മോസ്‌കോ: അഫ്ഗാനിസ്താനില്‍ ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) ഭീകരര്‍ക്കെതിരെ താലിബാനെ ആയുധമാക്കാന്‍ റഷ്യ, ചൈന, പാകിസ്താന്‍ അച്ചുതുണ്ടിന്റെ തീരുമാനം. അഫ്ഗാനില്‍ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ മൂന്ന് രാജ്യങ്ങളും റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ യോഗം ചേര്‍ന്നു. സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് യു.എന്‍ കരിമ്പട്ടികയില്‍നിന്ന് ചില അഫ്ഗാന്‍കാരെ ഒഴിവാക്കണമെന്ന് യോഗത്തിനുശേഷം പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന ആവശ്യപ്പെട്ടു.
അടുത്ത തവണ അഫ്ഗാനിസ്താനെയും ഗ്രൂപ്പില്‍ ഉള്‍പ്പെടുത്തുമെന്ന് അവര്‍ അറിയിച്ചു. ഇറാനെക്കൂടി അച്ചുതണ്ടിന്റെ ഭാഗമാക്കാന്‍ നേരത്തെ തന്നെ നീക്കം തുടങ്ങിയിട്ടുണ്ട്. മേഖലയിലെ പ്രമുഖ രാജ്യമായ ഇന്ത്യയെ മാറ്റിനിര്‍ത്തി നടത്തുന്ന പുതിയ കൂട്ടുകെട്ട് റഷ്യ-ഇന്ത്യ ബന്ധത്തില്‍ വിള്ളല്‍വീഴ്ത്തിയേക്കുമെന്ന് നയതന്ത്ര വിദഗ്ധര്‍ മുന്നറിയിപ്പുനല്‍കുന്നു. ഇരുരാജ്യങ്ങളും അടുത്തിടെ 10 ദശലക്ഷം ഡോളറിന്റെ പ്രതിരോധ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്.
യു.എന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ റഷ്യയും ചൈനയും താലിബാന്‍ നേതാക്കളെ കരിമ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ നടത്തുന്ന ശ്രമങ്ങളെ അമേരിക്ക തടയുമോ എന്ന് വ്യക്തമല്ല. യു.എസ് മൗനം പാലിച്ചാല്‍ പല താലിബാന്‍ നേതാക്കളും അന്തരാഷ്ട്ര വിലക്കുകളില്‍നിന്ന് മുക്തരാകും. പ്രസിഡന്റ് അഷ്‌റഫ് ഗനിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അബ്ദുല്ല അബ്ദുല്ലയും തമ്മിലുള്ള തൊഴുത്തില്‍കുത്ത് അഫ്ഗാനെ കടുത്ത രാഷ്ട്രീയ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. കൂടാതെ താലിബാന്‍ ആക്രമണം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.