കൊച്ചി: ബി.സി.സി.ഐയുടെ ആജീവനാന്ത വിലക്ക് നേരിടുന്ന ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഡിവിഷന്‍ ലീഗില്‍ കളിക്കാന്‍ മോഹം. നാലു വര്‍ഷത്തെ ഇടവേളക്ക് ശേഷം 19ന് തുടങ്ങുന്ന എറണാകുളം ജില്ല ഒന്നാം ഡിവിഷന്‍ ലീഗില്‍ കളിക്കാനായി വീണ്ടും ക്രീസിലെത്തുമെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. എന്നാല്‍ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ശ്രീശാന്തിന്റെ ആഗ്രഹം നടക്കാന്‍ സാധ്യതയില്ല. നാലു വര്‍ഷത്തിനു ശേഷം ഞാന്‍ എന്റെ ആദ്യ ലീഗ് മത്സരം കളിക്കുന്ന കാര്യം സന്തോഷത്തോടെ നിങ്ങളെ അറിയിക്കുകയാണെന്നും ഇനിയും കാത്തിരിക്കാന്‍ വയ്യെന്നായിരുന്നു ശ്രീശാന്തിന്റെ ട്വീറ്റ്.
14ന് രാത്രി ഒമ്പത് മണിക്ക് കുറിച്ച ട്വീറ്റില്‍ ഐ.സി.സി, ബി.സി.സി.ഐ അക്കൗണ്ടുകളും താരം മെന്‍ഷന്‍ ചെയ്തിട്ടുണ്ട്. ശ്രീശാന്തിന് ആശംസകളറിയിച്ച് നിരവധി പേര്‍ ഇത് റീട്വീറ്റ് ചെയ്തു. അതേസമയം ശ്രീശാന്ത് ടീമില്‍ കളിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും എന്നാല്‍ ക്രിക്കറ്റ് അസോസിയേഷന്റെ അനുമതിയില്ലാതെ താരത്തിന് കളിക്കാനാവില്ലെന്നും എറണാകുളം ക്രിക്കറ്റ് ക്ലബ്ബ് സെക്രട്ടറി സതീശ് വാര്യര്‍ പറഞ്ഞു.
ശ്രീശാന്ത് കളിക്കുന്ന കാര്യത്തിലും വിലക്കിന്റെ കാര്യത്തിലും കെ.സി.എക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്ന് കെ.സി.എ വൃത്തങ്ങളും അറിയിച്ചു. കെ.സി.എയുടെ കീഴിലുള്ള ജില്ലാ ക്രിക്കറ്റ് അസോസിയേഷനാണ് ലീഗ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. അതിനാല്‍ ബി.സി.സി.ഐ വിലക്കുള്ള താരത്തിന് ഡിവിഷണല്‍ ലീഗില്‍ പോലും കളിക്കാനാവില്ല. ശ്രീശാന്ത് കളിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചാല്‍ ഇക്കാര്യം ബി.സി.സി.ഐയെ അറിയിച്ച് ഉചിതമായ തീരുമാനം കൈകൊള്ളുമെന്നും കെ.സി.എ വൃത്തങ്ങള്‍ പറഞ്ഞു.
നേരത്തേ സ്‌കോട്ടിഷ് ലീഗില്‍ കളിക്കാന്‍ ക്ഷണം ലഭിച്ചെങ്കിലും ബി.സി.സി.ഐ താരത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്ന് തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് ബിസിസിഐയോട് ട്വിറ്ററിലൂടെ ശ്രീശാന്ത് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാനുള്ള ശ്രീശാന്തിന്റെ ആഗ്രഹത്തെ കെ.സി.എ മുന്‍ പ്രസിഡന്റ് ടി.സി മാത്യു അടക്കമുള്ളവര്‍ പിന്തുണക്കുന്നുണ്ട്. ബിസിസിഐയുടെ ഇടക്കാല ഭരണത്തലവന്‍ വിനോദ് റായിക്ക് ഇതുസംബന്ധിച്ച് കത്ത് അയയ്ക്കാന്‍ ടി.സി.മാത്യു ശ്രീശാന്തിനോട് നിര്‍ദേശിച്ചിരുന്നു. 2013ല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒത്തുകളിച്ചെന്ന് ആരോപിച്ചാണ് ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയത്.