത്തികമായ ആശയ പൊള്ളത്തരത്തിനപ്പുറം വ്യക്തമായ ഫാസിസ കാര്യപരിപാടിയാണിതെന്ന് തിരിച്ചറിയാന്‍ പാഴൂര്‍പടിപ്പുര പോകേണ്ട ആവശ്യമില്ല. ഇവിടെ ആസൂത്രണ കമ്മീഷന്‍ പിരിച്ചുവിട്ടതും റിസര്‍വ് ബാങ്ക്, സെന്‍സര്‍ബോര്‍ഡ് തലവന്മാര്‍ രാജിവെച്ചുപോകുന്നതും സ്വാഭാവികം. സാംസ്‌കാരിക അധികാരസ്ഥാനങ്ങളില്‍വരെ ഹിന്ദുത്വവാദികളുടെ വാഴ്ച. നൂറ്റമ്പതുലക്ഷം കോടി രൂപയുടെ ജി.ഡി.പിയില്‍ വെറും നാനൂറു കോടി കള്ളപ്പണത്തെകാട്ടി ഒരു രാത്രികൊണ്ട് പൊടുന്നനെ വലിയ നോട്ടുകള്‍ നിരോധിച്ച് ജനങ്ങളെ പാപ്പരാക്കിയ പ്രധാനമന്ത്രി ഇതിനുള്ള ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നു പറഞ്ഞെങ്കിലും ആറു മാസംപിന്നിട്ടിട്ടും പുതിയ നോട്ടിന് പകരം തിരിച്ചുവന്ന പണത്തിന്റെ കണക്ക് വെളിപ്പെടുത്താതെ വിദേശങ്ങളില്‍ പട്ടിണിപ്പാവങ്ങളുടെ പണംകൊണ്ട് ചെണ്ടകൊട്ടി നടക്കുന്നു. ലക്ഷങ്ങളുടെ ഓവര്‍കോട്ടുകളും വെള്ളക്കാരുടെ ഹാന്‍ഡ്‌ഷെയ്ക്കും ചാടിയിറങ്ങുന്നതുമാണ് ഒരു രാഷ്ട്രനേതാവിന്റെ മുഖമുദ്രയെന്നുവരുമ്പോള്‍ രാജ്യം അരാജകത്വത്തിലേക്ക് പോകുക സ്വാഭാവികം. കള്ളപ്പണത്തിന്റെ ഊതിപ്പെരുപ്പിച്ച കണക്കുകളും സാങ്കല്‍പിക പൊതുശത്രുവിനെതിരെ പാവപ്പെട്ടവരെ തിരിച്ചുവിടുകയും ചെയ്യുന്നതുമൂലം ലഭിക്കുന്നതാണ് രാഷ്ട്രപതി മുതലുള്ള സിംഹാസനങ്ങളെന്ന തിരിച്ചറിവിലാണ് ഭരണനേതൃത്വം.
രാജ്യത്താദ്യമായി പ്രതിപക്ഷത്തെ ഉന്നതനേതാവിനെ കല്ലെറിഞ്ഞ് കൊല്ലാന്‍ശ്രമിച്ചതും ദേശീയപാര്‍ട്ടിയുടെ കാര്യാലയത്തിലേക്ക് പട്ടാപ്പകല്‍ ഭരണക്കാര്‍കടന്നുകയറി മര്‍ദിക്കുന്നതുമെല്ലാം ഇതിന്റെഭാഗം തന്നെ. എല്ലാവരെയും എല്ലാകാലത്തേക്കും പറ്റിക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിയുന്ന കാലത്ത് ഈ ഭരണക്കാര്‍ മാളങ്ങളിലൊളിക്കുക തന്നെചെയ്യും. അതിനുള്ള ആര്‍ജവമാണ് ഇന്ത്യന്‍ ജനതയില്‍നിന്ന് കാലഘട്ടം പ്രതീക്ഷിക്കുന്നതും ആവശ്യപ്പെടുന്നതും.

chandrika: