X

തരുണ്‍ തേജ്പാലിനെതിരെ ബലാത്സംഗക്കുറ്റം ചുമത്തി

പനാജി: പീഡനക്കേസില്‍ തെഹല്‍ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിനെതിരെ ഗോവ കോടതി കുറ്റം ചുമത്തി. ബലാത്സംഗം, ലൈംഗിക പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയിട്ടുള്ളത്. കുറ്റം ചുമത്തുന്നത് ഒരുമാസത്തേക്ക് നീട്ടിവയ്ക്കണമെന്നും കോടതിയില്‍ ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നുമുള്ള തരുണിന്റെ അപേക്ഷ കോടതി തള്ളി. ലൈംഗികമായി പീഡിപ്പിച്ചെന്ന സഹപ്രവര്‍ത്തകയുടെ പരാതിയില്‍ നാലു വര്‍ഷം മുമ്പാണ് തരുണ്‍ അറസ്റ്റിലായത്. ഗോവയില്‍ തെഹല്‍ക്ക സംഘടിപ്പിച്ച തിങ്ക്‌ഫെസ്റ്റ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കവെ ഹോട്ടലിലെ ലിഫ്റ്റിനുള്ളില്‍ തരുണ്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു സഹപ്രവര്‍ത്തകയുടെ പരാതി. സംഭവത്തെ തുടര്‍ന്ന് തെഹല്‍ക്കയിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് യുവതി പരാതി നല്‍കി. തുടര്‍ന്ന് തെഹല്‍ക്കയുടെ അന്നത്തെ മാനേജിങ് എഡിറ്റര്‍ ഷോമ ചൗധരിയും തേജ്പാലും പരാതിക്കാരിയും തമ്മില്‍ നടത്തിയ ഇ-മെയില്‍ സന്ദേശങ്ങള്‍ ചോരുകയും ചെയ്തിരുന്നു. 2013 നവംബര്‍ 30നാണ് തരുണ്‍ അറസ്റ്റിലാകുന്നത്. ആരോപണങ്ങള്‍ തെറ്റാണെന്നും രാഷ്ട്രീയ പകപോക്കലാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് തരുണ്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. യുവതിയെ രണ്ടുവട്ടം തരുണ്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നും ഇതിനാവശ്യമായ തെളിവുകള്‍ കണ്ടെത്തിയതായും ഗോവ അതിവേഗ കോടതിയില്‍ സമര്‍പ്പിച്ച 2684 ചാര്‍ജ്ഷീറ്റില്‍ പൊലീസ് വ്യക്തമാക്കി. എന്നാല്‍ ഗോവയിലെ ബി.ജെ.പി സര്‍ക്കാരിന്റെ പകപോക്കലാണ് കേസിനു പിന്നിലെന്നാണ് തരുണ്‍ തേജ്പാലിന്റെ വാദം. കേസ് നവംബര്‍ 21 ന് വീണ്ടും പരിഗണിക്കും.

chandrika: